എന്തു കൊണ്ടാണ് ഡെൽറ്റ പ്ലസ് അപകടകാരി?

എന്തു കൊണ്ടാണ് ഡെൽറ്റ പ്ലസ് അപകടകാരി?
Published on
Summary

ഇന്‍ഫോക്ലിനിക് പ്രതിനിധികളായ ഡോ. അഞ്ജിത് ഉണ്ണിയും ഷമീര്‍ വി.കെയും എഴുതിയത്‌

വൈറസുകളിൽ ഇടക്കിടെ ജനിതക മാറ്റങ്ങൾ സംഭവിക്കാറുണ്ട്. അവയിൽ മിക്കവയും നമ്മുടെ പ്രതിരോധ ശക്തിക്ക് കീഴ്പ്പെടുത്താവുന്ന അപ്രധാനമായ മാറ്റങ്ങൾ ആയി ഒതുങ്ങാറാണ് പതിവ്. എന്നാൽ ചില വേളകളിൽ രോഗം പടർത്തുവാനുള്ള ശേഷിയിലും രോഗതീക്ഷ്ണതയിലും മുൻപ് ഉണ്ടായിരുന്നതിലും തീവ്രഭാവം ഉളവാക്കാവുന്ന വ്യതിയാനങ്ങൾ ഉണ്ടാവാം.ഇത് കൂടാതെ രോഗ പ്രതിരോധശേഷി നേടുവാൻ കാരണമാകുന്നു എന്ന് കരുതുന്ന, വാക്‌സിൻ സ്വീകരിച്ചവരിലും രോഗം വന്നു പോയവരിലും രോഗം ഉണ്ടാക്കാൻ ഉള്ള കഴിവും ആർജിക്കാം. ഈ രീതിയിലെല്ലാം രോഗത്തിന്റെ സ്വഭാവത്തിൽ നിർണായകമായ ജനിതക വ്യതിയാനങ്ങളോടെ ആവിർഭവിക്കുന്നവയാണ് വേരിയന്റ്.

ഒരു ഉദാഹരണം പറയാമോ?

ഉദാഹരണത്തിന് ജനിതക വ്യതിയാനത്തിന്റെ ഫലമായി വൈറസിന്റെ ആവരണത്തിന്റെ ഭാഗമായ സ്പൈക്ക് പ്രോട്ടീനിൽ ഉണ്ടാകാവുന്ന ചില മാറ്റങ്ങൾ കോശങ്ങളുമായി മികച്ച രീതിയിൽ ബന്ധിപ്പിക്കാൻ വൈറസിനെ അനുവദിച്ചേക്കാം. അങ്ങനെ അവയുടെ രോഗം പരത്താൻ ഉള്ള ശേഷി കൂടുന്നു.അതു പോലെ വൈറസ് അതിന്റെ ആവരണം ഭേദിച്ചു അതിന്റെ ജനിതക പദാർത്ഥം കോശങ്ങളിലേക്ക് കടത്തുവാൻ ഉള്ള ശേഷി വർധിക്കുന്നതിന് ഇടയാക്കുന്ന വ്യതിയാനങ്ങൾ. ഇങ്ങനെ പ്രധാനമായ വ്യത്യാസങ്ങൾ ഇത് മൂലം ഉണ്ടാകാം

പ്രാധാന്യം അർഹിക്കുന്ന ജനിതക മാറ്റം വന്ന വൈറസുകളെ വേരിയന്റ് ഓഫ് ഇന്ററസ്റ്റ്, വേരിയന്റ് ഓഫ് കൺസേൺ എന്നിങ്ങനെയാണ് വിളിക്കുന്നത്.

വേരിയന്റ് ഓഫ് ഇന്ററസ്റ്റ്:

പ്രത്യേക ജനിതക വ്യതിയാനം വന്ന വൈറസ് കാരണം സമൂഹ വ്യാപനം ഉണ്ടാകുക, ഇത്തരം വൈറസ് ഒരു പ്രത്യേക ഭൂപ്രദേശത്തു ഒന്നിച്ചു കുറേ പേരിൽ രോഗം ഉണ്ടാക്കുക, അല്ലെങ്കിൽ ഒന്നിച്ചു കുറേ രാജ്യങ്ങളിൽ ഇത്തരം വ്യതിയാനം വന്ന വൈറസുകൾ കണ്ടെത്തുക. ഈ മൂന്നു കാര്യങ്ങളിൽ ഒന്ന് ഉണ്ടെങ്കിൽ ആ വൈറസിനെ വാരിയന്റ് ഓഫ് ഇന്ററസ്റ്റ് എന്നു വിളിക്കുന്നു.

വേരിയന്റ് ഓഫ് കൺസേർൺ:

ജനിതക മാറ്റം വന്ന വൈറസ് നിലവിൽ ഉള്ള വൈറസ്സിനേക്കാൾ വ്യാപന ശേഷി കൈ വരിക്കുക, കൂടുതൽ തീവ്രമായ രോഗം ഉണ്ടാക്കുക അല്ലെങ്കിൽ നിലവിലുള്ള വൈറസിനെതിരെ ഉള്ള വാക്‌സിനോ മറ്റു ചികിത്സാ രീതികൾക്കോ പ്രതികരിക്കാതിരിക്കുക തുടങ്ങിയവയിൽ ഏതെങ്കിലും ഒന്നുണ്ടെങ്കിൽ ആ വ്യതിയാനം വാരിയന്റ് ഓഫ് കൺസേർൺ ആകുന്നു.

എന്താണ് ഡെൽറ്റാ വേരിയന്റ്?

ഇന്ത്യയിലെ രണ്ടാം തരംഗത്തിൽ ഏറ്റവും തീവ്രമായ രീതിയിൽ രോഗം പടർത്തിയ വേരിയന്റ് ആണിത്. (B. 1.617.2)വൈറസിനെ കോശങ്ങളുമായി ബന്ധപ്പെട്ട് രോഗം ഉണ്ടാക്കുവാനും രോഗ പ്രതിരോധത്തിന്റെ ഭാഗമായി ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളിൽ നിന്നു രക്ഷപ്പെടാനും സഹായിച്ചേക്കാവുന്ന വ്യതിയാനങ്ങളും അവയെ അപകടരം ആക്കുന്നതായി കണ്ടെത്തിയിരുന്നു.

പിന്നെ എന്തിനാണ് ഇപ്പോൾ പ്ലസ് കൂട്ടി പറയുന്നത് ? പുതിയ ഫോൺ ഇറങ്ങുമ്പോൾ പ്ലസ്, പ്രോ എന്നൊക്കെ പറയും പോലെ!?

ഡെൽറ്റ വേരിയന്റ് പരിണമിച്ച് നേരത്തെ സൂചിപ്പിച്ച, മനുഷ്യ കോശങ്ങളിൽ പ്രവേശിക്കാൻ സഹായിക്കുന്ന spike protein-ൽ മാറ്റങ്ങളുമായി ആവിർഭവിച്ചതാണ് delta plus, (K417.N mutation). ഡെൽറ്റയുമായി അടുത്ത ബന്ധം ഉള്ളത് കൊണ്ടാണ് ഇതിനെ delta പോലെ മറ്റൊരു ഗ്രീക്ക് അക്ഷരം ഉപയോഗിച്ച് നാമകരണം ചെയ്യാതെ ഡെൽറ്റ പ്ലസ് എന്ന് വിളിക്കുന്നത്.

എവിടെയാണ് ഇത് കണ്ടെത്തിയത്,ഇപ്പോൾ എന്താണ് അവസ്ഥ ?

ജൂണിൽ ഇന്ത്യയിലെ COVID രോഗികളിൽ മ്യൂട്ടന്റ് വൈറസ് ഉണ്ടെന്ന് കണ്ടെത്തി. കേരളം ഉൾപ്പെടെയുള്ള പന്ത്രണ്ടു സംസ്ഥാനങ്ങളിൽ നിന്നായി അമ്പതിൽ പരം കേസുകൾ ആണ് ഇത് വരെ ഇന്ത്യയിൽ കണ്ടെത്തി കഴിഞ്ഞത്. US, UK ഉൾപ്പെടെ പന്ത്രണ്ടു രാജ്യങ്ങളിൽ ഇതിന്റെ സാന്നിധ്യം ഇതിനോടകം കണ്ടെത്തി കഴിഞ്ഞു.

എന്തു കൊണ്ടാണ് ഡെൽറ്റ പ്ലസ് അപകടകാരിയായി കണക്കാക്കപ്പെടുന്നത്?

ഉയർന്ന വ്യാപന ശേഷി, കോശങ്ങളിൽ കൂടുതൽ അനായാസം പ്രവേശിക്കാനുള്ള ശേഷി (പ്രത്യേകിച്ച് ശ്വാസകോശത്തിലേ റീസെപ്റ്ററുകളിൽ ശക്തമായി ഒട്ടുവാൻ ഉള്ള കഴിവ്), പ്രതിരോധ ശേഷിയെ മറികടക്കാനുള്ള സാധ്യത എന്നിവയാണ് അവയെ അപകടകാരികൾ ആക്കുന്നത്. അടുത്ത രോഗ തരംഗത്തിനു ഇത് വഴി വെക്കുമോ എന്നും വാക്‌സിനേഷൻ എടുത്തവർക്കും രോഗ ബാധ ഉണ്ടാക്കാൻ ഇത് കാരണം ആകുമോ എന്നും ഭയം ഉണ്ട്.

എന്നാൽ ഇപ്പോൾ ലഭ്യമായ പരിമിതമായ ഡാറ്റ പ്രകാരം ഡെൽറ്റ പ്ലസ് നെ കുറിച് അമിതമായ ആശങ്ക അവശ്യമില്ല എന്ന് മാത്രമേ പറയുവാൻ കഴിയൂ. ഒരു വേരിയന്റും കേസുകളിലെ വർധനവിനും തീവ്രതക്കും തമ്മിൽ ബന്ധം സ്ഥാപിക്കാൻ വൈറസുകളുടെ ജനിതക പഠനവും (genomic sequencing) കൃത്യമായ സമ്പർക്ക പഠനങ്ങളും പിഴവില്ലാത്ത സർവയലൻസും ആവശ്യമായി വരും.

വാക്‌സിൻ ഇവയ്ക്ക് ഫലപ്രദമോ?

പൂർണമായി വാക്‌സിനേഷൻ എടുത്തവർക്ക് ഡെൽറ്റ പ്ലസ് വേരിയന്റ് രോഗബാധയുണ്ടാവാൻ സാധ്യത കുറവാണ് എന്ന് തന്നെയാണ് പഠനങ്ങൾ പറയുന്നത്. കൃത്യമായി ഇതിനെതിരെ ഓരോ വാക്സിനും നൽകുന്ന സംരക്ഷണം പഠനങ്ങളിൽ പുറത്തു വരുന്നുണ്ട്. ആശാവഹമായ കണക്കുകൾ തന്നെയാണിത്.

ഡെൽറ്റ വേരിയന്റ് സംബന്ധിച്ച് പുറത്തുവന്ന ഒരു പഠനത്തിൽ പറയുന്നത് ആസ്ട്രസെനക്ക, ഫൈസർ എന്നീ വാക്സിനുകൾ ഒറ്റ ഡോസ് മാത്രം എടുത്താൽ 33% ഫലപ്രദമാകും എന്നും രണ്ട് ഡോസ് സ്വീകരിച്ചാൽ ആസ്ട്രസെനക്ക 60% ന് മുകളിൽ എഫക്ടീവ് ആണെന്നും ഫൈസർ 88% എഫക്ടീവ് ആണെന്നുമാണ്. കോവാക്സിനും ഡെൽറ്റ വേരിയന്റിന് എതിരെ പ്രയോജനപ്പെടുമെന്ന് അറിയിപ്പ് വന്നിരുന്നു.

നാമെന്ത് ചെയ്യണം?

വൈറസ് പടരുന്നത് തടയാൻ സാധ്യമായതെല്ലാം ചെയ്യുക എന്നതാണ് പരമ പ്രധാനം. പടരാൻ അനുവദിക്കും തോറും വൈറസിന് ജനിതക വ്യതിയാനം ഉണ്ടാവാനുള്ള സാധ്യതയും കൂടും. അതിവേഗം വാക്സിനുകൾ ജനങ്ങളിൽ എത്തിക്കുക എന്നത് പ്രധാനമാണ്.

മാസ്‌ക് ഉപയോഗം, ശാരീരിക അകലം, അടഞ്ഞ ഇടങ്ങളിലെ ആൾകൂട്ട നിയന്ത്രണം എന്നിങ്ങനെയുള്ള അടിസ്ഥാനതത്വങ്ങൾ പാലിച്ചാൽ ഡെൽറ്റ പ്ലസ് അടങ്ങും.

എഴുതിയത്: Dr. Anjit Unni & Dr. Shameer V. K.

Related Stories

No stories found.
logo
The Cue
www.thecue.in