ഇന്ത്യയിലെ ഈ രണ്ടാം തരംഗത്തിൽ ഏറ്റവും തീവ്രമായ രീതിയിൽ രോഗം പടർത്തുന്നത് B.1.617 എന്ന് നാമകരണം ചെയ്യപ്പെട്ട വേരിയന്റ് ആണ്. ഇന്‍ഫോക്ലിനിക് പ്രതിനിധികള്‍ ഡോ.ഷമീര്‍ വി.കെയും ഡോ. അന്‍ജിത് ഉണ്ണിയും എഴുതുന്നു
2021 ഫെബ്രുവരി പകുതി മുതൽ, ദൈനംദിന കൊറോണ കേസുകളുടെ എണ്ണം മുൻ വർഷത്തിലെ ഏത് ഘട്ടത്തിലും ഉണ്ടായിരുന്നതിനേക്കാൾ കുത്തനെ ഉയരുന്ന പ്രവണതയാണ് ഭാരതത്തിൽ കാണുന്നത് . ഒരു രണ്ടാം തരംഗത്തിന്റെ ക്ലാസിക് മാതൃകയിൽ ഇന്ത്യയിലുടനീളം രോഗബാധിതരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നു.
ഇപ്രകാരം രോഗികളുടെ എണ്ണം ഉയരാൻ തുടങ്ങിയത് എന്തുകൊണ്ടായിരിക്കും?
ശ്രദ്ധക്കുറവും മുൻകരുതൽ എടുക്കുന്നതിലെ വീഴ്ചയും ഇതിൽ ഒരു പങ്കുവഹിച്ചു എന്നത് മനസ്സിലാക്കാൻ പ്രയാസം ഇല്ല. ദീർഘ കാലം നീണ്ടു നിൽക്കുന്ന നിയന്ത്രണങ്ങളോട് സ്വാഭാവികമായും ഉരുത്തിരിയുന്ന നിസ്സംഗത ,ഉത്സവങ്ങൾ, ആൾക്കൂട്ടങ്ങൾ എന്നിവയുടെ തിരിച്ചു വരവ്, നിയന്ത്രണങ്ങൾ ഒന്നുമില്ലാതിരുന്ന തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ എല്ലാം ഇതിനു കാരണമാണ്. വൈറസിന്റെ പുതിയ വകഭേദങ്ങൾ (വേരിയന്റ്) ആവിർഭവിക്കുന്നത് ആവണം മറ്റൊരു പ്രധാന കാരണം.
എന്താണ് വൈറസ് വേരിയന്റ്?
അടിസ്ഥാന ജീവവസ്തുവായ ന്യൂക്ലിക് ആസിഡ് (DNA അല്ലെങ്കിൽ RNA ) ഒരു പ്രോട്ടീൻ പൊതിയിൽ പൊതിഞ്ഞ അതിസൂക്ഷ്മ രൂപങ്ങളാണ് വൈറസുകൾ. കോശത്തിൽ പ്രവേശിക്കുക , ശരീരത്തിന്റെ പ്രതിരോധ ശക്തിക്ക് അവയെ കീഴ്പ്പെടുത്താനായില്ലെങ്കിൽ കോശങ്ങളുമായി സമ്മേളിക്കുക, വിഭജിക്കുക, കൂടുതൽ കോപ്പികൾ പരത്തുക എന്ന ജീവിത ചക്രം പുരോഗമിക്കുമ്പോൾ വൈറസുകളിൽ അടിക്കടി ഇത്തരം ജനിതക മാറ്റങ്ങൾ സംഭവിക്കാറുണ്ട്. അവയിൽ മിക്കവയും നമ്മുടെ പ്രതിരോധ ശക്തിക്ക് കീഴ്പ്പെടുത്താവുന്ന അപ്രധാനമായ മാറ്റങ്ങൾ ആയി ഒതുങ്ങാറാണ് പതിവ്.
എന്നാൽ ചില വേളകളിൽ രോഗം പടർത്തുവാനുള്ള ശേഷിയിലും രോഗതീക്ഷ്ണതയിലും മുൻപ് ഉണ്ടായിരുന്നതിലും തീവ്രഭാവം ഉളവാക്കാവുന്ന വ്യതിയാനങ്ങൾ ഉണ്ടാവാം. ഉദാഹരണത്തിന് വൈറസിന്റെ ആവരണത്തിന്റെ ഭാഗമായ സ്പൈക്ക് പ്രോട്ടീന്റെ ചില മാറ്റങ്ങൾ കോശങ്ങളുമായി മികച്ച രീതിയിൽ ബന്ധിപ്പിക്കാൻ വൈറസിനെ അനുവദിച്ചേക്കാം. ഒരു വ്യക്തി അത്തരം മാറ്റമുള്ള വൈറസുമായി സമ്പർക്കത്തിൽ വരുമ്പോൾ അണുബാധയുണ്ടാകാനുള്ള സാധ്യത വർദ്ധിക്കുന്നു.
ചില കോവിഡ് വകഭേദങ്ങൾ ഇന്ത്യയിലെ ചില പ്രദേശങ്ങളിലും തിരിച്ചറിയപെട്ടിട്ടുണ്ട്. അതിൽ B.1.36 എന്ന് വിളിക്കപ്പെടുന്ന വകഭേദം ബെംഗളൂരുവിൽ പരീക്ഷിച്ച കേസുകളിൽ നല്ലൊരു ശതമാനം ഉണ്ടായിരുന്നു
ഏതെല്ലാം ആണ് ഇതു വരെ കോവിഡിൽ ഉണ്ടായ പ്രധാന വ്യതിയാനങ്ങൾ?
യു കെ വേരിയന്റ്, സൗത് ആഫ്രിക്ക വേരിയന്റ്, ബ്രസീൽ വേരിയന്റ് എന്നിങ്ങനെ രാജ്യങ്ങളുടെ പേരിൽ അറിയപ്പെടുന്ന കോവിഡ് വൈറസുകൾ കേട്ടു കാണും. ഓർക്കാൻ എളുപ്പമെങ്കിലും ഒരു ഭൂപ്രദേശത്തിന്റെ പേരിൽ ഇങ്ങനെ വിളിക്കുന്നതിലെ ശരികേട് കൂടി കണക്കിലെടുത്തു ശാസ്ത്രീയമായി ഇവയെ യഥാക്രമം B.1.1.7, B.1.351, P 1 വകഭേദങ്ങൾ എന്ന് വിളിക്കുന്നു.
2020 ന് ഒടുവിൽ ഇംഗ്ലണ്ടിൽ തിരിച്ചറിഞ്ഞ യു കെ വേരിയന്റിൽ വൈറസിന്റെ ആവരണത്തിലെ സ്പൈക് പ്രോട്ടീനിലാണ് വ്യതിയാനം സംഭവിച്ചിരുന്നത്. ഇതു വൈറസിനെ മനുഷ്യകോശങ്ങളിൽ എളുപ്പം പ്രവേശിക്കാൻ സഹായിക്കുന്നതായി കരുതപ്പെടുന്നു.70 ൽ പരം രാജ്യങ്ങളിൽ ഇവയുടെ സാന്നിധ്യം പിന്നീട് കണ്ടെത്തി. ദക്ഷിണ ആഫ്രിക്കയിലെ ജനിതക പഠനങ്ങളിൽ കണ്ടെത്തിയ വേരിയന്റാണ് സൗത് ആഫ്രിക്ക വേരിയന്റ്. യു കെ വേരിയന്റിന് സമാനമായ വ്യതിയാനം കൂടാതെ വൈറസുകളെ നിർവീര്യമാകുന്ന ആന്റിബോഡികളിൽ നിന്നു രക്ഷ നൽകുന്ന കുറച്ചു കൂടി ഗൗരവമാർന്ന വ്യതിയാനങ്ങൾ ഇവയിലുണ്ട് എന്ന് കരുതപെടുന്നു. ജപ്പാനിൽ യാത്ര ചെയ്തിരുന്ന ബ്രസീലിയൻ യാത്രികരിൽ ആണ് ബ്രസീലിയൻ വേരിയന്റ് ആദ്യം കണ്ടത്.
ചില കോവിഡ് വകഭേദങ്ങൾ ഇന്ത്യയിലെ ചില പ്രദേശങ്ങളിലും തിരിച്ചറിയപെട്ടിട്ടുണ്ട്. അതിൽ B.1.36 എന്ന് വിളിക്കപ്പെടുന്ന വകഭേദം ബെംഗളൂരുവിൽ പരീക്ഷിച്ച കേസുകളിൽ നല്ലൊരു ശതമാനം ഉണ്ടായിരുന്നു. N440K എന്നറിയപ്പെടുന്ന വേരിയൻറ് തെക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കേസുകളിൽ വ്യാപകമാണ്.ഡാറ്റ ദുർബലമാണെങ്കിലും, ചില പുനരണുബാധകൾക്ക് ഇവ കാരണമായേക്കാമെന്നും വിശ്വസിക്കപ്പെടുന്നു. B.1.1.7 വേരിയൻറ് നിലവിൽ പഞ്ചാബിലെ പുതിയ കേസുകളിൽ ആധിപത്യം പുലർത്തുന്നതായി പഠനങ്ങൾ കാണിക്കുന്നു.
ഇന്ത്യയിലെ ഈ രണ്ടാം തരംഗത്തിൽ ഏറ്റവും തീവ്രമായ രീതിയിൽ രോഗം പടർത്തുന്നത് B.1.617 എന്ന് നാമകരണം ചെയ്യപ്പെട്ട വേരിയന്റ് ആണ്. കൃത്യം കണക്കുകൾ ലഭ്യം അല്ലെങ്കിലും മഹാരാഷ്ട്രയിലും മറ്റും പകുതിയിൽ അധികം കേസുകൾക്ക് കാരണം ഈ വേരിയന്റ് ആണ് എന്നാണു സൂചനകൾ. മറ്റു പല സംസ്ഥാനങ്ങളിലും (രാജ്യങ്ങളിലും) ഇവയുടെ സാന്നിദ്ധ്യം ഉണ്ട്. ഈ വേരിയന്റിൽ (Double Mutant) E484Q, L452R എന്ന് വിളിക്കുന്ന രണ്ട് നിർദ്ദിഷ്ട വ്യതിയാനങ്ങൾ അടങ്ങിയിരിക്കുന്നു. ഈ രണ്ട് മ്യൂട്ടേഷനുകളും വൈറസിനെ കോശങ്ങളുമായി ബന്ധപ്പെട്ട് രോഗം ഉണ്ടാക്കുവാനും രോഗ പ്രതിരോധത്തിന്റെ ഭാഗമായി ശരീരം ഉത്പാദിപ്പിക്കുന്ന ആന്റി ബോഡികളിൽ നിന്നു രക്ഷപ്പെടാനും സഹായിച്ചേക്കാം. ഔദ്യോഗികമായി കേസുകളുടെ വർധനവിനും ഈ വേരിയനന്റിനും തമ്മിൽ ബന്ധമുണ്ട് എന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ല എങ്കിലും സാദ്ധ്യത ഏറെയുണ്ട് എന്ന് കരുതുന്നത് ആണ് ഉചിതം. നിലവിൽ കൂടുതൽ പഠനങ്ങൾ ആവശ്യമായ വേരിയൻ്റ് (variant under investigation) എന്ന ഗണത്തിലാണ് ഇവയെ പെടുത്തിയിരിക്കുന്നത്. കൃത്യമായി ഒരു വേരിയന്റ് ആണ് കേസുകളിലെ കൂറ്റൻ വർധനവിനു കാരണം എന്ന് വൈറസുകളുടെ ജനിതക പഠനവും (genomic sequencing) കൃത്യമായ സമ്പർക്ക പഠനങ്ങളും ആവശ്യമായി വരും.
ഇവിടെ നമുക്ക് ഏറ്റവും പ്രതീക്ഷ നൽകുന്ന ഘടകം ഇപ്പൊൾ വികസിപ്പിച്ചെടുത്ത വാക്സിനുകളാണ് എന്നതിൽ സംശയമില്ല. വൈറസിലെ പരിവർത്തനങ്ങൾ വാക്സിനുകളെ പൂർണ്ണമായും ഫലപ്രദമല്ലാതാക്കും എന്ന് കരുതാനാവില്ല. വേരിയന്റുകളിലെ മിക്കവാറും പഠനങ്ങളും ഇതു തന്നെ സൂചിപ്പിക്കുന്നു.
വാക്സിൻ ഇവയ്ക്ക് ഫലപ്രദമോ?
പുതിയ വ്യതിയാനങ്ങൾ ഉണ്ടാക്കുന്ന തരംഗങ്ങൾ കൂടുതൽ ഗുരുതരമാവുക പതിവാണ്. ദക്ഷിണ ആഫ്രിക്കയിൽ രണ്ടാം തരംഗം 20% കൂടുതൽ ആശുപത്രി മരണങ്ങൾക്ക് കാരണം ആയി. പെട്ടെന്ന് പടരുക, കേസുകൾ പൊടുന്നനെ കുതിച്ചയുരുക, ആരോഗ്യരക്ഷാ സംവിധാനങ്ങൾ ക്ക് കൈകാര്യം ചെയ്യാവുന്നതിന് അപ്പുറം സ്ഥിതി വഷളാവുക എന്നിവയാണ് ഇതിന് പ്രധാന കാരണങ്ങൾ.
ഇവിടെ നമുക്ക് ഏറ്റവും പ്രതീക്ഷ നൽകുന്ന ഘടകം ഇപ്പൊൾ വികസിപ്പിച്ചെടുത്ത വാക്സിനുകളാണ് എന്നതിൽ സംശയമില്ല. വൈറസിലെ പരിവർത്തനങ്ങൾ വാക്സിനുകളെ പൂർണ്ണമായും ഫലപ്രദമല്ലാതാക്കും എന്ന് കരുതാനാവില്ല. വേരിയന്റുകളിലെ മിക്കവാറും പഠനങ്ങളും ഇതു തന്നെ സൂചിപ്പിക്കുന്നു.
ഒന്നോ അതിലധികമോ വകഭേദങ്ങളിൽ ഈ വാക്സിനുകൾ ഏതെങ്കിലും ഫലപ്രദമല്ലെന്ന് തെളിയിക്കുന്ന സാഹചര്യത്തിൽ, ഈ വേരിയന്റുകളിൽ നിന്ന് പരിരക്ഷിക്കുന്നതിന് വാക്സിനുകളുടെ ഘടനയിൽ മാറ്റം വരുത്തേണ്ടി വന്നേക്കും.ഉദാഹരണത്തിന് ആസ്ട്ര സെനിക സൗത്ത് ആഫ്രിക്ക വേരിയന്റിനെതിരെ ഫല പ്രദമായ രീതിയിൽ മാറ്റങ്ങൾ വരുത്തിയ വാക്‌സിൻ ഈ വർഷം അവസാനിക്കുമ്പോഴേക്ക് പുറത്തിറക്കും എന്നാണ് കരുതുന്നത്. കൂടാതെ, വാക്സിൻ നിർമ്മാതാക്കൾക്കും വാക്സിനേഷൻ പ്രോഗ്രാമുകൾക്കും വൈറസിന്റെ പരിണാമത്തിന് അനുസരിച്ച് മാറേണ്ടി വന്നേക്കും. ഉദാഹരണത്തിന് ചിലപ്പോൾ ബൂസ്റ്റർ ഷോട്ടുകൾ ആവശ്യമായി വന്നെക്കാം.
മേൽപ്പറഞ്ഞ ഇരട്ട മുട്ടേഷൻ വന്ന, ഇന്ത്യയിൽ വ്യാപകമാവുന്ന വേരിയന്റിനെ വാക്സിൻ കൊണ്ട് പ്രതിരോധിക്കാൻ കഴിയില്ലെന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല.
കോവിഡിനെതിരെ നിലവിലുള്ള വാക്സിനുകൾ ഒന്നും 100% അണുബാധ തടയും എന്ന് അവകാശപ്പെടുന്നില്ല. വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നത് തടയുക എന്നുള്ളതിനേക്കാൽ വൈറസ് ശരീരത്തിൽ ഉണ്ടാക്കുന്ന കേടുപാടുകൾ തടയുക എന്നതാണ് വാക്സിനുകളുടെ പ്രധാന ലക്ഷ്യം.
വാക്സിൻ എടുത്തവർക്ക് രോഗം വരുന്നുണ്ടല്ലോ, പിന്നെ എന്തിന് വാക്സിൻ?
കോവിഡിനെതിരെ നിലവിലുള്ള വാക്സിനുകൾ ഒന്നും 100% അണുബാധ തടയും എന്ന് അവകാശപ്പെടുന്നില്ല. വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നത് തടയുക എന്നുള്ളതിനേക്കാൽ വൈറസ് ശരീരത്തിൽ ഉണ്ടാക്കുന്ന കേടുപാടുകൾ തടയുക എന്നതാണ് വാക്സിനുകളുടെ പ്രധാന ലക്ഷ്യം. വാക്സിൻ എടുത്ത ഒരാൾക്ക് കോവിഡ്ബാധ ഉണ്ടായാൽ തന്നെ രോഗം ഗുരുതരമാകാനുള്ള സാധ്യത നന്നേ കുറവാണ്. ഈ കാര്യത്തിൽ വാക്സിനുകളെ ഹെൽമെറ്റിനോട് ഉപമിക്കാം.
നാമെന്ത് ചെയ്യണം?
വൈറസ് പടരുന്നത് തടയാൻ സാധ്യമായതെല്ലാം ചെയ്യുക എന്നതാണ് പരമ പ്രധാനം.നിലവിലുള്ള വാക്സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കുന്ന മ്യൂട്ടേഷനുകൾ തടയുന്നതിന് ഏറ്റവും നല്ല മാർഗവും ഇതു തന്നെയാണ്. വൈറസിനെ കൂടുതൽ പടരാൻ അനുവദിക്കുംതോറും വ്യതിയാനങ്ങളും കൂടും.മാസ്‌ക് ഉപയോഗം, ശാരീരിക അകലം,അടഞ്ഞ ഇടങ്ങളിലെ ആൾകൂട്ട നിയന്ത്രണം എന്നിങ്ങനെയുള്ള അടിസ്ഥാന തത്വങ്ങൾ എന്നും പരമ പ്രധാനമാണ്. അതിവേഗം വാക്സിനുകൾ ജനങ്ങളിൽ എത്തിച്ച ഇസ്രയേൽ, ഇംഗ്ലണ്ട് പോലുള്ള രാജ്യങ്ങളിൽ കേസുകളിൽ കൃത്യമായി കുറവ് വരുന്നുണ്ട് എന്നത് മാർഗ സൂചകം ആവേണ്ടതാണ്.
ഈ ശ്രമങ്ങൾ ഒരു രാജ്യത്തോ പ്രദേശത്തോ മാത്രം ഒതുങ്ങിയിട്ട് കാര്യമില്ല.
എല്ലാവരും സുരക്ഷിതരാകുമ്പോഴേ നമ്മൾ സുരക്ഷിതർ ആവുന്നുള്ളൂ.