കൊവിഡ് 19 : നിലവിൽ ലഭ്യമായ പരിശോധനകൾ

കൊവിഡ് 19 : നിലവിൽ ലഭ്യമായ പരിശോധനകൾ
Published on

കൊവിഡ് ഇപ്പോഴോ ഇതിനുമുമ്പോ ബാധിച്ചിട്ടുണ്ടോ എന്നറിയാൻ നിലവിൽ ലഭ്യമായ പരിശോധനകൾ:

1. ശരീരതാപനില അളക്കാനുള്ള തെർമ്മോമീറ്ററുകൾ

2. മണം തിരിച്ചറിയാനാവുമോ എന്ന ഗന്ധപരിശോധനകൾ

3. ശ്വാസകോശത്തിന്റെ എക്സ്-റേ / CT സ്കാനുകൾ

4. രക്തത്തിലെ ഓക്സിജൻ അളവറിയാനുള്ള പൾസ് ഓക്സിമീറ്ററുകൾ

5. PCR ഉപകരണങ്ങൾ

6. ആന്റിബോഡി അസ്സേകൾ

എന്നാൽ ഇവയെല്ലാം തന്നെ ഒരേ വിധത്തിൽ ഉപകാരപ്രദമായവയല്ല. ഉദാഹരണത്തിനു് ഒന്നു മുതൽ നാലുവരെയുള്ള പരിശോധനകൾ കോവിഡ് ഉണ്ടായിരിക്കാനുള്ള സാദ്ധ്യതകൾ നേരിയതായി സൂചിപ്പിക്കുക മാത്രമേയുള്ളൂ.

മെഡിക്കൽ പരിശോധനകൾ പല തരത്തിലുണ്ട്‌:

1. സാദ്ധ്യതാപരിശോധനകൾ (Indicative tests)ഏതെങ്കിലും രോഗം ഉണ്ടായിരിക്കാനുള്ള നേരിയ സാദ്ധ്യതയെങ്കിലും ഉണ്ടോ എന്നു സൂചിപ്പിക്കുന്നവ.

2. ക്വാളിറ്റേറ്റീവ് സ്ക്രീനിങ്ങ് (Qualitative screening) പ്രഥമദൃഷ്ട്യാ രോഗബാധ സംശയിക്കാവുന്നതാണോ അല്ലയോ എന്നു മാത്രം അറിയാവുന്നവ) പോസിറ്റീവാണോ നെഗറ്റീവാണോ എന്നു മാത്രം തിരിച്ചറിയാവുന്നവ.

3. കൺഫർമേറ്ററി (Confirmatory tests) ഒരിക്കൽ സംശയിക്കപ്പെട്ട രോഗാവസ്ഥ നിശ്ചയമായും ഉണ്ടോ എന്നുറപ്പിക്കാവുന്നവ). തീർച്ചയായും രോഗമുണ്ടെന്നോ തീർച്ചയായും രോഗമില്ലെന്നോ ഉറപ്പിക്കാവുന്നവ. ഇവയിൽ തന്നെ ഏറ്റവും വിശ്വസനീയമായ പരിശോധനകളെ ഗോൾഡ് സ്റ്റാൻഡേർഡ് എന്നു വിളിക്കും.

4. മാത്രാനിർണ്ണയപരിശോധനകൾ ( Quantitative tests) രോഗബാധയോ അതിൽ ഉൾപ്പെട്ട പദാർത്ഥങ്ങളോ എത്ര മാത്രമുണ്ടെന്നു് അല്ലെങ്കിൽ എന്തുതോതിലുണ്ടെന്നു് അളന്നുനോക്കാവുന്നവ. ഉദാഹരണം: രക്തത്തിലെ ഗ്ലൂക്കോസിന്റെയോ രക്താണുക്കളുടെയോ എണ്ണം, പനിയുടെയോ രക്താതിസമ്മർദ്ദത്തിന്റെയോ അളവ്‌, ശ്വാസോച്ഛ്വാസത്തിന്റെയോ ഹൃദയമിടിപ്പിന്റെയോ നിരക്ക്.

തെർമ്മോമീറ്ററുകൾ

പനിയുണ്ടോ എന്നറിയാനാണു് തെർമ്മോമീറ്ററുകൾ ഉപയോഗിക്കുന്നത്. എന്നാൽ നാം സാധാരണ കാണാറുള്ള രസം (Mercury) ഉപയോഗിച്ചുള്ള തെർമ്മോമീറ്ററുകൾ കോവിഡ് സാദ്ധ്യതാപരിശോധനയ്ക്കു് ഉപയുക്തമല്ല. രോഗിയുടെ ശരീരത്തിൽ നേരിട്ട് സ്പർശിക്കേണ്ടിവരുന്നതിനാൽ പരിശോധകർക്കുനേരിട്ടും പരിശോധനയ്ക്കുപയോഗിക്കുന്ന ഉപകരണങ്ങളിലൂടെയും അണുപ്പകർച്ച ഉണ്ടാവാം എന്നതുകൊണ്ടാണിത്.

അതിനാൽ ഇത്തരം സംക്രമവ്യാധികളുടെ കാര്യത്തിൽ ഒരാളുടെ ശരീരതാപനില അളക്കാൻ ഇൻഫ്രാറെഡ് കിരണങ്ങൾ ഉപയോഗിച്ചുള്ള സ്കാനറുകളാണു് ഉപയോഗിക്കുന്നത്. രോഗമുണ്ടെന്നു സംശയിക്കുന്നവരെ സ്പർശിക്കാതെത്തന്നെ അവരുടെ ശരീരോഷ്മാവ് ഇതുവഴി ഒട്ടൊക്കെ കൃത്യമായി അറിയാം.

എന്നാൽ

a) പനിയ്ക്കു് പല കാരണങ്ങൾ ഉണ്ടാവാം. കോവിഡ് തന്നെയാവണമെന്നില്ല.b) കോവിഡ് ബാധിച്ചവർക്ക് പനി ഉണ്ടായിരിക്കണമെന്നില്ല.c) പനിയുള്ളവർ തന്നെ പാരസെറ്റാമോൾ പോലുള്ള ഏതെങ്കിലും മരുന്നുകൾ കഴിച്ചുകൊണ്ട് താൽക്കാലികമായി പനിയെ മറച്ചുവെച്ചുവെന്നു വരാം.

അതിനാൽ, ഒരാൾക്ക് കോവിഡ് ബാധയുണ്ടോ എന്നറിയാൻ വളരെ അവ്യക്തമായ ഒരു സൂചനമാത്രമാണു് ഇൻഫ്രാറെഡ് തെർമ്മോമീറ്ററുകൾ വഴി ലഭിയ്ക്കുന്നത്.

വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും (ചില രാജ്യങ്ങളിൽ ഭക്ഷണശാലകളിലും മാളുകളിലും മറ്റും) ധാരാളം ആളുകളെ പെട്ടെന്നു് സ്ക്രീൻ ചെയ്യേണ്ടി വരുമ്പോൾ ഉപയോഗിക്കുന്ന ഒരു അടിസ്ഥാനസൂചകം മാത്രമാണു് ഇൻഫ്രാറെഡ് സ്കാനറുകൾ.

അടിസ്ഥാന മോഡലുകൾക്ക് ഏകദേശം 2000 രൂപയോളം ഒരിക്കൽ ഉപകരണത്തിന്റെ വിലയായി മുടക്കിക്കഴിഞ്ഞാൽ ബാറ്ററിയുടേതല്ലാതെ പരിശോധനയ്ക്കു് മറ്റു ചെലവുകളൊന്നും വരുന്നില്ല.

ഗന്ധപരിശോധന

പെൻസിൽ‌വാനിയ സർവ്വകലാശാല രൂപകല്പന ചെയ്തെടുത്ത UPSIT (University of Pennsylvania Smell Identification Test) എന്ന മണം പരിശോധനക്കിറ്റാണു് ലോകതലത്തിൽ വിവിധ രോഗങ്ങളുടെ സാന്നിദ്ധ്യമറിയാനുള്ള ഗന്ധപരിശോധനയ്ക്കുപയോഗിക്കുന്നത്. എന്നാൽ ഇത് എല്ലാ നാടുകൾക്കും അനുയോജ്യമല്ല. ഇന്ത്യയിൽ 12 മണങ്ങൾ ഉൾപ്പെടുത്തിയ SniffIn-sticks®, 10 മണങ്ങളുള്ള Indian Smell Identification Test (INSIT) എന്നീ കിറ്റുകൾ ചില രോഗങ്ങൾ തിരിച്ചറിയാൻ ഉപയോഗിച്ചുവരുന്നുണ്ട്.

കോവിഡ് ബാധിക്കുമ്പോൾ തുടക്കത്തിൽ തന്നെ നല്ലൊരു ശതമാനം ആളുകൾക്കും മണങ്ങൾ തിരിച്ചറിയാനുള്ള കഴിവു നഷ്ടപ്പെടുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഗന്ധപരിശോധന ഒരു സൂചകമായി എടുക്കാവുന്നതാണു്. പക്ഷേ ഇക്കാര്യത്തിൽ ഇതുവരെ പ്രത്യേക മാനദണ്ഡങ്ങളോ രീതികളോ രൂപപ്പെടുത്തിയിട്ടില്ല.

ഗന്ധപരിശോധനയുടെ വിശദാംശങ്ങളും സാദ്ധ്യതകളും വേറെ കുറിപ്പായി പോസ്റ്റ് ചെയ്യാം.

എക്സ്-റേ / CT സ്കാൻ

ശ്വാസകോശസംബന്ധമായി ഏറെക്കുറെ വ്യക്തമായ രോഗലക്ഷണങ്ങൾ ഉള്ളവരിൽ (നെഞ്ചുവേദന, ശ്വാസകോശ അണുബാധ (ന്യുമോണിയ), ശ്വാസംമുട്ടു്) എക്സ്‌റേ അല്ലെങ്കിൽ CT സ്കാൻ ഉപയോഗിച്ചു് ശ്വാസകോശത്തിന്റെ ചിത്രമെടുത്തു് അതിൽ പ്രത്യേക തരത്തിലുള്ള അടയാളങ്ങളോ പാടുകളോ ഉണ്ടോയെന്നു നോക്കാം. അർദ്ധതാര്യമായ ജനൽചില്ലുകളിലും മറ്റും കാണാവുന്നതുപോലെയുള്ള പാടുകൾ (ground glass opacity) കോവിഡ് മൂലം ഉണ്ടാകുന്ന ശ്വാസകോശക്ഷതത്തിന്റെ ലക്ഷണങ്ങളിൽ ഒന്നാണു്.

എന്നാൽa) ഇത്തരം പാടുകൾ പെട്ടെന്നുണ്ടാവുന്ന ശ്വാസതടസ്സരോഗങ്ങൾക്കെല്ലാം (ARDS) പൊതുവായി കാണാവുന്നവയാണു്. കോവിഡ് തന്നെ എന്നുറപ്പിക്കാൻ ഈ ടെസ്റ്റ് മാത്രം മതിയാവില്ല.

b) രോഗബാധയുടെ ആധിക്യാവസ്ഥയിലാണു് ഇത്തരം ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്.

c) X-ray, CT സ്കാനിങ്ങ് തുടങ്ങിയവയ്ക്കു് പ്രത്യേക മുറികളും യന്ത്രങ്ങളും ടെൿനീഷ്യന്മാരും മറ്റും ആവശ്യമാണു്. ഇവിടെയെല്ലാം കടുത്ത രോഗവ്യാപനത്തിനു് സാദ്ധ്യതയുണ്ട്.

പൾസ് ഓക്സിമീറ്ററുകൾ

രക്തത്തിലെ പൂരിതപ്രാണവായുവിന്റെ ശതമാനം ക്രമാതീതമായി കുറഞ്ഞിരിക്കുന്നത് കോവിഡിന്റെ അനന്തരലക്ഷണങ്ങളിലൊന്നാണു്. സാധാരണ 95 മുതൽ 100 ശതമാനം വരെയാണു് രക്തത്തിലെ ഓക്സിജന്റെ പൂരിതാവസ്ഥ (രക്തത്തിലെ ചുവന്ന രക്താണുക്കൾക്ക് പരമാവധി വഹിക്കാൻ കഴിയുന്ന ഓക്സിജന്റെ എത്ര ശതമാനമാണു് നിലവിൽ ഉള്ളത് എന്ന അളവ്‌). 92 ശതമാനത്തിലും കുറഞ്ഞിരുന്നാൽ രോഗിയ്ക്കു് ഓക്സിജൻ കൂടുതൽ ചേർത്തോ വെന്റിലേറ്റർ ഘടിപ്പിച്ചോ ശ്വസനസഹായം വേണ്ടിവരും. രോഗാവസ്ഥ ഈ ഘട്ടത്തിൽ പ്രവേശിക്കുന്നതിനു തൊട്ടുമുമ്പ് അതു തിരിച്ചറിയാനുതകുന്ന ലളിതമായ ഒരു അളവുപകരണമാണു് പൾസ് ഓക്സിമീറ്റർ.

എന്നിരുന്നാലും കോവിഡിന്റേതു മാത്രമായ ഒരു ലക്ഷണസൂചകമല്ല പൾസ് ഓക്സിമെട്രി. ആശുപത്രിയിൽ ഇതിനകം നിരീക്ഷണത്തിലുള്ള ഒരു രോഗി ഗുരുതരാവസ്ഥയിലേക്കു കടക്കുന്നുണ്ടോ എന്നറിയാൻ ഇതു സഹായിക്കുമെന്നു മാത്രം.

(മിക്കവാറും) സുനിശ്ചിതമായ കോവിഡ് രോഗബാധ തിരിച്ചറിയാൻ PCR അധിഷ്ഠിതപരിശോധനകളും ഇമ്മ്യൂണോഗ്ലോബുലിൻ റിയാൿഷൻ (ആന്റിബോഡി) ടെസ്റ്റുകളും ആവശ്യമാണു്.

ശാസ്ത്ര ലേഖകന്‍ വിശ്വപ്രഭ ഫേസ്ബുക്കില്‍ എഴുതിയത്. ഒറിജിനല്‍ പോസ്റ്റ് ഈ ലിങ്കില്‍ വായിക്കാം

Related Stories

No stories found.
logo
The Cue
www.thecue.in