നിങ്ങളുടെ കുട്ടികള്‍ മിടുക്കരാകണോ, 10 നിര്‍ദ്ദേശങ്ങള്‍
തന്റെ കുഞ്ഞ് ഏറ്റവും മിടുക്കനായി മിടുക്കിയായി വളരണം , മററുള്ളവരുടെ സ്‌നേഹവും ബഹുമാനവും പിടിച്ചു പറ്റണം - എല്ലാ രക്ഷിതാക്കളും ആഗ്രഹിക്കുന്നതിതാണ്. പ്രതീക്ഷയ്ക്കനുസരിച്ച് അവര്‍ വളരാതെ വരുമ്പോള്‍ രക്ഷിതാക്കളുടെ മനസ് തളരും . കുഞ്ഞുങ്ങളുടെ സ്വഭാവ രൂപീകരണം എന്നത് സ്വാഭാവികമായ ഒരു പരിണാമം മാത്രമല്ല, മറ്റ് നിരവധി നിര്‍ണ്ണായക ഘടകങ്ങളുടെ സ്വാധീനത്തിലൂടെ വളര്‍ന്ന് വികസിക്കുന്ന പ്രക്രിയ കൂടിയാണ്. ഈ സ്വാധീന ഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് വീട്ടിലെ അന്തരീക്ഷവും , രീതികളും സ്വന്തം രക്ഷിതാക്കളുടെ ഇടപെടലുകളുമാണ്. കുഞ്ഞുങ്ങളുടെ സ്വഭാവ രൂപികരണവുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട പത്ത് നിര്‍ദ്ദേശങ്ങളാണ് ഇവിടെ പറയുന്നത്.
1.കുട്ടികളില്‍ കാണാനാഗ്രഹിക്കുന്ന നല്ല പെരുമാറ്റങ്ങളുടെ മാതൃകയായിരിക്കണം വീട്ടില്‍ അച്ഛനമ്മമാര്‍. കുഞ്ഞുങ്ങളെ ഒച്ചവെച്ച് ശകാരിച്ച് വളര്‍ത്തിയാല്‍ , ഭാവിയില്‍ അവര്‍ മറ്റുള്ളവരോടും അതേ രീതിയില്‍ തന്നെയായിരിക്കും പെരുമാറുക. രക്ഷിതാക്കള്‍ പരസ്പര ബഹുമാനത്തോടെ പെരുമാറുന്ന വീട്ടിലെ കുട്ടികള്‍ ബഹുമാന പുരസ്സരമായിരിക്കും സ്വന്തം രക്ഷിതാക്കളോടും മറ്റുള്ളവരോടും പെരുമാറുക.
2. കുഞ്ഞുങ്ങള്‍ കാണിക്കുന്ന നല്ല പെരുമാറ്റങ്ങളെ ഉടനടി പ്രോത്സാഹിപ്പിക്കുകയും മോശമായ വാക്കുകളെയും പ്രവര്‍ത്തികളെയും അവഗണിക്കുകയും ചെയ്യണം. രൂക്ഷമായ പ്രതികരണങ്ങള്‍ ചീത്ത വാക്കുകള്‍ ഓര്‍മ്മിക്കാനും പിന്നീട് ആവര്‍ത്തിക്കാനും ഇടയാക്കും.
3.കൃത്യമായ ദിനചര്യകള്‍, ആഹാരം കഴിക്കല്‍, കൈ കഴുകി വൃത്തിയാക്കല്‍, പല്ലും വായയും വൃത്തിയാക്കല്‍, മലമൂത്ര വിസര്‍ജ്ജനം, കുളി വസ്ത്രധാരണം, ഉറക്കം, പുസ്തകങ്ങളും മറ്റ് വസ്തുക്കളും സൂക്ഷിച്ച് വെക്കല്‍ തുടങ്ങിയ ദൈനംദിന പ്രവര്‍ത്തികള്‍ അടുക്കും ചിട്ടയോടും കൂടി സ്വയം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കേണ്ട ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്കാണ്. സ്വന്തം ഭക്ഷണപാത്രങ്ങള്‍ കഴുകിവെക്കാനും പിന്നീട് ഭക്ഷണം സ്വയം പാകം ചെയ്യാനും ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ എല്ലാ കുട്ടികളും പഠിച്ചിരിക്കണം.
4. ആരും , പ്രത്യേകിച്ച് രക്ഷിതാക്കള്‍ കുഞ്ഞുങ്ങളെ ശാരീരികമായോ , മാനസികമായോ വേദനിപ്പിക്കാന്‍ ശ്രമിക്കരുത്. അടി, നുള്ളല്‍, വഴക്ക്, പരിഹാസം, ഭീഷണി, മറ്റ് കുട്ടികളുമായി താരതമ്യം തുടങ്ങിയവ കുട്ടികളോട് പാടില്ല. കുട്ടികളുടെ സ്വതസിദ്ധമായ വളര്‍ച്ചയെ അവ പ്രതികൂലമായി ബാധിക്കും.
5. വീട്ടില്‍ വ്യക്തമായ നിയമങ്ങള്‍ ഉണ്ടായിരിക്കണം. അവ എല്ലാവര്‍ക്കും ഒരു പോലെ ബാധകമായിരിക്കണം. 'കരയുന്ന കുട്ടിക്കേ പാലുള്ളൂ ' എന്ന് മനസ്സിലാക്കിയാല്‍ പിന്നെ കുട്ടികള്‍ തൊട്ടതിനും പിടിച്ചതിനും കരഞ്ഞ് സ്വന്തം കാര്യം നേടുന്ന ദുസ്വഭാവക്കാരാകും . രക്ഷിതാക്കളെ ഭീഷണിപ്പെടുത്താനുപയോഗിക്കുന്ന ഇത്തരം കരച്ചിലുകളെ തുടക്കത്തിലേ അവഗണിച്ചില്ലെങ്കില്‍ , പിന്നീട് വാശിയോടെ കരയുന്ന സ്വഭാവം മാറ്റിയെടുക്കാന്‍ പ്രയാസം വരും .
6. ആരും കുട്ടികളെ ഒരു തരത്തിലും അവഗണിക്കരുത്. അതേ സമയം തനിയ്ക്ക് മാത്രമായി 'പ്രത്യേക' പരിഗണന ലഭിക്കുന്നതായും കുട്ടിക്ക് തോന്നരുത്. അമിത വാത്സല്യ പ്രകടനങ്ങള്‍ , തനിയ്ക്ക് മാത്രം പ്രത്യേക അവകാശങ്ങളുണ്ടെന്ന തെററുദ്ധാരണയ്ക്കും പിന്നീട് ദുര്‍വാശിയ്ക്കും കാരണമാകും.
7.'കരച്ചില്‍ ' ദുരപയോഗപ്പെടുത്തി രക്ഷിതാക്കളെ നിയന്ത്രിക്കാന്‍ ഒരിയ്ക്കലും കുട്ടികളെ അനുവദിക്കരുത്. അത്യപൂര്‍വ്വമായ സാഹചര്യത്തില്‍ ദ്വേഷ്യം അഭിനയിച്ചാലും ,ഒരിക്കലും രക്ഷിതാക്കള്‍ക്ക് കുട്ടികളോട് ദേഷ്യം തോന്നരുത് . വ്യക്തമായ നിര്‍ദ്ദേശങ്ങളും ക്ഷമയോട് കൂടിയ വിശദീകരണങ്ങളുമാണ് കുട്ടികള്‍ക്ക് ലഭിക്കേണ്ടത്. രക്ഷിതാക്കള്‍ അനിയന്ത്രിതമായ ദേഷ്യത്തിനടിമപ്പെടുന്നുണ്ടെങ്കില്‍ അത് ഉടനടി പരിഹരിക്കണം.
8.കുട്ടികളെ അനുസരിപ്പിക്കാന്‍ വേണ്ടി നിയമ പരിപാലനം മറ്റൊരാളുടെ തലയില്‍ കെട്ടിവെക്കരുത്. ഭൂതം വരും, പോലീസ് പിടിക്കും, ടീച്ചര്‍ അടിക്കും, പുലി പിടിക്കും, ഡോക്ടര്‍ ഇഞ്ചക്ഷന്‍ ചെയ്യും തുടങ്ങിയ അനാവശ്യ ഭീഷണികള്‍ അവരെ ഭയപ്പെടുത്താന്‍ വേണ്ടി ഉപയോഗിച്ച് നേടുന്ന പ്രയോജനം താല്കാലികം മാത്രമായിരിക്കും.
9. കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള പരസ്പര ബഹുമാനമായിരിക്കണം അനുസരണത്തിന്റെ അടിസ്ഥാനം . സങ്കോചമില്ലാതെ ഏത് അപരിചിതരേയും അപരിചിത സാഹചര്യങ്ങളേയും ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാനുള്ള കഴിവ് , തങ്ങളുടെ കുട്ടികളില്‍ വികസിപ്പിക്കാന്‍ രക്ഷിതാക്കള്‍ ബോധപൂര്‍വ്വം ശ്രമിക്കണം .
10. നടക്കാന്‍ പഠിച്ച കുട്ടികള്‍ രക്ഷിതാക്കളുടെ കൂടെ നടക്കണം. സദാസമയവും അവരെ എടുത്ത് കൊണ്ട് നടക്കരുത്. ഭക്ഷണം കഴിക്കാന്‍ പഠിച്ച കുട്ടികള്‍, പരസഹായമില്ലാതെ ഭക്ഷണം സ്വയം കഴിക്കണം. അച്ഛനമ്മമാര്‍ ഭക്ഷണം വാരിക്കൊടുക്കരുത്. കുട്ടികള്‍ക്ക് പുറകെ സദാസമയവും ആഹാരവും കൊണ്ട് നടക്കരുത്. ഇത്തരം അമിത വാത്സല്യ പ്രകടനങ്ങള്‍ കുട്ടികള്‍ സ്വയം പര്യാപ്തരാകുന്നത് വൈകാന്‍ കാരണമാകും.
കുട്ടികളെ മാതൃകാപരമായി വളര്‍ത്തുന്നതിന്റെ ഉത്തരവാദിത്വം അച്ഛനും അമ്മയ്ക്കും മാത്രമാണ് . അതിനു വേണ്ട മാനസിക പക്വത ആര്‍ജിക്കുന്നതിനും , വളരുന്ന കുട്ടികള്‍ക്കു വേണ്ട ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കാന്‍ പറ്റുന്നതിനും മുമ്പ് രക്ഷിതക്കളാവാന്‍ തീരുമാനമെടുക്കുന്ന യുവതീയുവാക്കള്‍ പല ധാര്‍മ്മികമായ പ്രശ്‌നങ്ങളും ഉയര്‍ത്തുന്നുണ്ട്. പ്രായമായി വിശ്രമജീവിതം നയിക്കേണ്ട മുത്തച്ഛമാരേയോ മുത്തശ്ശിമാരേയോ , മറ്റു വല്ലവരേയോ ഉപയോഗകപ്പെടുത്തി സ്വന്തം കുട്ടികളെ വളര്‍ത്തുന്ന രീതി ആശാസ്യല്ല.