ചുഴലിക്കാറ്റിനെ ആറ്റം ബോംബിട്ട് തകര്‍ക്കണമെന്ന് ട്രംപ് ; നിര്‍ദേശം പ്രകൃതിക്ഷോഭം വിലയിരുത്താനുള്ള ഉന്നതതല യോഗത്തില്‍
ചുഴലിക്കാറ്റിനെ ന്യൂക്ലിയര്‍ ബോംബിട്ട് തകര്‍ത്തുകൂടേയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഞായറാഴ്ച ചുഴലിക്കാറ്റ് സംബന്ധിച്ചുള്ള വിലയിരുത്തലിനായി ചേര്‍ന്ന ഉന്നത തല യോഗത്തിലായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശമെന്ന് അമേരിക്കന്‍ ന്യൂസ് വെബ്‌സൈറ്റായ ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആഭ്യന്തര,ദേശീയ സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥരോടായിരുന്നു ട്രംപിന്റെ ചോദ്യം. ആഫ്രിക്കന്‍ തീരത്താണ് ഹരികെയ്ന്‍ രൂപം കൊള്ളുന്നത്. അറ്റ്‌ലാറ്റിക്കിലൂടെ അത് പുരോഗമിക്കും. അങ്ങനെയെങ്കില്‍ ആ ഘട്ടത്തില്‍ തന്നെ ന്യൂക്ലിയര്‍ ബോംബ് ഉപയോഗിച്ച് അതിനെ തടയാനാകില്ലേയെന്നായിരുന്നു ട്രംപിന്റെ ചോദ്യം.
എന്തുകൊണ്ട് നമുക്ക് അത് ചെയ്തുകൂടായെന്നും ട്രംപ് ചോദിച്ചു. ഞങ്ങള്‍ അത് പരിശോധിക്കുമെന്നായിരുന്നു ട്രംപിന്റെ ചോദ്യത്തിന് യോഗത്തിലുയര്‍ന്ന മറുപടിയെന്നും ആക്‌സിയോസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏത് തരം ആണവ ബോംബാണ് ഉപയോഗിക്കേണ്ടതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ലെന്നുംം റിപ്പോര്‍ട്ടിലുണ്ട്. ഈ യോഗത്തിലുണ്ടായിരുന്ന ഒരാളെ ഉദ്ധരിച്ചാണ് ആക്‌സിയോസിന്റെ വാര്‍ത്ത. ഇതാദ്യമായല്ല ട്രംപ് ഇത്തരമൊരു പരാമര്‍ശം നടത്തുന്നത്. 2017ലും, ന്യൂക്ലിയര്‍ ബോംബ് ഉപയോഗിച്ച് ചുഴലിക്കാറ്റിനെ ഇല്ലാതാക്കിക്കിക്കൂടേയെന്ന് ട്രംപ് ചോദിച്ചിരുന്നു. യുഎസ് പ്രസിഡന്റിന്റെ പ്രസ്താവനയോട് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് വൃത്തങ്ങള്‍ തയ്യാറായില്ല.
എന്നാല്‍ ട്രംപിന്റെ ഉദ്ദേശം മോശമല്ലെന്നായിരുന്നു ഭരണതലത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ പ്രതികരണം. 1950 ല്‍ തന്നെ ഒരു സര്‍ക്കാര്‍ ശാസ്ത്രജ്ഞന്‍ ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. അന്ന് ഈസെന്‍ഹോവറായിരുന്നു യുഎസ് പ്രസിഡന്റ്. എന്നാല്‍ അത് പ്രായോഗികമല്ലെന്ന് അന്നേ വ്യക്തമായതായിരുന്നു. കൂടാതെ അമേരിക്കയും റഷ്യയും തമ്മിലുള്ള ആണവ കരാറിന് വിരുദ്ധമാണ് ഇത്തരമൊരു ആശയം. സമാധാന ആവശ്യങ്ങള്‍ക്കായി ആണവോര്‍ജം ഉപയോഗിക്കണമെന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണ. ചുഴലിക്കാറ്റ് നിരന്തരം അമേരിക്കയില്‍ കനത്ത നാശം വിതയ്ക്കാറുണ്ട്. 2017 ലുണ്ടായ ഹാര്‍വി കൊടുങ്കാറ്റ് നിരവധി പേരുടെ മരണത്തിനിടയാക്കുകയും കോടിക്കണക്കിന് ഡോളറിന്റെ നാശനഷ്ടങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു.