ദുബായി കിരീടാവകാശിയുടേയും സഹോദരങ്ങളുടെയും വിവാഹസത്കാരം ഈദ് അവധി ദിനങ്ങളില്‍
ദുബായ് കിരീടവകാശി ഷെയ്ഖ് ഹംദാന്റേയും സഹോദരങ്ങളുടേയും വിവാഹ സത്കാരം ജൂണ്‍ ആറിന് നടക്കും. ഈദ് അവധി ദിവസങ്ങളിലാണ് വിവാഹിതരായ മൂന്ന് സഹോദരങ്ങളുടേയും വിവാഹ സല്‍ക്കാരം നടക്കുക. വിവാഹ സല്‍ക്കാരത്തിന്റെ ക്ഷണകത്ത് സ്വര്‍ണ അറബിക് അക്ഷരങ്ങളിലാണ് എഴുതിചേര്‍ത്തിരിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂന്ന് പുത്രന്‍മാരുടേയും വിവാഹം ഒന്നിച്ചാണ് നടന്നത്.
ഈ മാസം 15 നാണ്, ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, സഹോദരങ്ങളായ, ദുബായ് ഉപഭരണാധികാരി, ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ്, മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നോളജ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് എന്നിവര്‍, വിവാഹിതരായത്.
ഷെയ്ഖ ഷെയ്ഖ ബിന്‍ത് സഈദ് ബിന്‍ താനി അല്‍ മക്തൂമാണ്, ഷെയ്ഖ് ഹംദാന്റെ ജീവിത പങ്കാളി. ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ്, ഷെയ്ഖ മര്‍യം ബിന്‍ത് ബൂച്ചി അല്‍ മക്തൂമിനേയും ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ഷെയ്ഖ മിദ്യ ബിന്‍ത് ദല്‍മൂജ് അല്‍ മക്തൂമിനേയും ജീവിത സഖിമാരാക്കി.
ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ ജൂണ്‍ ആറിന് വൈകീട്ട് നാലുമണിക്കാണ്, വിവാഹ സത്കാരം. നേരത്തെ വിവാഹചടങ്ങിലേക്കുളള ക്ഷണകത്തിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സ്വര്‍ണ നിറത്തിലുള്ള വലിയൊരു പാത്രം നിറയെയുള്ള പ്രാദേശിക വിഭവം 'ഒമാനി ഹല്‍വയായിരുന്നു' ക്ഷണക്കത്തിലെ പ്രധാന ആകര്‍ഷണം. അലങ്കരിച്ച പ്രത്യേക പെട്ടിയിലാണ് ഈ ഹല്‍വപ്പാത്രം. പെട്ടിയുടെ അകത്ത് സ്വര്‍ണനിറത്തില്‍ അറബിയില്‍ ചടങ്ങിന്റെ വിശദ വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നു.