അറബ് പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് 13ാം വയസില്‍ അറസ്റ്റിലായി, മുര്‍ത്താസയ്ക്കും വധശിക്ഷ നല്‍കാനൊരുങ്ങി സൗദി
രാജ്യദ്രോഹ കുറ്റം ചുമത്തി പ്രായപൂര്‍ത്തിയാകാത്ത കൗമാരക്കാരെ വധശിക്ഷയ്ക്ക് വിധിക്കുന്നത് തുടര്‍ന്ന് സൗദി അറേബ്യ. 10ാം വയസില്‍ അറബ് പ്രക്ഷോഭത്തിന്റെ ഭാഗമായി സൈക്കിള്‍ റാലി നടത്തി പ്രതിഷേധിച്ച മുര്‍ത്താസ ഖൈറെറിസിനെ 18ാം വയസില്‍ വധശിക്ഷ നല്‍കാനൊരുങ്ങുകയാണ് സൗദി അറേബ്യ. പ്രായപൂര്‍ത്തിയാകും മുമ്പ് നടന്ന കുറ്റങ്ങള്‍ക്കും കുട്ടികളെ വധശിക്ഷയ്ക്ക് വിധിക്കുന്ന സൗദി അറേബ്യയുടെ കിരാത നടപടിക്കെതിരെ വിമര്‍ശനം ഉയരുകയാണ്.
സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തിയതിന് രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് കൗമാരക്കാരെയടക്കം സൗദി ഭരണകൂടം ഇല്ലായ്മ ചെയ്യുന്നത്. ഏപ്രിലില്‍ 37 പേരെയാണ് സൗദി അറേബ്യ കൊലക്കയറിന് ഇരയാക്കിയത്. വധശിക്ഷ ലഭിക്കുന്ന കൂടുതല്‍ പേരും രാജ്യത്തെ ഷിയ ന്യൂനപക്ഷത്തില്‍പ്പെട്ടവരാണ്.
18 വയസിന് മുമ്പ് ചെയ്ത കുറ്റത്തിന് കഴിഞ്ഞ ഏപ്രിലില്‍ അബ്ദുല്‍ കരീം അല്‍ ഹവാജ്, മുജ്തബ അല്‍ സെവ്യ്കത്, സല്‍മാന്‍ അല്‍ ഖുറൈശ് എന്നീ ചെറുപ്പക്കാരുടെ വധശിക്ഷ സൗദി നടപ്പിലാക്കിയിരുന്നു.
2011 ല്‍ നടന്ന അറബ് വസന്തത്തില്‍ മുര്‍ത്താസയുടെ സഹോദരന്‍ അലി ഖുറൈറിസ് കൊല്ലപ്പെട്ടിരുന്നു. 10ാം വയസില്‍ അറബ് പ്രക്ഷോഭത്തിന്റെ ഭാഗമായി മനുഷ്യാവകാശം ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ കുട്ടികളുടെ സൈക്കിള്‍ റാലിക്കാണ് മുര്‍ത്താസയ്ക്ക് വധശിക്ഷ നല്‍കാന്‍ സൗദി ഭരണകൂടം ഒരുങ്ങുന്നത്. സൗദിയിലെ കിഴക്കന്‍ പ്രദേശമായ ആവാമിയയിലെ പൊലീസ് സ്റ്റേഷനിലേക്ക് മുര്‍ത്താസയുടെ സഹോദരന്‍ അലി കൈബോംബെറിഞ്ഞെന്നാണ് കുറ്റപത്രം.
2015ല്‍ കുടുംബത്തോടൊപ്പം ബഹ്റൈനിലേക്ക് യാത്ര ചെയ്യവെ സൗദി അതിര്‍ത്തിയില്‍ വെച്ച് 13ാം വയസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മുര്‍തസ അന്ന് മുതല്‍ ജയിലിലാണ്. ഇപ്പോള്‍ 18 വയസാണ് മുര്‍തസയ്ക്കുള്ളത്. 2018ലാണ് ഒരു അഭിഭാഷകനെ പോലും വെയ്ക്കാന്‍ രാജഭരണം അനുവദിച്ചത്.
രാജ്യദ്രോഹ കുറ്റം ചെയ്തതിന് ഏറ്റവും വലിയ ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. വധശിക്ഷയ്ക്ക് ശേഷം കുരുശിലേറ്റണമെന്നും ജീവനോടെ ശരീര ഭാഗങ്ങള്‍ അറത്തുമാറ്റണമെന്നും വാദിയായ ഭരണകൂടം ആവശ്യപ്പെടുന്നു. ഇസ്ലാമിക് ശരിയ നിയമം അനുസരിച്ച് ഏറ്റവും കടുത്ത ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.
18 വയസാകും മുമ്പാണ് വധശിക്ഷ ആവശ്യപ്പെട്ടുള്ള കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഉടന്‍ നടപ്പാക്കണമെന്നാണ് ആവശ്യം. ഒരു വര്‍ഷത്തോളം ഏകാന്ത തടവിന് വിധിക്കപ്പെട്ട കൗമാരക്കാരനെ ക്രൂര പീഡനത്തിന് ഇരയാക്കിയെന്നാണ് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി പറയുന്നത്. വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആംനെസ്റ്റി സൗദി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്.
സൗദി അറേബ്യയില്‍ രാജാവ് സല്‍മാന്റെ അനുവാദത്തോടെ മാത്രമേ വധശിക്ഷ നടപ്പാക്കാനാകൂ. എത്ര വയസുവരെയാണ് കുട്ടികളുടെ അവകാശങ്ങള്‍ സൗദി അനുവദിക്കുകയെന്നതിനും വ്യക്തമായ ധാരണയില്ല. 2006ല്‍ 12 വയസു വരെയാണ് പ്രായപൂര്‍ത്തിയാവാത്തതായി കണക്കാക്കുന്നതെന്നാണ് പറഞ്ഞിരുന്നത്.
സൗദിയില്‍ പ്രതിഷേധിച്ചവരെയെല്ലാം ക്രൂരമായി അടിച്ചമര്‍ത്തുന്നതിന് 2015ഓടെ വേഗത കൂടിയിരുന്നു. കിങ് സല്‍മാന്‍ തന്റെ മകനും സൗദി കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന് കൂടുതല്‍ അധികാരം നല്‍കിയതോടെയായിരുന്നു ഇത്. 33 വയസുകാരന്റെ ഭരണത്തിനിടയില്‍ അവകാശത്തിനായി ശബ്ദമുയര്‍ത്തിയ പലരും ക്രൂരപീഡനത്തിന് ഇരയായി. സ്ത്രീകളുടെ അവകാശത്തിന് വേണ്ടി പോരാടിയവരെ വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്.