ബീജിങ്ങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ അക്കൗണ്ടിനെതിരെ പൊങ്കാല. ഇന്ത്യയിലെ കൊവിഡ് സാഹചര്യത്തെ ചൈനയുമായി താരതമ്യപ്പെടുത്തി പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെയാണ് ചൈനയില്‍ നിന്നുള്ളവര്‍ തന്നെ എത്തിയത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുമായി ബന്ധപ്പെട്ട നിയമനിര്‍വഹണ വകുപ്പ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് ഫോട്ടോയ്‌ക്കെതിരെയാണ് ഇപ്പോള്‍ രൂക്ഷ വിമര്‍ശനം വരുന്നത്. ട്വിറ്ററിന് സമാനമായി ചൈനയിലുള്ള വീബിയോ എന്ന ആപ്ലിക്കേഷനിലാണ് പോസ്റ്റ് ഇട്ടത്.
ചൈന ഒരു റോക്കറ്റ് ലോഞ്ച് ചെയ്യുന്നതിന്റെയും ഇന്ത്യ ശ്മശാനത്തില്‍ മൃതദേഹങ്ങള്‍ക്ക് തീകൊളുത്തുന്നതിന്റെയും രണ്ട് ചിത്രമാണ് വീബിയോയില്‍ പോസ്റ്റ് ചെയ്തത്. അടിക്കുറിപ്പായി ഇവിടെ ഇരുരാജ്യങ്ങളും ഒരു 'തീ കൊളുത്തുകയാണ്' എന്നും പറയുന്നു.
ഇന്ത്യയെ പരിഹസിച്ചുകൊണ്ടുള്ള ഈ അടിക്കുറിപ്പിനാണ് ചൈനയില്‍ നിന്ന് തന്നെ വലിയ രീതിയില്‍ വിമര്‍ശനം നേരിടേണ്ടി വന്നത്.
വൈറലായ ഈ പോസ്റ്റിനെതിരെ ചൈനക്കാര്‍ തന്നെയാണ് പ്രധാനമായും വിമര്‍ശനം ഉന്നയിക്കുന്നത്. നിയമ നിര്‍വ്വഹണ വകുപ്പിന്റെ നടപടിയില്‍ ഇന്ത്യക്കാരോട് ഞാന്‍ വ്യക്തിപരമായി മാപ്പ് പറയുന്നുവെന്ന് ചൈനയിലെ ഗവേഷണ വിദ്യാര്‍ത്ഥിയായ ഡോംഗ് മെംഗു പറഞ്ഞു.
ചൈനയിലെ വിവിധ കൂട്ടായ്മകള്‍ ഇന്ത്യയ്ക്ക് സഹായം എത്തിക്കാനായി ഫണ്ട് റൈസിംഗ് ക്യാമ്പയിനുകളും നടത്തുന്നുണ്ട്. നിയമ നിര്‍വ്വഹണ വകുപ്പിന്റെ പോസ്റ്റ് അനുചിതമായ താരതമ്യം അസമയത്ത് നടത്തുന്നു എന്നതാണ് പ്രധാന വിമര്‍ശനമായി ഉയരുന്നത്.