കനേഡിയന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു; തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന്; ലിബറല്‍ സര്‍ക്കാരിന് കീഴില്‍ മുന്നോട്ടെന്ന് ട്രൂഡോ
ഒക്ടോബര്‍ 21ന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കനേഡിയന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. കാലാവധി അവസാനിച്ചതോടെ ബുധനാഴ്ച്ച ഗവര്‍ണര്‍ ജൂലിയ പെയറ്റിനെ കണ്ട് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പാര്‍ലമെന്റ് പിരിച്ചുവിടണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു. തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഔദ്യോഗിക പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. വളരെയധികം കാര്യങ്ങള്‍ ഇനിയും നടപ്പാക്കാനുണ്ടെന്നും ലിബറല്‍ സര്‍ക്കാരിന് കീഴില്‍ തന്നെ രാജ്യം മുന്നോട്ട് കുതിക്കുമെന്നും ട്രൂഡോ പറഞ്ഞു.
338 അംഗ പാര്‍ലമെന്റാണ് കാനഡയിലേത്. ലിബറല്‍ പാര്‍ട്ടിക്ക് 177ഉം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 95 സീറ്റുകളുമാണ് നിലവിലുള്ളത്. 170 സീറ്റുകള്‍ ലഭിക്കുന്ന പാര്‍ട്ടി ഭരണം നേടും.
പരിസ്ഥിതി സംരക്ഷണത്തിന്റേയും ലിംഗസമത്വത്തിന്റേയും പ്രധാന്യം ചൂണ്ടിക്കാട്ടിയുള്ള പ്രചാരണത്തിലൂടെയാണ് 2015ല്‍ ജസ്റ്റിന്‍ ട്രൂഡോ അധികാരത്തിലേറിയത്. അഭയാര്‍ത്ഥികളോടും കുടിയേറ്റക്കാരോടും അനുഭാവപൂര്‍ണമായനയങ്ങള്‍ ട്രൂഡോ സര്‍ക്കാരിന് ആഗോളതലത്തില്‍ തന്നെ പ്രതിച്ഛായ നല്‍കിയിരുന്നു. ട്രൂഡോയുടെ സാമ്പത്തിക നയങ്ങളിലും വരുമാനത്തിലെ അസമത്വത്തിലും ജനങ്ങള്‍ക്കിടയില്‍ അതൃപ്തിയുണ്ട്. തെരഞ്ഞെടുപ്പില്‍ ലിബറല്‍ പാര്‍ട്ടി 34.6 ശതമാനം വോട്ടു നേടുമെന്നും മുഖ്യ എതിരാളികളായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ 30.7 ശതമാനം പേര്‍ പിന്തുണയ്ക്കുമെന്നാണ് അഭിപ്രായ സര്‍വ്വേ പ്രവചനം. ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായില്ലെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളുടെ സഹായത്തോടെ ട്രൂഡോ വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തുമെന്നും സൂചനകളുണ്ട്.