സൈബര്‍ അതിക്രമത്തിനെതിരായ ഡബ്യുസിസി കാമ്പയിനുമായി മഞ്ജു വാര്യര്‍, നിശബ്ദതയും തെറ്റാണ്

സൈബര്‍ അതിക്രമത്തിനെതിരായ ഡബ്യുസിസി കാമ്പയിനുമായി മഞ്ജു വാര്യര്‍, നിശബ്ദതയും തെറ്റാണ്
Published on

സൈബര്‍ അതിക്രമത്തിനെതിരെ പൊതുബോധം വളര്‍ത്തുന്നതിനായി വിമന്‍ ഇന്‍ സിനിമാ കളക്ടീവ് നടത്തുന്ന റെഫ്യൂസ് ദ അബ്യൂസ് കാമ്പയിനുമായി കളക്ടീവ് അംഗം കൂടിയായ മഞ്ജു വാര്യര്‍. വിമന്‍ ഇന്‍ സിനിമാ കളക്ടീവില്‍ നിന്ന് മഞ്ജു വാര്യര്‍ വിട്ടുനില്‍ക്കുകയാണെന്ന് അഭ്യൂഹങ്ങള്‍ക്കിടെയാണ് റഫ്യൂസ് ദ അബ്യൂസ് കാമ്പയിനിന്റെ ഭാഗമായി ഡബ്യുസിസി അംഗങ്ങളില്‍ നിന്നുള്ള ആദ്യ വീഡിയോയില്‍ മഞ്ജു വാര്യര്‍ എത്തിയിരിക്കുന്നത്.

അഭിപ്രായ സ്വാതന്ത്ര്യമെന്ന അവകാശം ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാനോ അസഭ്യം പറയാനോ ഉള്ളതല്ലെന്ന് മഞ്ജുവാര്യര്‍ പറയുന്നു.അധിക്ഷേപിക്കുന്നവര്‍തക്കെതിരെ പാലിക്കുന്ന നിശ്ബ്ദതയും തെറ്റാണ്. ഇതിനെതിരെ സ്ത്രീകളും പുരുഷന്‍മാരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മഞ്ജുവാര്യര്‍ അഭ്യര്‍ത്ഥിക്കുന്നു. ക്യാപെയിന്റെ ഭാഗമായി പുറത്തിറക്കിയ വീഡിയോയിലൂടയാണ് അഭ്യര്‍ത്ഥന.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അധിക്ഷേപങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇരകളാവുന്നത് സ്ത്രീകളാണ്. അധിക്ഷേപിക്കലും അസഭ്യം പറയലും അവകാശമായി കാണുന്നവരുണ്ട്. ഇതിനെതിരെ ഭൂരിപക്ഷം പേരും പ്രതികരിക്കാറില്ല. അതാണ് ഇത്തരക്കാരെ വീണ്ടും ഇതിന് പ്രേരിപ്പിക്കുന്നതെന്നും മഞ്ജുവാര്യര്‍ പറയുന്നു.

സൈബര്‍ അബ്യൂസിനെതിരായ വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ കാമ്പയിനില്‍ അന്ന ബെന്‍, നിമിഷാ സജയന്‍, സാനിയ അയ്യപ്പന്‍, ശ്രിന്ദ, രഞ്ജിനി ഹരിദാസ് എന്നിവര്‍ പങ്കാളികളായിരുന്നു. വിമന്‍ ഇന്‍ സിനിമ കളക്ടീവ് അംഗങ്ങളില്‍ നിന്നുള്ള പ്രചരണ വീഡിയോയില്‍ ആദ്യത്തേതാണ് മഞ്ജു വാര്യരുടേത്. മഞ്ജു കളക്ടീവില്‍ കൂടുതല്‍ സജീവമാകുന്നതിന്റെ സൂചന കൂടിയാണ് പ്രചരണ വീഡിയോ.

മഞ്ജുവാര്യരുടെ വാക്കുകള്‍

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് നമ്മുടെത്. ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത അഭിപ്രായ സ്വാതന്ത്ര്യമാണ്. എന്നാല്‍ ഈ അഭിപ്രായ സ്വാതന്ത്ര്യം എവിടെ വരെ എന്നുള്ളൊരു ചോദ്യമുണ്ട്. ചെറിയൊരു വിഭാഗം ആളുകളെങ്കിലും ഇതിനെ ദുരുപയോഗം ചെയ്യുന്നുണ്ട്. അവര്‍ക്ക് വിയോജിപ്പുള്ള ആരെ വേണമെങ്കിലും വ്യക്തിപരമായി അധിക്ഷേപിക്കാനും അസഭ്യം പറയാനുമുള്ള അവകാശമായി ഇതിനെ കണക്കാക്കുന്നവരുണ്ട്. ഈയൊരു ആക്രമണം കൂടുതലും നേരിടുന്നത് സ്ത്രീകളാണെന്നത് ആര്‍ക്കും നിഷേധിക്കാനാവാത്ത സത്യമാണ്. ഇങ്ങനെ ചെയ്യുന്നവരോട് ഭൂരിപക്ഷം ആളുകളും പ്രതികരിക്കാറുമില്ല. അതുകൊണ്ട് തന്നെയാണ് അവരെ വീണ്ടും വീണ്ടും അങ്ങനെ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. ഇത് തടഞ്ഞേ പറ്റു. നമ്മളെല്ലാവരും, ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഇതിനെതിരെ ഒരു സമൂഹമായി ഒറ്റക്കെട്ടായി നിന്നേ പറ്റു. ഈ കാര്യത്തില്‍ നമ്മള്‍ പാലിക്കുന്ന നിശബ്ദതയും തെറ്റ് തന്നെയാണ്. റഫ്യൂസ് ദ അബ്യൂസ്

Related Stories

No stories found.
logo
The Cue
www.thecue.in