ക്രൂരമായി ആള്‍ക്കൂട്ടാക്രമണം നേരിട്ടിട്ടും നീതി കിട്ടാത്തവരാണ് സൈബര്‍ ബുള്ളിയിംഗിന് വിധേയരാകുന്നവര്‍. ഇരകളായ സ്ത്രീകളുടെ പരാതികളിലും നടപടിയുണ്ടാകുന്നില്ല.മിക്ക പരാതികളിലും ജാമ്യം കിട്ടാവുന്ന കുറ്റങ്ങളാണ് പൊലീസ് ചുമത്തുന്നത്. വ്യക്തിഹത്യയും വെര്‍ച്വല്‍ റേപ്പും നടത്തിയ പരാതികള്‍ പോലും പൊലീസ് സ്‌റ്റേഷനിലെ ഫയലില്‍ ഉറങ്ങുന്നു. സൈബര്‍ ഇടങ്ങളിലെ ക്രൈമിന് ശിക്ഷ നല്‍കാനുള്ള നിയമമില്ലെന്നതാണ് ഇത്തരം കേസുകളില്‍ തിരിച്ചടിയാകുന്നത്. ജാമ്യം ലഭിക്കുന്ന പ്രതി വീണ്ടും സൈബര്‍ ബുള്ളിയിംഗിന് ഇറങ്ങുമ്പോള്‍ അത് തടയാന്‍ പോലും സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല. ഇരകള്‍ അനുഭവിച്ച മാനസിക പീഡനങ്ങള്‍ മാത്രം ബാക്കിയാവുന്നു. കോടതിയിലെത്തുന്നതിന് മുമ്പ് തന്നെ പരാതികള്‍ ഇല്ലാതായി പോകുന്നു.
അപരിചിതനായ ഒരാളുട ഫേസ്ബുക്ക് പ്രൊഫൈലില്‍ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് സുഹൃത്താണ് അമ്മുവിനെ(യഥാര്‍ത്ഥ പേരല്ല) അറിയിക്കുന്നത്. അയാളുടെ പ്രൈഫൈലില്‍ കയറി നോക്കുമ്പോഴാണ് സ്ത്രീകളുടെ അര്‍ദ്ധ നഗ്ന ഫോട്ടോകളും അശ്ലീല കമന്റുകളും മാത്രമുള്ള സ്ഥലത്താണ് തന്റെ ഫോട്ടോയും പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് യുവതി തിരിച്ചറിയുന്നത്. ഫേസ്ബുക്കിലില്‍ ഇട്ട ഫോട്ടോയാണ് ഇയാള്‍ എടുത്തിരിക്കുന്നത്. ചുറ്റുപാടും നിന്നും കുറ്റപ്പെടുത്തലുകളും ദേഷ്യപ്പെടലും. പിറ്റേ ദിവസം പൊലീസില്‍ പരാതി നല്‍കി. ഇയാളുടെ ഫോട്ടോ സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്ത് പരിചയക്കാരനാണോയെന്ന് അന്വേഷിച്ചു. കുറച്ച് ദിവസം കഴിഞ്ഞ് ബന്ധു നഗരത്തില്‍ വെച്ച് ഇയാളെ കണ്ടുമുട്ടി. വിവരം പൊലീസില്‍ അറിയിച്ചു. കസ്റ്റഡിയിലെത്ത് ചോദ്യം ചെയ്യുമ്പോള്‍ 55കാരനായ പ്രതി കുടുംബത്തിലെ ദയനീയ സ്ഥിതി പറഞ്ഞു. തളര്‍ന്ന് കിടക്കുന്ന മകളുടെ ദുരിതം കേട്ടപ്പോള്‍ യുവതി പരാതി നല്‍കാതെ മടങ്ങി. പൊലീസ് പ്രതിയെ ഉപദേശിച്ച് വിട്ടു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ കയറി നോക്കിയ യുവതി പറയുന്നു
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അയാള്‍ ഇതേ പണി തന്നെ ചെയ്യുന്നു. സ്റ്റോറികളും ഫോട്ടോകളും അര്‍ദ്ധനഗ്ന യുവതികള്‍ തന്നെ. തളര്‍ന്ന് കിടക്കുന്ന മകളും ഒറ്റയ്ക്കായി പോകുന്ന അമ്മയെയും ഓര്‍ത്താണ് അയാള്‍ക്കെതിരെ പരാതി നല്‍കാതിരുന്നത്. പൊലീസിന്റെ ഉപദേശത്തിലൊന്നും അയാള്‍ക്ക് ഒരു മാറ്റവുമില്ലെന്ന് വ്യക്തമായി.
യുവതി
2018 ഡിസംബര്‍ 31 രാത്രി കോഴിക്കോട് സ്വദേശിയായ യുവതിയുടെ മൊബൈലിലേക്ക് വീഡിയോ കോളുകളും അശ്ലീല സന്ദേശങ്ങളും തുടര്‍ച്ചയായി എത്തി തുടങ്ങിയത്. വിവിധ ഭാഷകളില്‍ സംസാരിക്കുന്നവര്‍. ഏതൊക്കെയോ രാജ്യങ്ങളില്‍ നിന്നുള്ളവര്‍. എല്ലാവര്‍ക്കും രാത്രി വീഡിയോ കോള്‍ ചെയ്യണം. ആദ്യം പകച്ചു പോയെങ്കിലും പിന്നീട് വിളിച്ചവരില്‍ മലയാളിയാണെന്ന് പരിചയപ്പെടുത്തിയ യുവാവിനോട് നമ്പര്‍ എവിടെ നിന്നാണ് ലഭിച്ചതെന്ന് യുവതി തിരക്കി. ഡേറ്റിങ്ങ് സൈറ്റില്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നായിരുന്നു കിട്ടിയ മറുപടി. ഇത് കേട്ട് കാര്യത്തിന്റെ ഗൗരവം മനസിലാക്കിയ യുവതി ഫോണ്‍ ഓഫ് ചെയ്ത് വച്ചു. പിറ്റേ ദിവസം രാവിലെ സമീപത്തെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. കുട്ടി ഗെയിം കളിക്കുമ്പോള്‍ അറിയാതെ ഇത്തരം സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ ആദ്യ പ്രതികരണം. പിന്നെ സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ ഉപദേശവും. ഇത്തരം കേസുകളില്‍ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സിറ്റി പൊലീസ് കമ്മീഷണറെ നേരിട്ട് പരാതി നല്‍കി. സോഷ്യല്‍മീഡിയ ഉപയോഗത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ അവിടെ നിന്നും ഉപദേശം കിട്ടി. പരാതി അന്വേഷിക്കാമെന്ന് കമ്മീഷണര്‍ അറിയിച്ചു. അടുത്ത പരിചയക്കാരായിരിക്കും നമ്പര്‍ ഡേറ്റിംഗ് സൈറ്റിലിട്ടതെന്നും കമ്മീഷണര്‍ സൂചിപ്പിച്ചു.
കമ്മീഷണറുടെ നിര്‍ദേശപ്രകാരം പൊലീസ് കാര്യങ്ങള്‍ അന്വേഷിച്ചു. ആറുമാസത്തിന് ശേഷം കേസ് മടക്കിയെന്ന് സൈബര്‍ സെല്ല് പരാതി മടക്കിയെന്ന് പൊലീസ് അറിയിച്ചു.സ്റ്റേഷനിലേക്ക് വിളിപ്പിച്ച് മൊഴി എടുത്തു. അന്വേഷിക്കാമെന്ന് പറഞ്ഞതല്ലാതെ തുടര്‍നടപടികളുണ്ടായില്ല.
പരാതിക്കാരിയായ യുവതി
ഫേസ്ബുക്കില്‍ സംഘപരിവാറിനെതിരെ പോസ്റ്റിട്ടതിന്റെ പേരിലാണ് അധ്യാപികയും എഴുത്തുകാരിയുമായ അനു പാപ്പച്ചനും കുടുംബത്തിനും എതിരെ സൈബര്‍ ആക്രമണം ഉണ്ടായത്. സ്ത്രീ എതിര്‍പക്ഷത്ത് നില്‍ക്കുമ്പോള്‍ രാഷ്ട്രീയമോ കക്ഷിയോ സംഘടനയോ ഭേദമില്ലാതെ തെറിവിളിക്കുമെന്ന് അനു പാപ്പച്ചന്‍ പറയുന്നു. സംഘപരിവാരിന് ആകെ അറിയാവുന്നത് അശ്ലീലഭാഷയായത് കൊണ്ട് അവരത് പ്രയോഗിച്ചു. കേസ് കൊടുത്തപ്പോള്‍ പൊലീസ് അന്വേഷിക്കാമെന്ന തണുത്ത പ്രതികരണം മാത്രമാണുണ്ടായത്.എതിരഭിപ്രായം പോസ്റ്റ് ചെയ്ത സ്ത്രീയുടെ വിവരങ്ങള്‍ എല്ലാ ഗ്രൂപ്പുകളിലും കൊണ്ടുപോയി ഇട്ട് ആള്‍ക്കൂട്ടമായി വരും. കമന്റിന് മറുപടി പറയുന്നതിന് മുമ്പ് തന്നെ അകൗണ്ട് പൂട്ടിച്ചതായി അനു പാപ്പച്ചന്‍ പറയുന്നു. മകളെ പോലും വെറുതെ വിട്ടില്ല. വിയോജിപ്പുകളെ സഭ്യമായ ഭാഷയില്‍ എതിര്‍ക്കാമല്ലോ.
ഒരു കേസിലെങ്കിലും പ്രതികള്‍ ശിക്ഷിക്കപ്പെട്ടിരുന്നുവെങ്കില്‍ ഇത് ആവര്‍ത്തിക്കില്ലായിരുന്നു. നിയമം കര്‍ശനമാകുമ്പോള്‍ മാത്രമാണ് ഇതിന് അവസാനമുണ്ടാകുക.
അനു പാപ്പച്ചന്‍
മുതിര്‍ന്ന നടനെതിരെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ നടി പാര്‍വ്വതി തിരുവോത്തിനെതിരെ ഫാന്‍സ് സൈബര്‍ ആക്രമണം അഴിച്ചു വിട്ടു. പാര്‍വ്വതിയുടെ പരാതിയില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യം കിട്ടി പുറത്തിറങ്ങി. ഇതിലൊരാള്‍ ഇപ്പോഴും സൈബര്‍ ബുള്ളിംഗിന്റെ ഭാഗമാണെന്നാണ് ആരോപണം. ജാമ്യം നല്‍കുമ്പോഴെങ്കിലും ഇത് തുടരരുതെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തണമെന്ന് പാര്‍വതിയുടെ അഭിഭാഷകനായ അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ പറയുന്നു. അങ്ങനെയെങ്കില്‍ ജാമ്യം റദ്ദാക്കാനെങ്കിലും കഴിയും. സൈബര്‍ ക്രൈമില്‍ നിയമ നിര്‍മ്മാണത്തിന് വേണ്ടി സ്പീക്കര്‍ക്ക് കത്ത് നല്‍കിയതായി . മുഖ്യമന്ത്രി അത് നിയമവകുപ്പിന് കൈമാറി. കേരളത്തില്‍ നിയമനിര്‍മ്മാണം ആവശ്യമാണെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു.
ചെന്നായ പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ പുറത്തിറങ്ങരുതെന്ന് ആട്ടിന്‍കുട്ടിയോട് പറയുന്നത് പോലെയാണ് സ്ത്രീകള്‍ക്ക് പൊലീസ് നല്‍കുന്ന ഉപദേശം. പൊതുസ്ഥലങ്ങളില്‍ ക്രൈം ആകുന്നത് സൈബര്‍ സ്‌പേസില്‍ അങ്ങനെയല്ലെന്നതാണ് പ്രശ്‌നം. സംസ്ഥാന സര്‍ക്കാരെങ്കിലും നിയമം കൊണ്ടു വരാന്‍ തയ്യാറാകണം.
ഹരീഷ് വാസുദേവന്‍