കെയര്‍ ഹോം പദ്ധതി അട്ടിമറിക്കുന്നു; സാമൂഹ്യനീതി ഉദ്യോഗസ്ഥര്‍ക്കെതിരെ ട്രാന്‍സ്‌ജെന്റുകള്‍ 

കെയര്‍ ഹോം പദ്ധതി അട്ടിമറിക്കുന്നു; സാമൂഹ്യനീതി ഉദ്യോഗസ്ഥര്‍ക്കെതിരെ ട്രാന്‍സ്‌ജെന്റുകള്‍ 

Published on

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി സാമൂഹ്യനീതി വകുപ്പ് ഒരുക്കുന്ന ട്രാന്‍സ്‌കേരള പദ്ധതി ഉദ്യോഗസ്ഥര്‍ മുടക്കുന്നതായി പരാതി. കോഴിക്കോട് ജില്ലയില്‍ പദ്ധതിയുടെ നടത്തിപ്പ് ചുമതല ലഭിച്ച പുനര്‍ജ്ജനി കള്‍ച്ചറല്‍ സൊസൈറ്റിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. തിരുവനന്തപുരത്തും എറണാകുളത്തും ആരംഭിച്ചിട്ടും കോഴിക്കോട് പദ്ധതി തുടങ്ങാന്‍ ഉദ്യോഗസ്ഥര്‍ തടസ്സം നില്‍ക്കുന്നുവെന്ന് കാണിച്ച് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍.

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് താമസിക്കാന്‍ ഇടം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായപ്പോളാണ് ഭക്ഷണമുള്‍പ്പെടെ എല്ലാ സൗകര്യങ്ങളുമുള്ള ഷോര്‍ട്ട് സ്‌റ്റേ ഹോമുകള്‍ ആരംഭിക്കാന്‍ സാമൂഹ്യനീതി വകുപ്പ് തീരുമാനിച്ചത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളില്‍ തുടങ്ങുന്ന പദ്ധതി രണ്ടാംഘട്ടില്‍ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കെയര്‍ ഹോമുകളുടെ നടത്തിപ്പ് ചുമതല കമ്യൂണിറ്റി ബേസ്ഡ് ഓര്‍ഗനൈസേഷനുകള്‍ക്കാണ് നല്‍കുന്നത്. മഴവില്ല് പദ്ധതിയുടെ ഭാഗമായുള്ള കോഴിക്കോട്ടെ ഹോം ഉദ്ഘാടനത്തിനൊരുങ്ങുമ്പോഴാണ് നടത്തിപ്പ് ചുമതല ലഭിച്ച പുനര്‍ജ്ജനി പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

ജില്ലയില്‍ പദ്ധതി തുടങ്ങുന്നതിനാവശ്യമായ തുക സര്‍ക്കാര്‍ മൂന്ന് മാസം മുമ്പ് അനുവദിച്ചു. 583000 പുനര്‍ജ്ജനിയുടെ അകൗണ്ടിലെത്തി. 25 പേര്‍ക്ക് താമസിക്കാനുള്ള വീട് കണ്ടെത്താനുള്ള ചുമതലയും ഇവര്‍ക്കായിരുന്നു. പ്രതിമാസം 38000 രൂപ വാടക നല്‍കേണ്ട വീട് സംഘടന കണ്ടെത്തി. ഇവിടെ ഇത്രപേര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഇല്ലെന്ന് സാമൂഹ്യനീതി വകുപ്പ് റിപ്പോര്‍ട്ട് നല്‍കി. പകരം ഫറോക്ക് പരുത്തിപ്പാറയില്‍ സ്ഥലം വകുപ്പ് തന്നെ കണ്ടെത്തിയെങ്കിലും നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെയാണെന്നതും സൗകര്യം കുറവാണെന്നും ചൂണ്ടിക്കാട്ടിയാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ പ്രതിഷേധിച്ചത്.

ഉദ്യോഗസ്ഥര്‍ സംഘടനയുമായി ആലോചിക്കാതെയാണ് ഫ്‌ളാറ്റെടുക്കാന്‍ തീരുമാനിച്ചത്. പണം കിട്ടിയിട്ടും ഹോം തുടങ്ങാന്‍ വൈകുന്നത് ഉദ്യോഗസ്ഥര്‍ കാരണമാണ്. അവര്‍ ഓരോ തടസ്സങ്ങള്‍ പറഞ്ഞ് നീട്ടിവെക്കുയാണ്. നഗരത്തില്‍ നിന്ന് അകലയല്ലാത്ത ഇടം വേണമെന്നാണ് സംഘടനയുടെ ആവശ്യം. ഇത് സാമൂഹ്യനീതി ഉദ്യോഗസ്ഥര്‍ അനുവദിക്കുന്നില്ല.

സിസിലി ജോര്‍ജ്ജ്, പുനര്‍ജ്ജനി പ്രസിഡന്റ്

ട്രാന്‍സ് വുമണിന് വേണ്ടിയാണ് കോഴിക്കോട് ജില്ലയില്‍ കെയര്‍ ഹോം സൗകര്യം ഒരുക്കുന്നത്. നാല് സിംഗിള്‍ ബെഡ്‌റും ഫ്‌ളാറ്റില്‍ ഇരുപത്തിയഞ്ച് പേരെ താമസിപ്പിക്കാനാവില്ലെന്നും അടുക്കള സൗകര്യമില്ലെന്നുമാണ് പുനര്‍ജ്ജിനിയുടെ വാദം. തങ്ങള്‍ കണ്ടെത്തിയ വീട് തന്നെ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംഘടന ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കി. ഇതിന് പിന്നാലെ ഫ്‌ളാറ്റുടമ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യപ്പെട്ടെന്നും കാണിച്ച് സിസിലി വീണ്ടും കളക്ടര്‍ക്ക് പരാതി നല്‍കി.

കെയര്‍ ഹോമിന്റെ ഉദ്ഘാടന പരിപാടി നടക്കാനിരിക്കെയാണ് പുനര്‍ജ്ജനി പരാതിയുമായെത്തിയിരിക്കുന്നതെന്നും ഇനി എപ്പോള്‍ തുറന്നു കൊടുക്കാന്‍ കഴിയുമെന്നറിയില്ലെന്നും സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. കെട്ടിടം നിശ്ചയിച്ചതില്‍ ജില്ലാ ഓഫീസുമായി ബന്ധമില്ലെന്നും സംസ്ഥാനതലത്തിലാണ് ബന്ധപ്പെട്ട കാര്യങ്ങള്‍ നടന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ട്രാന്‍സ് വിഭാഗത്തിലുള്ള ജീവനക്കാരെ ഹോമിലേക്കായി നിയമിച്ചിട്ടുണ്ട്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നവര്‍ക്കാണ് താല്‍ക്കാലിക താമസസൗകര്യം ഒരുക്കുന്നത്. ചികിത്സയുടെ ഭാഗമായുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കാനും മാനസിക പിന്തുണ നല്‍കാനുമുള്ള സൗകര്യം ഇവിടെ ഒരുക്കും.

logo
The Cue
www.thecue.in