യൂത്ത് ലീഗ് നേതാവ് സൈബര്‍ ഇടങ്ങളില്‍ വ്യക്തിഹത്യ നടത്തുന്നുവെന്ന പരാതിയുമായി മുന്‍ ഹരിത നേതാവ്. സമൂഹത്തിന് മുന്നില്‍ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ പോസ്റ്റുകളും കമന്റുകളും ഇടുന്നു. ഹരിതയുടെ മുന്‍ നേതാക്കള്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങളില്‍ അവര്‍ക്കൊപ്പം നിലപാടെടുത്ത ആഷിക ഖാനമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സൈബര്‍ ഇടത്തില്‍ അപമാനിക്കുന്നതിനെതിരെ മുസ്ലിംലീഗ് നേതൃത്വത്തിന് ഇന്ന് പരാതി നല്‍കുമെന്ന് ആഷിക ഖാനം ദ ക്യുവിനോട് പറഞ്ഞു.
ആറുമാസമായി തുടര്‍ച്ചയായി അക്രമിക്കുന്നു. ഇതിനെത്തുടര്‍ന്ന് ഡിസംബര്‍ 27ന് മലപ്പുറം സൈബര്‍ പോലീസില്‍ പരാതി നല്‍കി. ചാപ്പനങ്ങാടി സ്വദേശി മുഹമ്മദ് അനീസാണ് വ്യാജ അകൗണ്ടിന് പിന്നിലെന്ന് കണ്ടെത്തി. അനീസിനൊപ്പം എം.എസ്.എഫ് നേതാക്കള്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി വി.എ വഹാബ് ചാപ്പനങ്ങാടിയും കോട്ടയ്ക്കല്‍ മണ്ഡലം പ്രസിഡന്റ് ഒ.പി റൗഫുമായിരുന്നു ഉണ്ടായിരുന്നു. ഇക്കാര്യം പാര്‍ട്ടി അന്വേഷിക്കണം.
അനീസിനെ മുന്‍പരിചയമില്ലെന്ന് ആഷിക ഖാനം വ്യക്തമാക്കി. സ്ത്രീകളുടെ പേരിലുള്ള ഐഡികള്‍ ഉപയോഗിച്ചായിരുന്നു സൈബര്‍ അക്രമണം. ആര്‍ക്കോ വേണ്ടി തന്നെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്ന് ആഷിക ഖാനം ആരോപിക്കുന്നു. ഇയാള്‍ക്ക് റാക്കറ്റുമായി ബന്ധമുണ്ടോയെന്ന് സംശയിക്കുന്നു.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിനെതിരെ ഹരിതയിലെ മുന്‍ നേതാക്കള്‍ ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ ആഷിക ഖാനം പിന്തുണച്ചിരുന്നു. സര്‍സെയ്ദ് കോളേജില്‍ എം.എസ്.എഫിന്റെ യൂണിറ്റ് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. അത്തരം നിലപാട് സ്വീകരിച്ചതായിരിക്കാം സൈബര്‍ ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. തുടര്‍ച്ചയായി അക്രമണം നടക്കുന്നത് എന്തുകൊണ്ടാണെന്നും എം.എസ്.എഫ് നേതൃത്വത്തിന് ഇതില്‍ പങ്കുണ്ടോയെന്നും പാര്‍ട്ടി അന്വേഷിക്കണമെന്നും ആഷിക ഖാനം ആവശ്യപ്പെടുന്നു.