പോലീസിന്റേത് അക്രമികള്‍ക്ക് എന്നെ എറിഞ്ഞു കൊടുക്കുന്ന നിലപാട്; സര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നു: ബിന്ദു അമ്മിണി

പോലീസിന്റേത് അക്രമികള്‍ക്ക് എന്നെ എറിഞ്ഞു കൊടുക്കുന്ന നിലപാട്; സര്‍ക്കാര്‍ നിശബ്ദത പാലിക്കുന്നു: ബിന്ദു അമ്മിണി
Published on
Q

കോഴിക്കോട് ബീച്ചില്‍ വെച്ച് ഇന്നലെ വീണ്ടും ആക്രമിക്കപ്പെട്ടിരിക്കുന്നു. എന്തായിരുന്നു സംഭവിച്ചത്?

A

സംഘപരിവാര്‍ എന്നെ അക്രമിക്കാനുള്ള ആഹ്വാനം ഗ്രൂപ്പുകള്‍ വഴി നല്‍കിയിട്ടുണ്ട്. അതിന്റെ ഭാഗമായിരുന്നു ഇന്നലത്തെ സംഭവവും. എന്നെ എവിടെ കണ്ടാലും അക്രമിക്കുക എന്നതാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. അക്രമികളെ സംരക്ഷിക്കുന്നതും സംഘപരിവാര്‍ ഗ്രൂപ്പുകളാണ്. എന്നെ അക്രമിക്കുമ്പോള്‍ അവര്‍ക്ക് സാമ്പത്തിക ലാഭവുമുണ്ട്. പബ്ലിസിറ്റിയും കിട്ടും. വീരപരിവേഷവും ലഭിക്കും. അവര്‍ക്ക് മൈലേജ് കിട്ടുന്നത് കൊണ്ടാണ് ആളെ കിട്ടുന്നത്. അക്രമിക്ക് സ്വീകരണവും നല്‍കുന്നുണ്ട് സംഘപരിവാര്‍ ഗ്രൂപ്പുകള്‍. പ്രതീഷ് വിശ്വനാഥനുള്‍പ്പെടെ ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്വീകരണം നല്‍കി. സ്വീകരണവും പണവും ലഭിക്കുന്നതിനൊപ്പം പോലീസ് കാണിക്കുന്ന നിശബ്ദതയും എന്നെ ആക്രമിക്കുന്നതിന് കൂടുതല്‍ താല്‍പര്യമുണ്ടാക്കുന്നു.

ഇയാളെ മുന്‍ പരിചയമില്ല. ഒരു സംഘം ആളുകള്‍ അവിടെയെത്തി പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.ശബരിമല കയറിയ ചേച്ചിയാണെന്ന് പരിഹസിക്കുന്നുണ്ടായിരുന്നു. അക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. ഇത് വീഡിയോ എടുത്തിരുന്നു. ആ സമയത്ത് കൊയിലാണ്ടിയിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഓഫീസറെ വിളിച്ച് അറിയിച്ചു. അവരുടെ പരിധിയിലല്ല എന്നാണ് മറുപടി കിട്ടിയത്. അക്രമം നടക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് പോലീസില്‍ അറിയിച്ചിട്ടും സംഭവിച്ചത് ഇതാണ്. ആ ദൃശ്യങ്ങളില്‍ കാണാമല്ലോ പൊതുസ്ഥലത്ത് വെച്ചാണ് അക്രമിക്കപ്പെട്ടത്. ഓട്ടോറിക്ഷയിലിരിക്കുമ്പോള്‍ അയാള്‍ എന്നെ തടഞ്ഞു. പോലീസ് എത്തി എന്നെ ബലം പ്രയോഗിച്ച് അവരുടെ വണ്ടിയില്‍ കയറ്റാന്‍ ശ്രമിച്ചു. ആ വണ്ടിയില്‍ വരില്ലെന്നും ഓട്ടോയില്‍ തന്നെ എത്താമെന്നും പറഞ്ഞു. അക്രമം നടക്കുമ്പോള്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു. ഇവിടെ ജീവിക്കാന്‍ പറ്റില്ല. ഇന്ത്യ തന്നെ വിട്ട് പുറത്ത് പോകാനാണ് ഇപ്പോള്‍ ആലോചിക്കുന്നത്.

Q

ഇന്നലെയും പോലീസിന്റെ ഭാഗത്ത് നിന്നും പിന്തുണ ലഭിച്ചില്ലേ

A

പ്രതിയെ സംരക്ഷിക്കുന്ന നിലപാട് തന്നെയാണ് ഇന്നലെയും പോലീസ് സ്വീകരിച്ചത്. ആ പ്രദേശത്തുള്ള ആളാണ്. ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകനാണ്. പോലീസിന് അറിയാവുന്ന ആളാണ്. അയാള്‍ ഫോണ്‍ ചെയ്തിട്ടാണ് പോലീസ് അവിടെ എത്തിയത്. എന്നെ സംരക്ഷിക്കാനല്ല പോലീസ് എത്തിയത്. എന്നെ അറസ്റ്റ് ചെയ്യാനായിട്ടായിരുന്നു പോലീസ് എത്തിയത്. എന്നിട്ടാണ് മദ്യലഹരിയില്‍ എന്നെ അക്രമിച്ചുവെന്ന് പോലീസ് പറയുന്നത്. അയാളുടെ പേരും മറ്റും വിവരങ്ങളും ആര്‍.എസ്.എസ് ബന്ധവും പോലീസ് മറച്ചുവെയ്ക്കുകയാണ്. നിങ്ങള്‍ വിളിച്ച് നോക്കിയാലും പോലീസ് അയാളുടെ വിവരങ്ങള്‍ നല്‍കില്ല. പ്രതിയെ സംരക്ഷിക്കുകയാണ് കേരളാ പോലീസ്. സ്റ്റേഷനില്‍ നിന്നും ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് അക്രമിക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ പോലീസ് എന്തിനാണ് സംരക്ഷിക്കുന്നത്. ഒത്തുകളി നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്. കേരള പോലീസില്‍ എനിക്ക് വിശ്വാസമില്ല. അവനവന്റെ സുരക്ഷ അവനവന്‍ നോക്കണം എന്നാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത്. പ്രതിരോധിക്കുക എന്നത് മാത്രമാണ് മുന്നിലുള്ള വഴി.

Q

തുടര്‍ച്ചയായി ആക്രമിക്കപ്പെടുന്നു. അഞ്ച് തവണ അക്രമിക്കപ്പെട്ടു. കഴിഞ്ഞ മാസം കൊയിലാണ്ടി പൊയില്‍ക്കാവില്‍ വെച്ച് ഓട്ടോ ഇടിച്ചു വീഴ്ത്തിയിരുന്നല്ലോ.

A

അഞ്ച് തവണയല്ല. പത്തോളം തവണ അക്രമിക്കപ്പെട്ടു. കേസ് കൊടുത്തത് അഞ്ചെണ്ണമാണ്. നിരന്തരം അക്രമിക്കപ്പെടുന്നു. പോലീസില്‍ പരാതി കൊടുത്താല്‍ നീതി കിട്ടുന്നില്ല.

Q

നിരന്തരം അക്രമിക്കപ്പെടുകയും ജീവന് ഭീഷണി നിലനില്‍ക്കുകയും ചെയ്യുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി ഈ വിഷയത്തെ എടുക്കുന്നില്ലെന്ന് തോന്നുന്നില്ലേ

A

സര്‍ക്കാര്‍ ഈ വിഷയത്തെ ഗൗരവമായി എടുക്കുന്നില്ല. ഒരു നടപടിയും സ്വീകരിക്കുന്നില്ല. സുപ്രീം കോടതി ഉത്തരവ് പ്രകാരം എനിക്ക് സംരക്ഷണം നല്‍കേണ്ടതാണ്. എന്നിട്ടും സംരക്ഷണം നല്‍കുന്നില്ല. ഞാന്‍ കൊടുക്കുന്ന പരാതികളില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയോ ശരിയായ രീതിയില്‍ അന്വേഷണം നടത്തുകയോ ചെയ്യുന്നില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുന്നു. അക്രമികള്‍ക്ക് എന്നെ എറിഞ്ഞു കൊടുക്കുന്ന നിലപാടാണ് പോലീസ് ഇപ്പോള്‍ സ്വീകരിക്കുന്നത്.

Q

സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് ശബരിമല കയറിയത്. സ്ത്രീ പ്രവേശനത്തില്‍ അനുകൂല നിലപാടായിരുന്നു സര്‍ക്കാരിനും. ഇപ്പോള്‍ ഇങ്ങനെ നിരന്തരം അതിന്റെ പേരില്‍ ആക്രമിക്കപ്പെടുമ്പോള്‍ സര്‍ക്കാര്‍ നിശബ്ദമായിരിക്കുന്നത് എന്തുകൊണ്ടായിരിക്കും

A

ലിംഗനീതിയുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതിയില്‍ പോയത്. സുപ്രീംകോടതി വിധിയുള്ളത് കൊണ്ടാണ് ശബരിമലയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു സമീപനം പ്രതീക്ഷിച്ചില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വീണ്ടും ഇടതുപക്ഷം അധികാരത്തിലെത്താന്‍, ലിംഗനീതി നടപ്പാക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ എന്ന നിലയില്‍ ഒരുപാട് പേര്‍ വോട്ട് ചെയ്തിരുന്നു. അതില്‍ നിന്നുള്ള നിലപാട് മാറ്റമാണ് സര്‍ക്കാരിന്റെതെന്ന് പറയേണ്ടി വരും.

Q

അക്രമിക്കപ്പെട്ടപ്പോള്‍ എപ്പോഴെങ്കിലും സര്‍ക്കാരുമായി ബന്ധപ്പെട്ട ആരെങ്കിലും വിളിക്കുകയോ കാര്യങ്ങള്‍ അന്വേഷിക്കുകയോ ചെയ്തിരുന്നോ

A

ഇതുവരെ ഉണ്ടായിരുന്നില്ല. ഇന്നലെ വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി വിളിച്ചിരുന്നു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വിഷയം ശ്രദ്ധയില്‍പ്പെട്ടുവെന്ന് പറഞ്ഞു. മറ്റൊന്നും സംസാരിച്ചിട്ടില്ല.

Related Stories

No stories found.
logo
The Cue
www.thecue.in