ആവിഷ്കാര സ്വാതന്ത്ര്യത്തെയും സിനിമാ വ്യവസായത്തെയും പ്രതികൂലമായി ബാധിക്കുന്ന വ്യവസ്ഥകൾ ഉൾപ്പെടുത്തിയുള്ള സിനിമാട്ടോഗ്രാഫ് നിയമഭേദഗതിയെ തുറന്നെതിർത്ത് ഫിലിം ചേംബർ പ്രസിഡന്ററും മുതിർന്ന നിർമ്മാതാവുമായ ജി.സുരേഷ് കുമാർ. സിനിമാട്ടോഗ്രഫി നിയമത്തിലെ 5 ബി(1) വകുപ്പിന്റെ ലംഘനമുണ്ടായാൽ നേരത്തേ സെൻസർ ബോർഡ് അനുമതി നൽകിയ സിനിമ സർക്കാരിന് വീണ്ടും പരിശോധിക്കാനാവുന്നതടക്കമുള്ള ഭേദഗതി ഡ്രക്കോണിയൻ നിയമം ആണെന്ന് ജി.സുരേഷ് കുമാർ. കേരളത്തിലെ ചലച്ചിത്ര വ്യവസായത്തിലൂന്നിയ സംഘടനകളുടെ മേൽഘടകം ആണ് ഫിലിം ചേംബർ.
ഡിജിറ്റൽ മീഡിയയ്‌ക്കായുള്ള സ്വയം നിയന്ത്രണവും തിയറ്റർ, സാറ്റലൈറ്റ് എക്സിബിഷന്റെ കർശന നിയമങ്ങളും ആശങ്കയ്ക്ക് കാരണമാകുമെന്നും എല്ലാവരും പ്രതിഷേധത്തിൽ പങ്കുചേരണമെന്നും അദ്ദേഹം പറഞ്ഞു.
സിബിഎഫ്‌സിയുടെ അനുവാദത്തോടെ പ്രേക്ഷകരുടെ അരികിലേക്ക് സിനിമ എത്തുമ്പോൾ ഏതെങ്കിലും വ്യക്തികളുടെയോ സംഘടനകളുടെയോ പരാതിന്മേൽ കേന്ദ്രസർക്കാരിന് സിനിമയുടെ ഉള്ളടക്കം പുനഃപരിശോധിക്കാം എന്നാണ് ഇപ്പോഴത്തെ സിനിമാറ്റോഗ്രാഫ് നിയമ ഭേദഗതി പറഞ്ഞിരിക്കുന്നത്. അതായത് അപകീർത്തികരമോ ധാർമികതയ്‌ക്ക് നിരക്കാത്തതോ കോടതിയലക്ഷ്യമായി ബന്ധപ്പെട്ടതോ രാജ്യ താത്പര്യം രാജ്യസുരക്ഷ സൗഹൃദ രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധം പൊതു സമാധാനം എന്നിവയ്ക്ക് എതിരായി ആർക്കെങ്കിലും തോന്നുകയാണെങ്കിൽ (വ്യക്തിക്കോ സംഘടനയ്‌ക്കോ ഒരു വിഭാഗം ആളുകൾക്കോ) സിബിഎഫ്‌സി അനുമതിയെ മറികടന്നു കൊണ്ട്, കേന്ദ്രസർക്കാരിന് സിനിമയെ പുന:പരിശോധനയ്ക്ക് വിധേയമാക്കാൻ കഴിയും.