ദുരഭിമാന കൊല പ്രമേയമാക്കി ഒരു രാത്രി ഒരു പകല്‍, ക്രൗഡ് ഫണ്ടിംഗില്‍ വീണ്ടുമൊരു മലയാള ചിത്രം

ദുരഭിമാന കൊല പ്രമേയമാക്കി ഒരു രാത്രി ഒരു പകല്‍, ക്രൗഡ് ഫണ്ടിംഗില്‍ വീണ്ടുമൊരു മലയാള ചിത്രം

Published on

ദുരഭിമാന കൊല പ്രമേയമാക്കി പ്രതാപ് ജോസഫിന്റെ പുതിയ സിനിമ. കുറ്റിപ്പുറം പാലം, അവള്‍ക്കൊപ്പം, രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ എന്നീ ഫീച്ചര്‍ സിനിമകള്‍ക്കും ഫ്രെയിം, കാണുന്നുണ്ടോ, 52 സെക്കന്‍ഡ്സ് എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ക്കും ശേഷം പ്രതാപ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒരു രാത്രി ഒരു പകല്‍'. കേരളത്തില്‍ സമീപകാലത്ത് നടന്ന ദുരഭിമാന കൊലകളുടെ പശ്ചാത്തലത്തില്‍ ആണ് സിനിമയെന്ന് സംവിധായകന്‍ പ്രതാപ് ജോസഫ്.

ഷൊറണൂര്‍ മാന്നന്നൂരിനടുത്തുള്ള തൈതല്‍ ഗ്രാമവും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. പുതുമുഖം യമുന ചുങ്കപ്പള്ളിയും മാരിയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

മിനിമല്‍ സിനിമയുടെ ബാനറില്‍ പൂര്‍ണമായും ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് സിനിമ പൂര്‍ത്തിയാക്കിയിരിക്കുന്നതെന്ന് സംവിധായകന്‍. ചലച്ചിത്ര നിരൂപകനും ഫിലിം ഫെസ്റ്റിവലുകളിലെ സാന്നിധ്യവും ചലച്ചിത്രമേളകളുടെ സംഘാടകനുമായ ഡാല്‍ട്ടന്‍ ജെ.എല്‍. ആണ് നിര്‍മാണ പങ്കാളി.

ദേശീയ- സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ സൗണ്ട് ഡിസൈനര്‍ ഷൈജു എം. ആണ് ശബ്ദവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. ആനന്ദ് പൊറ്റക്കാട്, ഗിരീഷ് രാമന്‍ എന്നിവരാണ് ക്യാമറ. സലീം നായര്‍ പശ്ചാത്തല സംഗീതവും ജോണ്‍ ആന്റണി കളറിങ്ങും റഹൂഫ് കെ. റസാഖ് പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. പാട്ട് എഴുതി ആലപിച്ചിരിക്കുന്നത് ശരത് ബുഹോയും കുറ്റിച്ചൂളന്‍ ബാന്‍ഡും ചേര്‍ന്നാണ്. ലെനന്‍ ഗോപന്‍, അര്‍ച്ചന പത്മിനി, ശുഐബ് ചാലിയം എന്നിവരാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. സ്റ്റില്‍ ഫോട്ടോഗ്രഫി വൈശാഖ് ഉണ്ണികൃഷ്ണന്‍. ടൈറ്റില്‍ ഡിസൈന്‍ ദിലീപ് ദാസ്. ക്രിയേറ്റീവ് സപ്പോര്‍ട്ട് ആന്റണി ജോര്‍ജ്ജ്, അപര്‍ണ ശിവകാമി, ഇന്ദ്രജിത്ത്.

നിരവധി ആളുകളുടെ പ്രതിഫലേച്ഛയില്ലാത്ത സഹകരണം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്നും അധികം വൈകാതെതന്നെ ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം നടത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രതാപ് ജോസഫ്.

logo
The Cue
www.thecue.in