സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു
സംവിധായകന്‍ ബാബു നാരായണന്‍ അന്തരിച്ചു (അനില്‍ ബാബു). ഇന്ന് രാവിലെ തൃശൂരിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. സംവിധായകന്‍ അനില്‍ കുമാറുമായി ചേര്‍ന്ന് 'അനില്‍ ബാബു'വെന്ന പേരില്‍ 24 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
ഹരിഹരന്റെ സംവിധാന സഹായിയായിട്ടാണ് ചലച്ചിത്ര രംഗത്തേക്ക് കോഴിക്കോട്ട് കാരനായ ബാബു നാരായണന്‍ സിനിമയിലേക്ക് പ്രവേശിക്കുന്നത്. അന്ന് പി ആര്‍ എസ് ബാബു എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. നെടുമുടി വേണു, പാര്‍വതി, മുരളി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ അനഘയാണ് ആദ്യ ചിത്രം.
പിന്നീട് സംവിധായകന്‍ അനിലുമായി സൗഹൃദത്തിലാകുകയും ഇരുവരും ഒന്നിച്ച് ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു. 1992ല്‍ മാന്ത്രികചെപ്പിലൂടെ അനില്‍ ബാബു എന്ന സംവിധായകജോടി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. തൊണ്ണൂറുകളില്‍ ഒരുപാട് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഇരുവരും ചേര്‍ന്നൊരുക്കി. സ്ത്രീധനം, കുടുംബ വിശേഷം, അരമന വീടും അഞ്ഞൂറേക്കറും, കളിയൂഞ്ഞാല്‍, പട്ടാഭിഷേകം, വെല്‍കം ടു കൊടൈകനാല്‍, ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ്, അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്, ഉത്തമന്‍, കളിയൂഞ്ഞാല്‍, മയില്‍പ്പീലിക്കാവ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. 2004 ല്‍ ഇറങ്ങിയ പറയാം ആയിരുന്നു ആ ഇരട്ട സംവിധായക കൂട്ടുകെട്ടിലെ അവസാന ചിത്രം.
ഒരിടവേളയ്ക്ക് ശേഷം മംമ്തയെ നായികയാക്കി 2014ല്‍ റ്റു നൂറാ വിത്ത് ലൗ എന്ന ചിത്രം സംവിധാനം ചെയ്തു.സ്‌കൂള്‍ അദ്ധ്യാപികയായ ജ്യോതി ലക്ഷ്മിയാണ് ഭാര്യ, ലാല്‍ ജോസ് ചിത്രമായ തട്ടിന്‍പുറത്ത് അച്യുതനിലെ കുഞ്ചാക്കോ ബോബന്റെ നായികയായി വന്ന ശ്രാവണയും അസിസ്റ്റന്റ് ക്യാമറാമാന്‍ ദര്‍ശന്‍ എന്നിവരും മക്കളാണ്.
മൃതദേഹം തൃശ്ശൂര്‍ ചെമ്പൂക്കാവിലെ വസതിയില്‍ മൂന്നരമണി വരെ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകീട്ട് 4 ന് പാറമേക്കാവ് ശാന്തികവാടത്തില്‍