Factcheck: കോള്‍ ഇന്ത്യയില്‍ 88585 ഒഴിവുകളെന്നത് തട്ടിപ്പ്, പ്രചരിക്കുന്നത് വ്യാജ വിജ്ഞാപനം
പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കോള്‍ ഇന്ത്യ ലിമിറ്റഡില്‍ 88585 ഒഴിവുകള്‍ എന്ന രീതിയില്‍ പ്രചരിക്കുന്നത് വ്യാജ വിജ്ഞാപനം. കോള്‍ ഇന്ത്യ ലിമിറ്റഡിന് കീഴിലുള്ള സൗത്ത് സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സിലെ 88585 തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചെന്നായിരുന്നു പ്രചരിച്ചത്. കല്‍ക്കരി മന്ത്രാലയത്തിന്റെ കീഴിലെ സ്ഥാപനമാണ് സൗത്ത് സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡ് എന്നും വ്യക്തമാക്കിയായിരുന്നു വ്യാജ വിജ്ഞാപനം. sscl.in എന്ന വെബ്‌സൈറ്റിലാണ് ഇത് പ്രത്യക്ഷപ്പെട്ടത്. മലയാളത്തില്‍ ഉള്‍പ്പെടെ വിവിധ ഭാഷകളിലുള്ള മാധ്യമങ്ങളിലും തൊഴില്‍ പ്രസിദ്ധീകരണങ്ങളിലും ഇതുസംബന്ധിച്ച് വാര്‍ത്ത വന്നിരുന്നു.
എന്നാല്‍ ഇത് വ്യാജ തൊഴില്‍ അറിയിപ്പാണെന്ന് വ്യക്തമാക്കി കോള്‍ ഇന്ത്യ തന്നെ രംഗത്തെത്തി. തങ്ങള്‍ക്ക് കീഴില്‍ എസ്എസ്‌സിഎല്‍ എന്നൊരു കമ്പനി പ്രവര്‍ത്തിക്കുന്നില്ലെന്ന് കോള്‍ ഇന്ത്യ വ്യക്തമാക്കി. എസ്എസ്‌സിഎല്‍. ഇന്‍ എന്ന വെബ്‌സൈറ്റും വ്യാജമാണ്.ഈ സൈറ്റ് ഇപ്പോള്‍ ലഭ്യവുമല്ല. www.coalindia.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് മാത്രമേ കോള്‍ ഇന്ത്യയ്ക്ക് ഉള്ളൂ. ഉദ്യോഗാര്‍ത്ഥികള്‍ വ്യാജ പ്രചരണങ്ങളില്‍ വീഴരുതെന്നും ജാഗ്രത പുലര്‍ത്തണമെന്നും കോള്‍ ഇന്ത്യ ലിമിറ്റഡ് അറിയിക്കുന്നു. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിനുള്ള ശ്രമമാണ് നടന്നത്. അപേക്ഷകരില്‍ നിന്ന് പ്രൊസസിംഗ് ഫീസ് ഈടാക്കിയുള്ള തട്ടിപ്പാണ് ലക്ഷ്യമിട്ടത്. സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇനത്തില്‍ വാങ്ങുന്ന തുക പരീക്ഷയ്ക്ക് ഹാജരാകുന്ന മുറയ്ക്ക് തിരികെ നല്‍കുമെന്നായിരുന്നു വാഗ്ദാനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.