FactCheck: കള്ളം പറഞ്ഞ് വോട്ടുപിടിക്കല്‍: വ്യാജ പ്രചാരണം ആയുധമാക്കിയ 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ്, പ്രചരിപ്പിച്ചതും യാഥാര്‍ത്ഥ്യവും

FactCheck: കള്ളം പറഞ്ഞ് വോട്ടുപിടിക്കല്‍: വ്യാജ പ്രചാരണം ആയുധമാക്കിയ 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ്, പ്രചരിപ്പിച്ചതും യാഥാര്‍ത്ഥ്യവും

Published on

വോട്ടെടുപ്പിന് മുമ്പായി ജനങ്ങളെ സ്വന്തം പാളയത്തിലെത്തിക്കാന്‍ 18 അടവും പയറ്റി ഒടുവില്‍ വ്യാജ പ്രചാരണവും ആയുധമാക്കിയാണ് മുന്നണികളും പാര്‍ട്ടികളും 2019ലെ പൊതു തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഫോട്ടോഷോപ്പ് ചിത്രങ്ങളും അപകീര്‍ത്തികരമായ വ്യാജപരാമര്‍ശങ്ങളുമെല്ലാം എല്ലാ പാര്‍ട്ടിയില്‍ നിന്നും ഉണ്ടായി. ചിലര്‍ക്ക് അബദ്ധം പറ്റി വ്യാജപ്രചാരണത്തില്‍ വീണുപോയെങ്കില്‍ ചിലര്‍ കള്ളത്തരങ്ങള്‍ പ്രചാരണത്തിനായി ഉണ്ടാക്കിയെടുത്തു. വ്യാജ പ്രചാരണത്തില്‍ പതിവുപോലെ മുന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിജെപി തന്നെയാണ്.

തെരഞ്ഞെടുപ്പ് കാലത്തുണ്ടായ വ്യാജ പ്രചാരണങ്ങളില്‍ ചിലത് ഇതാണ്.

1. കോണ്‍ഗ്രസ് ഇക്കുറി ചരിത്രത്തിലാദ്യമായി ഏറ്റവും കുറഞ്ഞ സീറ്റിലാണ് മല്‍സരിക്കുന്നതെന്ന പ്രധാനമന്ത്രി മോദിയുടെ പ്രചരണം.

ചോദ്യത്തെ പേടിക്കുന്ന, വാര്‍ത്താ സമ്മേളനത്തിന് ഇരിക്കാന്‍ മടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഇഷ്ട മാധ്യമങ്ങള്‍ക്ക് മാത്രം അഭിമുഖം നല്‍കാറുണ്ട്. എഴുതി തയ്യാറാക്കിയ ഉത്തരങ്ങള്‍ പറയുന്ന മോദി ഇന്ത്യ ടുഡേയ്ക്ക് ഏപ്രിലില്‍ നല്‍കിയ അഭിമുഖത്തിലാണ് കോണ്‍ഗ്രസ് ഇക്കുറി ചരിത്രത്തിലെ ഏറ്റവും കുറവ് സീറ്റുകളിലാണ് മല്‍സരിക്കുന്നതെന്ന് പറഞ്ഞത്.

വാസ്തവത്തില്‍ കോണ്‍ഗ്രസ് ഇക്കുറി 424 സീറ്റുകളില്‍ മല്‍സരിക്കുന്നുണ്ട്. 2004ല്‍ പോലും 417 സീറ്റുകളിലാണ് കോണ്‍ഗ്രസ് മല്‍സരിച്ചത്.

2. പഴയ വീഡിയോ തെറ്റായി പ്രചരിപ്പിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപിയുടെ ഹരിയാന മുഖ്യമന്ത്രി

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രതിപാദിച്ചത് ബിജെപി പ്രചരിപ്പിക്കുന്ന രാഹുലിന്റെ ഒരു വീഡിയോയെ കുറിച്ചായിരുന്നു. യുപിയിലെ അമ്മമാരേയും പെങ്ങന്മമാരേയും അപമാനിച്ച് രാഹുല്‍ ഗാന്ധി പ്രസംഗിച്ചുവെന്നാടിരുന്നു ഖട്ടറിന്റെ ആരോപണം. യുപിയിലെ സ്ത്രീകള്‍ ആഴ്ചയില്‍ ഒരു കുട്ടിയെ പ്രസവിക്കാന്‍ കഴിയുമെന്നും അങ്ങനെ വര്‍ഷത്തില്‍ 52 കുട്ടികളെ വരെയുണ്ടാകുമെന്നും രാഹുല്‍ പറഞ്ഞുവെന്നായിരുന്നു പ്രചരണം.

7 വര്‍ഷം മുമ്പത്തെ വീഡിയോ ക്ലിപ്പാണ് ഹരിയാന മുഖ്യമന്ത്രി വ്യാജപ്രചാരണത്തിന് ഉപയോഗിച്ചത്. എന്‍ആര്‍എച്ച്എമ്മിന് കീഴിലുള്ള ജനനി സുരക്ഷാ യോജനയിലുണ്ടാവുന്ന അഴിമതിയെ കുറിച്ചായിരുന്നു രാഹുല്‍ ഗാന്ധി ശരിക്കും പരാമര്‍ശിച്ചത്. ഗര്‍ഭിണിക്ക് 1400 രൂപ ലഭിക്കുന്ന പദ്ധതിയായിരുന്നു ഇത്. ഒരേ പേരുള്ള യുവതിക്ക് എല്ല ആഴ്ചകളിലും പണം നല്‍കി പദ്ദതി അട്ടിമറിക്കുന്നതാണ് രാഹുല്‍ ചൂണ്ടിക്കാണിച്ചത്.

3.ടൈം കവര്‍ സ്റ്റോറിയില്‍ മോദിയെ ഇന്ത്യയുടെ വിഭജനത്തിന്റെ തലവനെന്ന് വിശേഷിപ്പ ലേഖകന്‍ പാകിസ്താന്‍കാരനാണെന്ന് ബിജെപി പ്രചാരണം

FactCheck: കള്ളം പറഞ്ഞ് വോട്ടുപിടിക്കല്‍: വ്യാജ പ്രചാരണം ആയുധമാക്കിയ 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പ്, പ്രചരിപ്പിച്ചതും യാഥാര്‍ത്ഥ്യവും
‘ഇന്ത്യയുടെ വിഭജനത്തിന്റെ തലവന്‍, ഇനിയൊരു മോദിക്കാലം കൂടി ഇന്ത്യക്ക് താങ്ങാനാകുമോ?; ടൈം മാഗസീന്‍ കവറില്‍ വീണ്ടും മോദി

ആതിഷ് തസീര്‍ ആണ് ടൈംമിലെ കവര്‍‌സ്റ്റോറി ചെയ്തത്. മോദിയെ വിമര്‍ശിച്ച ടൈം കവര്‍ സ്‌റ്റോറി എഴുതിയത് ഒരു പാകിസ്താനിയാണെന്നും അതിനാല്‍ അതിന് വലിയ പ്രാധാന്യം കൊടുക്കേണ്ടെന്നുമാണ് ബിജെപി പറഞ്ഞുപരത്തിയത്. അമിത് ഷായായിരുന്നു ഈ വ്യാജ പ്രചരണത്തിന് ചുക്കാന്‍ പിടിച്ചത്. ബിജെപി വക്താവ് സാമ്പിത് പത്ര തെറ്റിദ്ധരിപ്പിക്കാന്‍ മുന്നിട്ടിറങ്ങി.

ആതിഷ് തസീര്‍ യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷ് പൗരനാണ്.

4. രാഹുല്‍ ഗാന്ധിയെ ലക്ഷ്യം വെച്ച് വ്യാജ പത്രകട്ടിംഗ് വാര്‍ത്ത ട്വീറ്റുമായി ബിജെപി എംപി പരേഷ് റാവല്‍

2001 സെപ്തംബര്‍ 30ലെ ഒരു പത്രത്തിന്റെ പേജ് റീട്വീറ്റ് ചെയ്യുകയാണ് ്അഭിനേതാവും ബിജെപി എംപിയുമായ പരേഷ് റാവല്‍ ചെയ്തത്. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ മകന്‍ മയക്കുമരുന്നുമായി ബോസ്റ്റണ്‍ വിമാനത്താവളത്തില്‍ പിടിയിലായി എന്നതായിരുന്നു വാര്‍ത്ത. ഇത്തരത്തില്‍ ഒരു പത്രം ശരിക്കും പുറത്തിറങ്ങിയിട്ടില്ല. ഫോഡേ ഡോട്ട് കോം എന്ന വെബ്‌സൈറ്റ് വഴി വ്യാജമായി നിര്‍മ്മിച്ചെടുത്തതാണ് ഇത്. ഹെഡ്‌ലൈനും വാര്‍ത്തയുമെല്ലാം കൊടുത്ത് ഒരാള്‍ക്ക് വെറുതെ ഇത്തരത്തില്‍ ഈ സൈറ്റ് വഴി പത്ര കട്ടിംഗ് ചെയ്‌തെടുക്കാനാകും.

5.ബംഗാളിലെ ബിജെപി അനുയായിയായ ഡോക്ടര്‍ മമതാ ബാനര്‍ജി ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി വീഡിയോ ഷെയര്‍ ചെയ്തു.

മോദി സുനാമിയില്‍ മമത ബിജെപിയ്ക്കായി വോട്ട് തേടുന്നവെന്ന രീതിയില്‍ ബംഗാള്‍ ബിജെപി ഈ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു. വോട്ട് ഔട്ട് ബിജെപി എന്നത് എഡിറ്റ് ചെയ്ത് വോട്ട് ഫോര്‍ ബിജെപിയാക്കുകയാണ് സംഘ് നേതാക്കകള്‍ ചെയ്തത്.

6. കോണ്‍ഗ്രസ് ഐടി സെല്‍ പ്രചരിപ്പിച്ച ഹിറ്റ്‌ലറും മോദിയും ഒരേ രീതിയില്‍ കുട്ടിയുടെ ചെവിക്ക് പിടിക്കുന്ന സമാനതകളുള്ള ചിത്രം ഫോട്ടോഷോപ്പ് ചെയ്തതായിരുന്നു.

കുട്ടികളോടൊത്തുള്ള ചിത്രങ്ങള്‍ ശരിയായിരുന്നെങ്കിലും ചിത്രത്തില്‍ കാണിക്കുന്ന പോലെ ഹിറ്റ്‌ലര്‍ കുട്ടിയുടെ ചെവിക്കല്ല പിടിക്കുന്നത് യാഥാര്‍ത്ഥ്യത്തില്‍. തോളില്‍ കൈവെച്ചു നില്‍ക്കുകയാണ്. മോദിയുമായി സമാനമാക്കാന്‍ തോളിലെ കൈ ചെവിയിലെത്തിക്കുകയാണ് ഫോട്ടോഷോപ്പ് വിരുതന്‍മാര്‍ ചെയ്തത്.

7. ബിജെപി എംപി മീനാക്ഷി ലേഖിക്ക് വോട്ട് ചെയ്യേണ്ടെന്ന് പറയുന്ന അമിത് ഷായുടെ വീഡിയോ ഷെയര്‍ ചെയ്ത് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍.

എഡിറ്റ് ചെയ്ത വിഡിയോയാണ് മാക്കന്‍ ഷെയര്‍ ചെയ്തത്. തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായത് കൊണ്ട് ഇവര്‍ക്ക് വോട്ട് ചെയ്യേണ്ട, ബിജെപി ദേശീയ സുരക്ഷയ്ക്ക് വേണ്ടി ചെയ്തതോര്‍ത്ത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട ഷായുടെ വീഡിയോയാണ് എഡിറ്റ് ചെയ്തതും പ്രചരിപ്പിച്ചതും.

8. ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ മൊഹല്ല ക്ലിനിക്ക് നന്നായി പ്രവര്‍ത്തിക്കുന്നില്ല, അടച്ചിട്ടിരിക്കുന്നുവെന്ന് കാണിച്ച് (പ്രാഥമിക ആരോഗ്യകേന്ദ്രം) ബോക്‌സര്‍ വിജേന്ദര്‍ സിങിന്റെ വീഡിയോ.

കോണ്‍ഗ്രസില്‍ ചേര്‍ന്ന വിജേന്ദര്‍ സിങ് ആപ് സര്‍ക്കാരിന്റെ മോശം ഭരണം വെളിവാക്കാനാണ് ഉച്ചയ്ക്ക് 2.40ന് മൊഹല്ല ക്ലീനിക്കിലെത്തി ഇവിടെ പ്രവര്‍ത്തനം ഒന്നും നടക്കുന്നില്ല പൂട്ടിയിട്ടിരിക്കുന്നുവെന്ന് കാണിച്ച് ട്വിറ്ററില്‍ വീഡിയോ ഇട്ടത്.

എന്നാല്‍ മൊഹല്ല ക്ലിനിക്കുകളുടെ പ്രവര്‍ത്തന സമയം രാവിലെ എട്ട് മണി മുതല്‍ രണ്ട് മണിവരെയാണെന്ന് താരത്തിന് അറിയില്ലായിരുന്നു. രണ്ടേ മുക്കാലിനെത്തിയാല്‍ സ്വാഭാവികമായും ജീവനക്കാര്‍ ഉണ്ടാവില്ലെന്നത് മറന്നായിരുന്നു പ്രചരണം.

വ്യാജ വാര്‍ത്ത വീഡിയോകളും എഡിറ്റ് ചെയ്ത ടിവി സ്‌ക്രീന്‍ ഷോട്ടുകളുമെല്ലാം വ്യാപകമായി വാട്‌സാപ്പിലും ഫേസ്ബുക്കിലുമെല്ലാം പ്രചരിച്ചു.

1.പ്രധാനമന്ത്രി മോദിയാണ് അച്ഛന്റെ മരണത്തിന് ഉത്തരവാദിയെന്ന് സഹോദരങ്ങള്‍ എന്ന തരത്തില്‍ ഒരു പത്രവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

2.കൃത്രിമമായുണ്ടാക്കിയ പത്രക്ലിപ്പില്‍ മമതാ ബാനര്‍ജിയുടെ വ്യാജ വാര്‍ത്ത. 'തനിക്ക് 42 സീറ്റുകള്‍ തരൂ, ഹിന്ദുക്കളെ എങ്ങനെ കരയിക്കണമെന്ന് കാണിച്ചുതരാം' എന്ന് മമതാ പറഞ്ഞതായി കാണിച്ചായിരുന്നു വ്യാജ വാര്‍ത്ത.

3.പ്രധാനമന്ത്രി മോദി തോറ്റാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് സ്മൃതി ഇറാനി പറഞ്ഞതായി വ്യാജ പ്രചാരണം. ചാനല്‍ സ്‌ക്രീന്‍ ഷോട്ട് മോര്‍ഫ് ചെയ്ത് ഉപയോഗിക്കുകയാണുണ്ടായത്.

4. പ്രീയങ്ക ഗാന്ധി കുരിശ് ധരിച്ച ഫോട്ടോഷോപ്പ് ചിത്രം ഉത്തര്‍പ്രദേശില്‍ രുദ്രാക്ഷം ധരിച്ച് അമ്പലത്തില്‍ പോകുന്ന ചിത്രവുമായി ചേര്‍ത്ത് സംഘപരിവാര്‍ പ്രചരിപ്പിച്ചു.

5. രാഹുല്‍ ഗാന്ധിയും മമതാ ബാനര്‍ജിയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ആര്‍മി മേധാവിയുമായി ഇരിക്കുന്ന തരത്തില്‍ ഫോട്ടോഷോപ്പ് ചിത്രം സംഘപരിവാര്‍ വ്യാപകമായി തിരഞ്ഞെടുപ്പ് സമയത്ത് പ്രചരിപ്പിച്ചു.

6.ബേഗുസാരായില്‍ മല്‍സരിക്കുന്ന സിപിഐ സ്ഥാനാര്‍ത്ഥി കന്നയ്യ കുമാറിന്റെ പ്രചാരണ വാഹനത്തില്‍ അഫ്‌സല്‍ ഗുരുവിന്റെ ഫോട്ടോഷോപ്പ് ചിത്രം വെച്ച് സംഘപരിവാര്‍ പ്രചരിപ്പിച്ചു.

രണ്‍വീര്‍ സിങിന്റേയും ദീപിക പദുക്കോണിന്റേയും ഷാളില്‍ വോട്ട് ഫോര്‍ ബിജെപി എന്ന് എഡിറ്റ് ചെയ്ത് കയറ്റി പ്രചരിപ്പിക്കാനും സംഘ് അനുകൂലികള്‍ മടിച്ചില്ല.

logo
The Cue
www.thecue.in