Fact Check : വീട്ടില്‍ കാവിക്കൊടി ഉയര്‍ത്തിയ ഹിന്ദു യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പ്രചരണം വ്യാജം
സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്
'ഇതാണ് പശ്ചിമ ബംഗാളിലെ ഹിന്ദുവിന്റെ അവസ്ഥ. ഈ യുവാവ് വീടിന് മുകളില്‍ കാവിക്കൊടി ഉയര്‍ത്തുകയായിരുന്നു'. വീട്ടില്‍ കാവിക്കൊടി ഉയര്‍ത്തിയതിന് പശ്ചിമ ബംഗാളില്‍ ഹിന്ദുയുവാവ് ക്രൂരമര്‍ദ്ദനത്തിനിരയായി എന്നതായിരുന്നു വീഡിയോ സഹിതമുള്ള പ്രചരണം. സംഘപരിവാര്‍ അനുകൂല പേജുകളിലും ഗ്രൂപ്പുകളിലും വീഡിയോ വൈറലായി. യുവാവിനെ ഒരു സംഘമാളുകള്‍ മരത്തില്‍ കെട്ടിയിട്ട് വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നതായിരുന്നു ദൃശ്യങ്ങളില്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചായിരുന്നു പ്രചരണം.
പ്രചരണത്തിന്റെ വാസ്തവം
വീഡിയോ ശ്രദ്ധിച്ച് കണ്ടാല്‍ ആളുകള്‍ ഹിന്ദിയില്‍ സംസാരിക്കുന്നത് കേള്‍ക്കാം. കിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ ഹിന്ദി സംസാരിക്കുന്ന ശൈലിയാണ് കേള്‍ക്കാനാവുക. ഇത് പശ്ചിമ ബംഗാളില്‍ നിന്നുള്ള സംഭവമല്ല. ഉത്തര്‍പ്രദേശിലെ ദിയോറിയയില്‍ നിന്നാണ്. 18 വയസ്സുകാരനെ വളഞ്ഞിട്ടാക്രമിച്ചതിന് 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കടംവാങ്ങിയ 1500 രൂപ തിരികെയാവശ്യപ്പെട്ടായിരുന്നു ക്രൂരമര്‍ദ്ദനം. 2018 മാര്‍ച്ച് 31 നായിരുന്നു സംഭവം. ഇതുസംബന്ധിച്ച് അന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇതേ വീഡിയോയാണ് ഒരു വര്‍ഷത്തിനിപ്പുറം പശ്ചിമബംഗാളിലെ സംഭവമായി അവതരിപ്പിക്കുന്നത്. പോരാത്തതിന് കാവിക്കൊടി ഉയര്‍ത്തിയതിന് ഹിന്ദുയുവാവിന് മര്‍ദ്ദനം എന്ന് തിരക്കഥയുമൊരുക്കി. തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടായിരുന്നു പ്രചരണം. Alt News ആണ് വ്യാജപ്രചരണം പൊളിച്ചടുക്കിയത്.