Fact Check : അത് കണ്ണൂര്‍ വിമാനത്താവളത്തിലല്ല, തീപ്പിടിച്ചയാളുടെ ദൃശ്യം മൊറോക്കോയിലേത്
സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യാത്രക്കാരന് തീപ്പിടിച്ചു. പവര്‍ ബാങ്കില്‍ നിന്ന് ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ഇയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെയുണ്ടായ ഈ അപകടം മറ്റുള്ളവരുടെ അറിവിലേക്കായി ഷെയര്‍ ചെയ്യൂ. കര്‍ണാടകയില്‍ വ്യാപകമായി പ്രചരിച്ച പോസ്റ്റാണിത്. ഈ കുറിപ്പിനൊപ്പം ഒരാള്‍ക്ക് തീപ്പിടിച്ചതിന്റെ ദൃശ്യങ്ങളുമുണ്ടായിരുന്നു. കന്നഡയിലുള്ള പോസ്റ്റ് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു.
പ്രചരണത്തിന്റെ വാസ്തവം
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇതുവരെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് ഒരു യാത്രക്കാരന് തീപ്പിടിച്ച സംഭവമുണ്ടായിട്ടില്ല. മൊറോക്കോയിലുണ്ടായ ഒരു സംഭവത്തിന്റെ ദൃശ്യങ്ങളാണ് തെറ്റായ കുറിപ്പോടെ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യപ്പെട്ടത്. 2018 ജൂണ്‍ 3 ന് അഗാദിര്‍ മാര്‍ക്കറ്റിലാണ് സംഭവം. എന്നാല്‍ ഇത് ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ പൊട്ടിത്തെറിച്ച് തീപ്പിടുത്തമുണ്ടായതല്ല. 30 കാരനായ യുവാവ് സ്വയം തീക്കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചതാണ്. മാളില്‍ മോഷണ ശ്രമത്തിനിടെ സുരക്ഷാ ജീവനക്കാര്‍ ഇയാളെ പിടികൂടുകയും വന്‍ തുക പിഴ ചുമത്തുകയുമായിരുന്നു. ഇതോടെ യുവാവ് സ്വയം തീക്കൊളുത്തി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. ഈ ദൃശ്യങ്ങളാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സംഭവിച്ചതെന്ന വ്യാജ വാദത്തോടെ പ്രചരിപ്പിക്കപ്പെട്ടത്. യഥാര്‍ത്ഥ സംഭവമാണെന്ന് തെറ്റിദ്ധരിച്ച് നിരവധിയാളുകള്‍ ഇത് പങ്കുവെയ്ക്കുകയും ചെയ്തു. ദുബായ് വിമാനത്താവളത്തില്‍ സംഭവിച്ചതെന്ന കുറിപ്പോടെ കഴിഞ്ഞവര്‍ഷം ഇതേ വീഡിയോ പ്രചരിപ്പിച്ചിരുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം