മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലായിരിക്കെ ഫയലില്‍ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ടെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍ ആരോപിച്ചിരുന്നു. മന്ത്രിമാര്‍ സ്ഥലത്തില്ലാത്തപ്പോള്‍ ഇ-ഫയലുകള്‍ ഡിജിറ്റല്‍ ഒപ്പിടുന്നതിന് യാതൊരു തടസ്സവുമില്ലന്നതാണ് വസ്തുത. മറിച്ച് ഫിസിക്കല്‍ ഫയലാണെങ്കില്‍ ഒപ്പിടേണ്ട ഫയല്‍ സ്‌കാന്‍ ചെയ്തത് ഇ മെയില്‍ വഴിയോ വാട്‌സ്ആപ് വഴിയോ അയച്ചാല്‍ ഒപ്പിട്ട് തിരിച്ചയക്കാനാകും.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
പ്രചരണം
2018 സെപ്റ്റംബര്‍ രണ്ടിന് മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയിരുന്നു. സെപ്റ്റംബര്‍ 23 നാണ് തിരിച്ചെത്തിയത്. എന്നാല്‍ മലയാള ഭാഷാ ദിനാഘോഷവുമായി ബന്ധപ്പെട്ട് പൊതുഭരണവിഭാഗത്തില്‍ നിന്നുള്ള ഫയലില്‍ സെപ്റ്റംബര്‍ 9ന് മുഖ്യമന്ത്രി ഒപ്പുവെച്ചുവെച്ചു. ഇത് വ്യാജ ഒപ്പാണെന്നാണ് ബിജെപി വക്താവിന്റെ ആരോപണം.
മുഖ്യമന്ത്രി മയോ ക്ലിനിക്കില്‍ ചികിത്സയിലിരിക്കെയാണ് ഇവിടെ ഒപ്പുവെച്ചിരിക്കുന്നത്. ശിവശങ്കറോ അതോ സ്വപ്ന സുരേഷോ ആണോ ഈ ഫയലില്‍ ഒപ്പുവെച്ചതെന്നും സന്ദീപ് വാര്യര്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചിരുന്നു. ആരാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിടുന്നയാള്‍. പാര്‍ട്ടിയുടെ അറിവോടെ അത്തരത്തില്‍ ഒരാളെ നിയോഗിച്ചിട്ടുണ്ടോ. ഒപ്പിടാന്‍ ഏതെങ്കിലും കണ്‍സള്‍ട്ടന്‍സികള്‍ക്ക് കരാര്‍ നല്‍കിയിട്ടുണ്ടോയെന്നെല്ലാം മുഖ്യമന്ത്രി വിശദീകരിക്കണം. ഗുരുതരമായ സ്ഥിതിവിശേഷമാണിതെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു. നാലര വര്‍ഷക്കാലം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പോയ ഫയലുകള്‍ മുഴുവന്‍ പരിശോധിക്കണമെന്നും സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടിരുന്നു.
വാസ്തവം
മന്ത്രിമാര്‍ സ്ഥലത്തില്ലാത്തപ്പോള്‍ ഇ-ഫയലുകള്‍ ഡിജിറ്റല്‍ ഒപ്പിടന്നതിന് യാതൊരു തടസ്സവുമില്ല. ലോകത്ത് എവിടെയായിരുന്നാലും ഫയലുകളില്‍ ഒപ്പിടാം. ഫിസിക്കല്‍ ഫയലാണെങ്കില്‍ ഒപ്പിടേണ്ട പേപ്പര്‍ സ്‌കാന്‍ ചെയ്തത് മെയില്‍ വഴിയോ വാട്‌സ്ആപ് വഴിയോ അയക്കും. മന്ത്രി ഉള്ള സ്ഥലത്തു നിന്ന് ഡൗണ്‍ലോഡ് ചെയ്തത് ഒപ്പിട്ടശേഷം തിരിച്ചയക്കും. അത് കളര്‍ പ്രിന്റ് ഔട്ട് എടുത്ത് സീല്‍ ചെയ്ത് ആദ്യത്തെ പേപ്പറിനു ശേഷം അറ്റാച്ച് ചെയ്ത് അയക്കേണ്ട ഓഫിസിലേക്ക് അയക്കും. ഗവര്‍ണര്‍ക്കും കേന്ദ്രസര്‍ക്കാരിനും വരെ ഇങ്ങനെ ഫയല്‍ അയയ്ക്കാറുണ്ടെന്ന് ഓഫീസ് വൃത്തങ്ങള്‍ പറയുന്നു.
ഇ ഫയലുകളില്‍ അഭിപ്രായം രേഖപ്പെടുത്താനും സൈന്‍ ചെയ്യാനും കഴിയും. മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയിലിരിക്കെ ഔദ്യോഗിക ഫയലുകള്‍ ഇ ഫയലിംഗ് മുഖേന തീര്‍പ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉദ്ധരിച്ച് 2019 സെപ്തംബര്‍ 1ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പേപ്പര്‍ ഫയല്‍ ആണെങ്കില്‍ സ്‌കാന്‍ ചെയ്ത് ഇ മെയില്‍ ആയോ വാട്സ് ആപ്പിലോ അയക്കാനാകും. അത് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റെടുത്ത് ഒപ്പ് രേഖപ്പെടുത്തി തിരിച്ചയക്കാനും കഴിയും. ബിജെപി നേതാവ് സന്ദീപ് വാര്യര്‍ വാര്‍ത്താ സമ്മേളത്തില്‍ തെളിവായി കാട്ടിയത് ഫിസിക്കല്‍ ഫയല്‍ ആണ്. അത് സ്‌കാന്‍ ചെയ്ത പകര്‍പ്പില്‍ മുഖ്യമന്ത്രി ഒപ്പിട്ട് തിരിച്ചയച്ചതാണ്.
ധനമന്ത്രി തോമസ് ഐസക്കിന്റെ വിശദീകരണം
'ഞാനൊക്കെ ആലപ്പുഴയിലോ ഓഫീസിനു പുറത്തോ ഒക്കെ ആയിരിക്കുമ്പോഴും ഫയലുകള്‍ ഇങ്ങനെ തന്നെയാണ് ഒപ്പിട്ടു നല്‍കുന്നത്. ഇ ഫയലാണെങ്കില്‍ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഉപയോഗിക്കും. പേപ്പര്‍ ഫയലാണെങ്കില്‍, സ്‌കാന്‍ ചെയ്ത് അയയ്ക്കും, അത് പ്രിന്റൗട്ട് എടുത്ത് ഒപ്പു വെച്ച് സ്‌കാന്‍ ചെയ്ത് തിരിച്ചയയ്ക്കും. ഓഫീസില്‍ അത് പ്രിന്റെടുത്ത് ഫയലിലിടും. അതാണ് കീഴു്വഴക്കം. ഇതൊക്കെ ഞങ്ങളെല്ലാം ചെയ്യുന്നതാണ്.
ഈ കേസില്‍ മലയാളം മിഷന്റെ ഒരു ഫയലാണല്ലോ തെളിവായി ഹാജരാക്കിയിരിക്കുന്നത്. ഇത് ഫിസിക്കല്‍ ഫയലായിരുന്നു. സ്‌കാന്‍ ചെയ്ത് അയച്ചു, ഒപ്പിട്ടു തിരിച്ചു വന്നത് കോപ്പിയെടുത്ത് ഫയലിലിട്ടു. ഇതാണ് വസ്തുത', തോമസ് ഐസക് പറയുന്നു.