FactCheck:ഇത് വ്യാജം,ഷെയര്‍ ചെയ്ത് ചതിയില്‍പ്പെടരുത്;ഒരേ ശബ്ദസന്ദേശത്തോടൊപ്പം പ്രചരിപ്പിച്ചത് വ്യത്യസ്ത ചിത്രങ്ങള്‍
സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്
ഇത് എടത്തോട് ശാന്ത മെമ്മോറിയല്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയാണ്. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറുമായി ബന്ധപ്പെട്ട് കണ്‍ഫോം ചെയ്തിട്ടുണ്ട്. എല്ലാ ഗ്രൂപ്പിലേക്കും അടിയന്തിരമായി ഷെയര്‍ ചെയ്യണം. സോഷ്യല്‍ മീഡിയയില്‍ ഫേക്ക് പ്രചരിക്കുന്നതിനാല്‍ സിവില്‍ പൊലീസ് ഓഫീസറുമായി ബന്ധപ്പെട്ടിരുന്നു. സംഭവം ശരിയാണ്. ഈ കുട്ടിയെ എത്രയും പെട്ടെന്ന് കണ്ടുപിടിക്കാന്‍ മുഴുവന്‍ ഗ്രൂപ്പിലേക്കും അടിയന്തരമായി ഷെയര്‍ ചെയ്യുക.
പ്രചരണത്തിന്റെ വാസ്തവം
ഒരു വര്‍ഷം മുന്‍പ് കാസര്‍കോട് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഒരു കുട്ടിയെ കാണാതായിരുന്നു. പരപ്പ സ്വദേശി സാബുവിന്റെ മകന്‍ ആല്‍ബിനെയാണ് കാണാതായത്. കുട്ടി എടത്തോട് ശാന്ത മെമ്മോറിയല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു. അന്ന് പടന്നക്കാട് സ്വദേശി മൊയ്തുവെന്നയാള്‍ സമൂഹ മാധ്യമങ്ങളില്‍ ഇട്ട ശബ്ദ സന്ദേശമാണ് ഇപ്പോഴും പ്രചരിക്കുന്നത്. കുട്ടിയുടെ യഥാര്‍ത്ഥ ചിത്രം സഹിതമായിരുന്നു ആദ്യ പോസ്റ്റ്. കുട്ടിയെ എത്രയും വേഗത്തില്‍ കണ്ടെത്താന്‍ ആളുകളുടെ സഹായം അഭ്യര്‍ത്ഥിച്ചാണ് ശബ്ദസന്ദേശം പങ്കുവെച്ചത്. വെള്ളരിക്കുണ്ട് സ്‌റ്റേഷനിലെ പൊലീസുദ്യോഗസ്ഥര്‍ സംഭവം സ്ഥിരീകരിച്ച പ്രകാരവുമായിരുന്നു പോസ്റ്റ്. ഈ സന്ദേശം വൈറലായതിന് പിന്നാലെ എറണാകുളത്തുനിന്ന് അന്നുരാത്രി തന്നെ കുട്ടിയെ കണ്ടെത്താനായി. കുട്ടിയെ ലഭിച്ചെന്ന് അറിയിച്ച് ഏവര്‍ക്കും നന്ദിയുമര്‍പ്പിച്ച് വേറെ സന്ദേശങ്ങളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു.
എന്നാല്‍ പല കുട്ടികളുടെ ഫോട്ടോകള്‍ ഉപയോഗിച്ച് മുന്‍ ഓഡിയോ ചിലര്‍ വീണ്ടും പോസ്റ്റ് ചെയ്യുകയാണ്. ഇതുവരെ 7 കുട്ടികളുടെ ഫോട്ടോകള്‍ ഉപയോഗിച്ച് ഇത്തരത്തില്‍ പലപ്രാവശ്യം ശബ്ദശകലം പ്രചരിപ്പിക്കപ്പെട്ടു.
നിസ്സഹായനായി ശബ്ദസന്ദേശത്തിന്റെ ഉടമ
തന്റെ ശബ്ദസന്ദേശം വ്യാജ പ്രചരണത്തിന് ഉപയോഗിക്കുന്നതില്‍ നിസ്സഹായാവസ്ഥയിലാണ് പടന്നക്കാട് സ്വദേശി മൊയ്തു. കുട്ടിയെ കണ്ടെത്താന്‍ ഉദ്ദേശശുദ്ധിയോടെ ചെയ്ത കാര്യം ഇത്തരത്തില്‍ കുപ്രചരണങ്ങള്‍ക്ക് നിരന്തരം ഉപയോഗിക്കപ്പടുമെന്ന് ഇദ്ദേഹം പ്രതീക്ഷതല്ല. വ്യാജ പ്രചരണത്തിനെതിരെ ഇദ്ദേഹം പൊലീസിനെ സമീപിച്ചിരുന്നു. പക്ഷേ പതിനായിരക്കണക്കിന് തവണ ഷെയര്‍ ചെയ്യപ്പെട്ട പോസ്റ്റിന്റെ ഉറവിടം കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഇതോടെ സത്യാവസ്ഥ വെളിപ്പെടുത്തി 28-4-2019 ന് ഇയാള്‍ ദിവസം പരാമര്‍ശിച്ചുകൊണ്ട് മറ്റൊരു സന്ദേശം പോസ്റ്റ് ചെയ്തു. താന്‍ ഒരു വര്‍ഷം മുന്‍പിട്ട സന്ദേശമാണ് ഇപ്പോള്‍ വ്യാജ ചിത്രങ്ങള്‍ക്കൊപ്പം പ്രചരിപ്പിക്കുന്നതെന്ന് ഇതില്‍ വ്യക്തമാക്കുന്നുണ്ട്. സാമൂഹ്യദ്രോഹികള്‍ ഇത്തരത്തില്‍ പ്രചരിപ്പിക്കുന്നതിന് താന്‍ ഉത്തരവാദിയല്ലെന്നും ഇനിമേല്‍ ആരും ആ ശബ്ദസന്ദേശം പ്രചരിപ്പിക്കരുതെന്നും ഇദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു. അത്തരം പോസ്റ്റുകള്‍ക്ക് താനുമായി ഒരു ബന്ധവുമില്ലെന്നും ഇദ്ദേഹം വിശദീകരിക്കുന്നു.
വെള്ളരിക്കുണ്ട് പൊലീസിന് ഊരാക്കുടുക്ക്
ഓരോതവണ ഇത്തരത്തില്‍ വ്യാജ പ്രചരണം നടക്കുമ്പോഴും ആളുകള്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് അന്വേഷിക്കാറുണ്ട്. ഇത് വ്യാജപ്രചരണമാണെന്ന് അവരോടെല്ലാം പൊലീസുകാര്‍ വിശദീകരിക്കും. പക്ഷേ അതുകൊണ്ടൊന്നും കാര്യമുണ്ടാകാറില്ല. മറ്റൊരു ചിത്രം സഹിതം ശബ്ദസന്ദേശം വീണ്ടും പ്രചരിപ്പിക്കപ്പെടും. വ്യാജപ്രചരണത്തിനെതിരെ കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും ഇതുവരെയും ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ചിലര്‍ ബോധപൂര്‍വ്വം ഇത്തരം പോസ്റ്റുകള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയാല്‍ എന്തുചെയ്യുമെന്ന് പൊലീസ് ചോദിക്കുന്നു.
വിശദീകരിച്ച് തളര്‍ന്ന് സ്‌കൂള്‍ അധികൃതര്‍
ആല്‍ബിന്‍ എന്ന കുട്ടിയെ കണ്ടെത്തിയപ്പോള്‍ അക്കാര്യം അറിയിപ്പായി സമൂഹമാധ്യമങ്ങളിലും മറ്റും നല്‍കിയിരുന്നു. വ്യാജ പ്രചരണങ്ങളുണ്ടായപ്പോള്‍ പത്രങ്ങളിലുള്‍പ്പെടെ സത്യാവസ്ഥ വിശദീകരിച്ചതാണെന്നും ശാന്ത മെമ്മോറിയല്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഗോപകുമാര്‍ വ്യക്തമാക്കുന്നു. കുപ്രചരണത്തിനെതിരെ പൊലീസിന്റെ സഹായം തേടി. അവരും നിസ്സഹായരാണ്. യാതൊരു ഫലവുമില്ല. ഇതുവരെ ഏതാണ്ട് 7 ഫോട്ടോകള്‍ വെച്ചെങ്കിലും ആ ശബ്ദ സന്ദേശം പങ്കുവെയ്ക്കപ്പെട്ടിട്ടുണ്ട്. മുസ്ലിം പെണ്‍കുട്ടി, സെക്കിള്‍ ഓടിക്കുന്ന കുട്ടി, സമ്മാനം വാങ്ങുന്ന വിദ്യാര്‍ത്ഥി,ഭിക്ഷാടകന്റെ മടിയിലുള്ള കുട്ടി എന്നീ ചിത്രങ്ങളാണ് മുന്‍പ് ഈ വോയ്‌സ് ക്ലിപ്പിനൊപ്പം പോസ്റ്റ് ചെയ്യപ്പെട്ടത്.
ഒറ്റക്കേള്‍വിയില്‍ ആധികാരികമെന്ന് തോന്നും
ആദ്യ ശബ്ദസന്ദേശത്തില്‍ അത് പോസ്റ്റ് ചെയ്യുന്ന ദിവസം പരാമര്‍ശിക്കുന്നില്ല. അതുകൊണ്ട് തന്നെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഷെയര്‍ ചെയ്യാന്‍ സാധിക്കുന്ന തരത്തിലാണ് പോസ്റ്റ്. കുട്ടിയെ കാണാതായപ്പോള്‍ ഉടന്‍ പങ്കുവെച്ച സന്ദേശമാണ്. സ്‌കൂളിന്റെ പേരും വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്റെ പേരും പരാമര്‍ശിക്കുന്നുണ്ട്. കുട്ടിയെ കാണാനില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകിരിച്ചെന്നും പറയുന്നു. ഇതോടെ സന്ദേശത്തിന് ആധികാരികത കൈവന്നു. കൂടാതെ സോഷ്യല്‍ മീഡിയയില്‍ ഫേക്ക് പ്രചരിക്കുന്നതിനാല്‍ താന്‍ സ്ഥിരീകരിച്ചതാണെന്ന് കൂടി പറയുമ്പോള്‍ സന്ദേശത്തിന് കൂടുതല്‍ വിശ്വാസ്യത വന്നു. ഇതുകൊണ്ടാണ് ചിത്രം സമൂഹ മാധ്യമങ്ങളില്‍ വന്‍ തോതില്‍ പങ്കുവെയ്ക്കപ്പെട്ടത്.
യാഥാര്‍ത്ഥ്യം വ്യാജന് വഴിമാറാതിരിക്കാന്‍ ചെയ്യേണ്ടത്
ഇത്തരം സാഹചര്യങ്ങളില്‍ ഫോട്ടോയിലും കുറിപ്പിലും ഓഡിയോ സന്ദേശത്തിലും പോസ്റ്റ് ചെയ്യുന്ന ദിവസവും സമയവും പരാമര്‍ശിക്കണം. പോസ്റ്റ് ലക്ഷ്യം കണ്ടുകഴിഞ്ഞാല്‍ അക്കാര്യം വ്യക്തമായി പരാമര്‍ശിച്ച് ദിവസവും സമയവും പ്രതിപാദിച്ച് മറുപോസ്റ്റും തയ്യാറാക്കി വ്യാപകമായി പങ്കുവെയ്ക്കണം. സ്ഥിരമായി ഒരേ ശബ്ദത്തില്‍ തന്നെ സന്ദേശം വരുന്ന സാഹചര്യങ്ങളില്‍ ഒരു നിമിഷം ആലോചിച്ച് ഉറപ്പുവരുത്തുകയും വേണം. അത്തരം സംശയങ്ങള്‍ അതത് ഗ്രൂപ്പുകളിലും പേജുകളിലും പങ്കുവെയ്ക്കുകയും വേണം.