Fact Check : അത് വ്യാജ പ്രചരണം,ബഹിരാകാശ യാത്രിക സുനിത വില്യംസ് ഇസ്ലാം മതം സ്വീകരിച്ചിട്ടില്ല
സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്
'ഇന്ത്യന്‍ വംശജയും നാസയുടെ ബഹിരാകാശ യാത്രികയുമായ സുനിത വില്യംസ് ഇസ്ലാംമതം സ്വീകരിച്ചു'. വീഡിയോ സഹിതം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതാണിത്. മക്ക മദീന എന്ന ഫെയ്‌സ്ബുക്ക് പേജിലാണ് പോസ്റ്റ് ആദ്യം പ്രത്യക്ഷപ്പെട്ടത്. സുനിത വില്യംസിന്റെയും മക്ക-മദീനയുടെയും ദൃശ്യങ്ങള്‍ ചേര്‍ത്തുവെച്ച് ബംഗാളി ഭാഷയിലുള്ള വിവരണത്തോടെയായിരുന്നു വീഡിയോ. നാലരമിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. വീഡിയോ 12,000 ലേറെ തവണ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.എല്ലാത്തരം സമൂഹ മാധ്യമങ്ങളിലും വീഡിയോ വൈറലായി. ബഹിരാകാശത്തുനിന്ന് തിരിച്ചെത്തിയ സുനിത എന്തുകൊണ്ടാണ് ഇസ്ലാംമതം സ്വീകരിച്ചെന്നാണ് വിവരണം. 'ബഹിരാകാശത്തെത്തിയപ്പോള്‍ സുനിത രണ്ട് നക്ഷത്രങ്ങള്‍ കണ്ടു. ബൈനോക്കുലറിലൂടെ നിരീക്ഷിച്ചപ്പോള്‍ നക്ഷത്രത്തില്‍ നിന്നുള്ള വെളിച്ചം മക്കയില്‍ നിന്ന് ഉത്ഭവിക്കുന്നതാണെന്ന് വ്യക്തമായി. സുനിതയുടെ മാതാപിതാക്കള്‍ ഹിന്ദുക്കളാണ്. ഒരുകാലത്ത് സുനിതയ്ക്ക് ഇസ്ലാംമതം ഇഷ്ടമല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ മതത്തെയോര്‍ത്ത് അഭിമാനിക്കുന്നു. ഹില്‍ടൗണ്‍ ഹോട്ടലില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ താന്‍ ഇസ്ലാം മതം സ്വീകരിച്ചതായി സുനിത പറഞ്ഞു. മക്ക മദീന സന്ദര്‍ശിച്ച സുനിത, അവിടെയെത്താന്‍ എല്ലാവര്‍ക്കും ഭാഗ്യം കിട്ടില്ലെന്നും പറഞ്ഞു. ഇതായിരുന്നു വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട വീഡിയോയുടെ ഉള്ളടക്കം.
പ്രചരണത്തിന്റെ വാസ്തവം
സുനിത വില്യംസ് ഇസ്ലാംമതം സ്വീകരിച്ചെന്ന പ്രചരണം വ്യാജമാണ്. ഇസ്ലാമായി മതം മാറിയെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയെന്ന വാദവും തെറ്റാണ്. അവരുടെ മാതാപിതാക്കള്‍ ഹിന്ദുമതക്കാരാണെന്ന പരാമര്‍ശവും വസ്തുതാ വിരുദ്ധമാണ്. സുനിതയുടെ അച്ഛന്‍ ഹിന്ദുവും അമ്മ ക്രിസ്ത്യാനിയുമാണെന്ന് അവര്‍ മുന്‍പ് അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദീപക് പാണ്ഡ്യയും ബനി പാണ്ഡ്യയുമാണ് സുനിതയുടെ മാതാപിതാക്കള്‍. ഇതേ വ്യാജ പ്രചരണം മൂന്ന് വര്‍ഷം മുന്‍പും ഉണ്ടായിരുന്നു. എന്നാല്‍ അതിനും മുന്‍പ് 2010 കാലത്താണ് ഈ വ്യാജ പ്രചരണം ആരംഭിക്കുന്നത്. 2010 ഒക്ടോബര്‍ 27 ന് Cntraveller ന് നല്‍കിയ അഭിമുഖത്തില്‍ സുനിത ഇത് നിഷേധിച്ചിട്ടുണ്ട്. എവിടുന്നാണ് ഇത്തരം തെറ്റായ പ്രചരണമുണ്ടാകുന്നതെന്ന് തനിക്കറിയില്ല. എന്റെ പിതാവ് ഹിന്ദുമതക്കാരനാണ്. ശ്രീകൃഷ്ണനെക്കുറിച്ചും രാമനെക്കുറിച്ചും സീതയെക്കുറിച്ചുമെല്ലാം കേട്ടുവളര്‍ന്നയാളാണ് ഞാന്‍. അമ്മ ക്രിസ്റ്റ്യന്‍ മതക്കാരിയായതിനാല്‍ ഞാന്‍ ജീസസ് ക്രൈസ്റ്റിനെക്കുറിച്ചും അറിഞ്ഞിട്ടുണ്ട്. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്ന ആളുമാണ്. എന്നായിരുന്നു അന്ന് വ്യക്തമാക്കിയത്. 2016 ഫെബ്രുവരിയില്‍ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ ഗണേശ ഭഗവാനില്‍ വിശ്വസിക്കുന്നുവെന്നും ബഹിരാകാശത്തേക്ക് ഭഗവത് ഗീത കൊണ്ടുപോയെന്നും പരാമര്‍ശിച്ചിരുന്നു. ബഹിരാകാശത്തുവെച്ച് ഭഗവദ് ഗീതയും ഉപനിഷത്തുകളും വായിച്ചിരുന്നതായി 2013 ല്‍ ഇന്‍ഡ്യ ടിവിക്ക് നല്‍കിയ അഭിമുഖത്തിലും വ്യക്തമാക്കിയിട്ടുണ്ട് .തല്‍പ്പര കക്ഷികള്‍, സുനിത ഇസ്ലാം മതം സ്വീകരിച്ചെന്ന് വ്യാജപ്രചരണം നടത്തുകയായിരുന്നു.