നൗഷാദ് ഭായ് തന്റെ പുതിയ കട അടച്ചുപൂട്ടുന്നു. മാധ്യമങ്ങളിലൂടെയും മറ്റും എന്നെ അറിയുന്ന മനുഷ്യര്‍ എന്റെ കട മാത്രം തേടി വരുന്നു. എന്നേക്കാള്‍ മുമ്പ് വലിയ വാടക കൊടുത്ത് ഇവിടെ കട നടത്തിയിരുന്നവരുടെ അവസ്ഥ ഞാന്‍ കാരണം വളരെ മോശമായിക്കൊണ്ടിരിക്കുന്നു. അതെനിക്ക് സമാധാനം തരുന്നതേയില്ല. എനിക്കിഷ്ടം ആ പഴയ ഫുട്പാത്ത് കച്ചവടം തന്നെ. നൗഷാദിന്റെ ചിത്രം സഹിതം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന കുറിപ്പാണിത്. മഴക്കെടുതി കടുത്ത ദുരിതം വിതച്ചപ്പോള്‍ ദുരിതാശ്വാസത്തിനായി വില്‍പ്പനയ്ക്കുള്ള മുഴുവന്‍ വസ്ത്രങ്ങളും സംഭാവന ചെയ്ത് മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃക കാണിച്ച നൗഷാദിനെക്കുറിച്ചുള്ള പ്രചരണം ആളുകള്‍ വ്യാപകമായി പങ്കുവെയ്ക്കുകയാണ്.
പ്രചരണത്തിന്റെ വാസ്തവം
നൗഷാദിനെക്കുറിച്ച് വ്യാജ പ്രചരണമാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പുതിയ കട അടച്ചുപൂട്ടുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടേയില്ലെന്ന് നൗഷാദ് പറയുന്നു. മീഡിയ വണ്‍ ഓണ്‍ലൈനിനോടാണ് നൗഷാദ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യാജ പ്രചരണമാണ് തന്നെക്കുറിച്ച് നടക്കുന്നത്. ആളുകള്‍ ഇങ്ങനെയൊക്കെ പ്രചരിപ്പിച്ചാല്‍ എന്ത് ചെയ്യാനാകും. അതൊരു ചെറിയ കടയാണ്. അത് തുടങ്ങിയിട്ടേയുള്ളൂ, അപ്പോഴേക്കും ഞാന്‍ പൂട്ടുന്നതെന്തിനാണ്. കോര്‍പ്പറേഷന്‍ ബസാറില്‍ പാവപ്പെട്ട കുറച്ചാളുകള്‍ പെട്ടിക്കട പോലെ വെച്ച് കച്ചവടം നടത്തുന്നുണ്ടായിരുന്നു. അത് കോര്‍പ്പറേഷന്‍കാര്‍ പൊളിച്ചുകളഞ്ഞു.
ജ്യേഷ്ഠന്റെ കടയൊക്കെ പൊളിച്ചുകൊണ്ടുപോയി. പുതിയ കട ജ്യേഷ്ഠന് വേണ്ടി എടുത്തതാണ്. അദ്ദേഹത്തിന് പ്രായമായി വരികയാണ്. ഒരു വരുമാനമാകുമല്ലോയെന്ന് കരുതി കട എടുത്തതാണ്. ആകെ 100 സ്‌ക്വയര്‍ ഫീറ്റ് മാത്രമേയുള്ളൂ. ഞാനത് എന്തിന് ഒഴിയണമെന്നുമായിരുന്നു നൗഷാദിന്റെ പ്രതികരണം. പ്രചരണം കണ്ട് സത്യമറിയാന്‍ ഒരുപാട് പേര്‍ വിളിക്കുന്നുണ്ടെന്നും നൗഷാദ് പറഞ്ഞു. രണ്ടാഴ്ച മുന്‍പാണ് കൊച്ചി ബ്രോഡ്‌വേയില്‍ നൗഷാദിന്റെ കട എന്ന പേരില്‍ പുതിയത് ആരംഭിച്ചത്. എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.