Fact Check: മധ്യപ്രദേശ് മദ്രസ വിദ്യാര്‍ത്ഥികള്‍ വിളിച്ചത് ‘പാകിസ്താന്‍ സിന്ദാബാദ്’ എന്നല്ല; ലക്ഷ്യമിട്ടത് വര്‍ഗീയ ധ്രുവീകരണം
സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്
'മധ്യപ്രദേശ് മന്ദ്‌സോറില്‍ പ്രവര്‍ത്തിക്കുന്ന ഒരു മദ്രസയിലെ വിദ്യാര്‍ത്ഥികള്‍ പാക് അനൂകൂലവും ഇന്ദ്യാ വിരുദ്ധവുമായ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നു.പാകിസ്താന്‍ സിന്ദാബാദ്,ഹിന്ദുസ്ഥാന്‍ മൂര്‍ദാബാദ്, ഇന്ത്യക്കാര്‍ കള്ളന്‍മാര്‍ എന്നിങ്ങനെയാണ് മുദ്രാവാക്യം വിളി. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും പൊലീസിന്റെയും പിന്‍തുണയോടെയാണ് ഇത്'. ഒരു മിനിട്ട് 17 സെക്കന്റ് വീഡിയോ സഹിതം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതാണിതിത്. അഞ്ജുമാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ഇത്തരത്തില്‍ പാക് അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കിയതെന്ന് കുറിച്ച് ചിലര്‍ ഇതേ വീഡിയോ വൈറലാക്കി. സംഘപരിവാര്‍ അനുകൂല പേജുകളിലും ഗ്രൂപ്പുകളിലും പോസ്റ്റ് വ്യാപകമായി പ്രചരിച്ചിരുന്നു.
പ്രചരണത്തിന്റെ വാസ്തവം
പ്രചരിച്ചത് മധ്യപ്രദേശില്‍ നിന്നുള്ള വീഡിയോയാണ്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ പാകിസ്താന്‍ സിന്ദാബാദ് എന്നല്ല സബീര്‍ സര്‍ സിന്ദാബാദ് എന്നാണ് മുദ്രാവാക്യം മുഴക്കിയത്. സബീര്‍ സിങ് അവരുടെ പ്രിന്‍സിപ്പലാണ്. മദ്രസ കമ്മിറ്റി സെക്രട്ടറിയും പ്രിന്‍സിപ്പലും തമ്മില്‍ ചില തര്‍ക്കങ്ങലുണ്ടായിരുന്നു. പ്രിന്‍സിപ്പല്‍ 1.5 കോടിയുടെ ഫണ്ട് അപഹരിച്ചെന്ന് സെക്രട്ടറി എംഡി ഹുസൈന്‍ റിസാല്‍ദാര്‍ ആരോപിക്കുകയും പദവി ഒഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. ഇതേതുടര്‍ന്ന് സബീര്‍ സിങ് മദ്രസ അടയ്ക്കുകയും വിദ്യാര്‍ത്ഥികളെ തെരുവിലൂടെ നയിക്കുകയുമായിരുന്നു. ഈ സമയം വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. എന്നാല്‍ ഇത് വളച്ചൊടിച്ച് വിദ്യാര്‍ത്ഥികള്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന് ആരോപിച്ച് ചിലര്‍ വീഡിയോ പ്രചരിപ്പിച്ചു.
തുടര്‍ന്ന് പൊലീസില്‍ പരാതിയും നല്‍കി. എന്നാല്‍ വീഡിയോ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയ പൊലീസ് പരാതിക്കാരുടെ ആരോപണം തള്ളി. വിദ്യാര്‍ത്ഥികള്‍ സബീര്‍ സര്‍ സിന്ദാബാദ് എന്നാണ് മുദ്രാവാക്യം മുഴക്കിയതെന്ന് മന്ദ്‌സോര്‍ സിഎസ്പി നരേന്ദ്ര സോളങ്കി വ്യക്തമാക്കി.പതിയെ പ്ലേ ചെയ്താല്‍ ഇത് വ്യക്തമാകും. സബീര്‍ സിങ്ങിനെ സ്ഥാനത്തുനിന്ന് നീക്കുകയാണെന്ന തോന്നലില്‍ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിനായി മുദ്രാവാക്യം വിളിക്കുകയായിരുന്നു. അതായത് വ്യാജ പ്രചരണത്തോടെ വീഡിയോ പ്രചരിപ്പിച്ച് വര്‍ഗീയ ധ്രുവീകരണമാണ് സംഘപരിവാര്‍ അനുകൂലികള്‍ ലക്ഷ്യമിട്ടത്. വീഡിയോ ഉപയോഗിച്ച് നടന്നത് വ്യാജ പ്രചരണമാണെന്നും നരേന്ദ്ര സിങ് സോളങ്കി വ്യക്തമാക്കി. നേരത്തേ'ഭടി സാബ് സിന്ദാബാദ്' എന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയപ്പോള്‍ പാകിസ്താന്‍ സിന്ദാബാദ് എന്നാണെന്ന് ആരോപിച്ച് രാഷ്ട്രീയ എതിരാളികള്‍ വ്യാജ പ്രചരണം നടത്തിയിരുന്നു.