Fact Check: ലാല്‍ ജോസിന്റെ പേരില്‍ പ്രചരിക്കുന്ന സദാചാര വോയ്‌സ് ക്ലിപ്; ഷെയര്‍ ചെയ്താല്‍ നിയമനടപടിയെന്ന് സംവിധായകന്‍
വാട്‌സാപ്പില്‍ പ്രചരിക്കുന്നത്
സംവിധായകന്‍ ലാല്‍ ജോസിന്റേതെന്ന പേരില്‍ 12 മിനുറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ്പ്. 'ഈ വോയിസ് മാക്സിമം രക്ഷിതാക്കളിലേക്ക് ഷെയര്‍ ചെയ്യുക, പ്രത്യേകിച്ച് തൃശൂര്‍ ജില്ലയില്‍ ഉള്ള രക്ഷിതാക്കള്‍ക്ക്' എന്ന് തുടങ്ങുന്ന ഓഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത് സംവിധായകന്‍ ലാല്‍ജോസിന്റേത് എന്ന പേരിലാണ്. സിനിമാ ഷൂട്ടിങ്ങിനിടെ വിനോദ സഞ്ചാര മേഖലകളായ തൃശൂര്‍ ചപ്പാറയിലും വാഴാനി ഡാമിലും പോയെന്നും അവിടെ വിദ്യാര്‍ത്ഥികളും യുവതീ യുവാക്കളുമെത്തി 'സദാചാരവിരുദ്ധപ്രവൃത്തികളില്‍' ഏര്‍പ്പെടുകയാണെന്നും സന്ദേശത്തില്‍ ആരോപിക്കുന്നു. 'അധ്യാപക കൂട്ടം' എന്ന വാട്സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് കിട്ടിയതാണെന്ന് അവകാശപ്പെട്ടാണ് ഈ ഓഡിയോ പ്രചരിക്കുന്നത്.
വാസ്തവം
വാട്‌സാപ്പില്‍ തന്റെ പേരില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് വ്യക്തമാക്കി സംവിധായകന്‍ ലാല്‍ ജോസ് തന്നെ രംഗത്തെത്തി. വോയിസ് ക്ലിപ്പിലുള്ളത് തന്റെ ശബ്ദമല്ല. താന്‍ പറഞ്ഞതും അല്ല. ഫേക്ക് ക്ലിപ് ഷെയര്‍ ചെയ്യുന്നതിനെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും നിയമനടപടികള്‍ ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടി ലാല്‍ ജോസ് സ്വന്തം ശബ്ദത്തില്‍ സന്ദേശം പുറത്തുവിട്ടിട്ടുണ്ട്.
ലാല്‍ ജോസിന്റെ പ്രതികരണം
“ഞാന്‍ ലാലുവാണ്, എന്റെ പേരില്‍ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ഒരു ഓഡിയോ പ്രചരിക്കുന്നുണ്ട്, ഞാന്‍ പറഞ്ഞെന്നും പറഞ്ഞ്. അത് ഫേക്ക് ആണ്. നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും കിട്ടുകയാണെങ്കില്‍ അത് ദയവ് ചെയ്ത് പോസ്റ്റ് ചെയ്യരുത്. ആരെങ്കിലും അയക്കുന്നുണ്ടെങ്കില്‍ അത് ഡിലീറ്റ് ചെയ്തിട്ട് അയച്ച ആളിനോടും അത് ഫേക്ക് ആണെന്ന് പറയണം. ഞാന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. നിയമനടപടികള്‍ ഉണ്ടാകുമെന്ന് അയച്ച ആളിനോട് പറയുക. അത് എന്റെ ശബ്ദവുമല്ല ഞാന്‍ പറഞ്ഞതും അല്ല.”