Fact Check: വൈദ്യുതി നിരക്കില്‍ ക്ഷേത്രത്തിന് വേര്‍തിരിവില്ല, പ്രചരണം വ്യാജം, വിശദീകരണവുമായി കെ.എസ്.ഇ.ബി

Fact Check: വൈദ്യുതി നിരക്കില്‍ ക്ഷേത്രത്തിന് വേര്‍തിരിവില്ല, പ്രചരണം വ്യാജം, വിശദീകരണവുമായി കെ.എസ്.ഇ.ബി
Published on

ക്ഷേത്രങ്ങളുടെ വൈദ്യുതി നിരക്കില്‍ വിവേചനം കാണിക്കുന്നുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജം. വൈദ്യുതി നിരക്ക് നിശ്ചയിക്കുന്ന സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ എന്ന ഖ്വാസി ജുഡീഷ്യല്‍ ബോഡി അംഗീകരിച്ചു നല്‍കിയിരിക്കുന്ന താരിഫ് പ്രകാരം അമ്പലങ്ങള്‍ക്കും ക്രിസ്ത്യന്‍ പള്ളികള്‍ക്കും മസ്ജിദുകള്‍ക്കും ഒരേ നിരക്കാണ് തീരുമാനിച്ചിരിക്കുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

ക്രിസ്ത്യന്‍ പള്ളികള്‍ക്കും മസ്ജിദുകള്‍ക്കും വൈദ്യുതി യൂണിറ്റിന് 2.85 രൂപ ഈടാക്കുമ്പോള്‍ ക്ഷേത്രത്തിന് മാത്രം യൂണിറ്റിന് 8 രൂപയെന്നായിരുന്നു പ്രചരണം. മതേതര കേരളത്തില്‍ വിവേചനം എന്നും ആരോപണമുണ്ടായിരുന്നു.

വാട്‌സ്ആപ്പ് ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന വ്യാജ സന്ദേശം ശ്രദ്ധയില്‍പ്പെട്ടതോടെ വിശദീകരണവുമായി വൈദ്യുതി ബോര്‍ഡ് രംഗത്തെത്തുകയായിരുന്നു.

കെ.എസ്.ഇ.ബി വിശദീകരണം

കുറേ മാസങ്ങളായി ചിലര്‍ പ്രചരിപ്പിക്കുന്ന വാട്‌സാപ് സന്ദേശത്തിലെ വരികളിതാണ്...

'മതേതര കേരളത്തിന്റെ ഇലക്ട്രിസിറ്റി ബില്ലിംഗ് മെത്തേഡ്...

ക്രിസ്ത്യന്‍ പള്ളി - 2.85/-, മസ്ജിദ്- 2.85/-,

ക്ഷേത്രത്തിനു യൂണിറ്റ് - 8 രൂപ...'

ഇതിലെ യാഥാര്‍ത്ഥ്യം എന്താണെന്ന് നമുക്കൊന്ന് പരിശോധിക്കാം...

വൈദ്യുതി താരിഫ് നിശ്ചയിക്കുന്ന സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ എന്ന Quasi Judicial Body അംഗീകരിച്ചു നല്‍കിയിരിക്കുന്ന താരിഫ് പ്രകാരം അമ്പലത്തിനും പള്ളിക്കും മസ്ജിദിനും ഒരേ നിരക്കാണ് തീരുമാനിച്ചിരിക്കുന്നത്. അതനുസരിച്ചാണ് കെ എസ് ഇ ബി വൈദ്യുതി ബില്‍ തയ്യാറാക്കുന്നത്.

500 യൂണിറ്റിന് താഴെ ഉപയോഗിച്ചാല്‍, ഉപയോഗിക്കുന്ന മുഴുവന്‍ യൂണിറ്റിനും 5.70 രൂപയും, 500 യൂണിറ്റിനു മുകളില്‍ ഉപയോഗിച്ചാല്‍ ഉപയോഗിക്കുന്ന മുഴുവന്‍ യൂണിറ്റിനും 6.50 രൂപയുമാണ് ഈ താരിഫിലെ നിരക്ക്. ഇതിനു പുറമേ, ഫിക്‌സഡ് ചാര്‍ജ് ആയി ഒരു കിലോവാട്ടിന് പ്രതിമാസം 65 രൂപയും ഈടാക്കുന്നതാണ്.

ഇതാണ് വാസ്തവം.

ഇത്തരം വ്യാജപ്രചാരണങ്ങളിലൂടെ, ജനങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്ന KSEB എന്ന പൊതു മേഖലാ സ്ഥാപനത്തെ നശിപ്പിക്കാന്‍ കഴിയില്ല. വ്യാജപ്രചാരണങ്ങളില്‍ വഞ്ചിതരാകാതിരിക്കുക.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in