കേരളത്തിലെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലെന്ന സന്ദേശം വ്യാജം. കേരള പൊലീസിന്റേതെന്ന പേരിലായിരുന്നു വ്യാജ സന്ദേശം വലിയ രീതിയില്‍ പ്രചരിപ്പിക്കപ്പെട്ടത്. ഇത്തരത്തില്‍ ഒരു അറിയിപ്പ് ഉണ്ടായിട്ടില്ലെന്ന് കേരള പൊലീസ് അറിയിച്ചു.
പ്രചരണം
കേരളത്തിലെ ഗ്രൂപ്പുകള്‍ എല്ലാം 3 ദിവസത്തേക്ക് സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലാണെന്നായിരുന്നു കേരള പൊലീസിന്റേത് എന്ന് അവകാശപ്പെടുന്ന സന്ദേശത്തില്‍ പറഞ്ഞിരുന്നത്. കൊറോണയെ പറ്റി ജനങ്ങളെ ഭയപ്പെടുത്തുന്ന സന്ദേശങ്ങള്‍ കൈമാറുന്നത് 3 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്. ആരെങ്കിലും ഇത്തരം സന്ദേശങ്ങള്‍ കൈമാറിയാല്‍ ഗ്രൂപ്പ് അഡ്മിന്മാരെയാകും പൊലീസ് അറസ്റ്റ് ചെയ്യുകയെന്നും വ്യാജസന്ദേശത്തില്‍ പറഞ്ഞിരുന്നു.
വാസ്തവം
ഇത്തരത്തില്‍ ഒരു മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്ന് കേരള പൊലീസ് അറിയിച്ചു. 'സമൂഹ മാധ്യമ ഗ്രൂപ്പുകള്‍ എല്ലാം സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലാണ്' എന്ന് തുടങ്ങുന്ന ഒരു വ്യാജ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ കേരളാ പൊലീസിന്റെ അറിയിപ്പ് എന്ന വ്യാജേന പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ഒരു അറിയിപ്പ് ഉണ്ടായിട്ടില്ലെന്ന് കേരളാ പോലീസ് അറിയിച്ചു.