Fact Check : ‘47 കാരനായ മലയാളി വിദ്യാര്‍ത്ഥി മൊയ്‌നുദ്ദീനൊക്കെയാണ് ജെഎന്‍യുവില്‍ സമരം ചെയ്യുന്നത്’; പ്രചരണം വ്യാജം
സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്
ഇത് കേരളത്തില്‍ നിന്നുള്ള മൊയ്‌നുദ്ദീന്‍.1989 ല്‍ ജെഎന്‍യുവില്‍ അഡ്മിഷന്‍ എടുത്തതാണ്. ബിഎ, എംഎ, എംഫില്‍,പിഎച്ച്ഡി എന്നിവയെല്ലാം പൂര്‍ത്തിയാക്കിയാലും 2001 ല്‍ ജെഎന്‍യുവില്‍ നിന്ന് പുറത്തുപോവുകയും ജോലിയാരംഭിക്കുകയും ചെയ്യേണ്ടതാണ്'. ഒരു ജെഎന്‍യു വിദ്യാര്‍ത്ഥിയുടെ ചിത്രം സഹിതം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച പോസ്റ്റാണിത്. ജെഎന്‍യുവിലെ ഫീസ് വര്‍ധനയ്‌ക്കെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം ആരംഭിച്ചത് മുതലാണ് പോസ്റ്റ് വൈറലായത്. സംഘപരിവാര്‍ അനുകൂല, സമൂഹമാധ്യമ അക്കൗണ്ടുകളിലും ഗ്രൂപ്പുകളിലും പേജുകളിലുമാണ് ഈ പോസ്റ്റ് നിറഞ്ഞത്.
പ്രചരണത്തിന്റെ വാസ്തവം
ചിത്രത്തിലുള്ളത് 47 കാരനല്ല. പേര് മൊയ്‌നുദ്ദീന്‍ എന്നല്ല, ഇയാള്‍ കേരളക്കാരനുമല്ല. ജെഎന്‍യുവിലെ എംഫില്‍ വിദ്യാര്‍ത്ഥിയും 30 കാരനും അലഹബാദ് സ്വദേശിയുമായ പങ്കജ് കുമാര്‍ മിശ്രയാണിത്. ഇദ്ദേഹത്തെയാണ് 47 കാരനായ മലയാളി മുസ്ലിം യുവാവായി ചിത്രീകരിച്ച് വ്യാജ പ്രചരണം അഴിച്ചുവിട്ടത്. 1989 മാര്‍ച്ച് 8 നാണ് പങ്കജ് ജനിച്ചതെന്ന് തിരിച്ചറിയില്‍ രേഖയില്‍ വ്യക്തമാണെന്ന് അത് നേരില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ഫാക്ട് ചെക്കിംഗ് വെബ്‌സൈറ്റായ ബൂം ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. 1989 ല്‍ ജനിച്ച ഇയാള്‍ക്കെങ്ങിനെയാണ് അതേ വര്‍ഷം ജെഎന്‍യുവില്‍ അഡ്മിഷന്‍ നേടാനാവുക. സീ ന്യൂസിന്റെ വീഡിയോയില്‍ നിന്നുള്ള സ്‌ക്രീന്‍ ഷോട്ട് ഉപയോഗിച്ചാണ് വ്യാജപ്രചരണം. സോഷ്യല്‍ മെഡിസിന്‍ ആന്റ് കമ്മ്യൂണിറ്റി ഹെല്‍ത്ത് എന്ന വിഷയത്തിലാണ് പങ്കജ് ജെഎന്‍യുവില്‍ എംഫില്‍ ചെയ്യുന്നത്. നിതി ആയോഗിന്റെ കീഴില്‍ പൊതുജനാരോഗ്യ മേഖലയില്‍ പ്രവൃത്തി പരിചയവുമുണ്ട് ഇദ്ദേഹത്തിന്. വാസ്തവമിതായിരിക്കെയാണ് ജെഎന്‍യു പ്രക്ഷോഭത്തെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ സംഘപരിവാര്‍ സംഘടനകള്‍ ഇദ്ദേഹത്തിന്റെ ചിത്രമുപയോഗിച്ച് വ്യാജ പ്രചരണം നടത്തിവരുന്നത്.
കൂടുതല്‍ വീഡിയോകള്‍ക്കും വാര്‍ത്തകള്‍ക്കും 'ദ ക്യു' യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം