Fact Check : പ്രചരണവും ചിത്രവും പരസ്പര ബന്ധമില്ലാത്തത് ; കൊവിഡ് വാര്‍ഡില്‍ യുവതി പീഡിപ്പിക്കപ്പെട്ടെന്നതിലെ വാസ്തവം

Fact Check : പ്രചരണവും ചിത്രവും പരസ്പര ബന്ധമില്ലാത്തത് ; കൊവിഡ് വാര്‍ഡില്‍ യുവതി പീഡിപ്പിക്കപ്പെട്ടെന്നതിലെ വാസ്തവം
Published on

സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്

കൊവിഡ് 19 ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച ഗര്‍ഭിണിയെ ഡോക്ടര്‍ ബലാത്സംഗം ചെയ്തു. കൊവിഡ് നെഗറ്റീവ് ആയതിനെ തുടര്‍ന്ന് വീട്ടിലെത്തിയ യുവതി അനിയന്ത്രിത രക്തശ്രാവത്തെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു. ബിഹാര്‍ ഗയയിലെ മഗധ് മെഡിക്കല്‍ കോളജിലാണ് സംഭവം. പഞ്ചാബ് സ്വദേശിയായ പെണ്‍കുട്ടി രണ്ട് മാസം ഗര്‍ഭിണിയായിരുന്നു. മാര്‍ച്ച് 25 ന് പഞ്ചാബില്‍ നിന്ന് യാത്ര ചെയ്ത് എത്തിയതാണ്. ഏപ്രില്‍ ഒന്നിനാണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ ചികിത്സാ കാലയളവില്‍ യുവതിയെ രണ്ട് ദിവസം ഡോക്ടര്‍ ബലാത്സംഗത്തിനിരയാക്കി. താന്‍ നേരിട്ട ക്രൂര പീഡനം യുവതി ഭര്‍തൃമാതാവിനോട് വെളിപ്പെടുത്തുകയായിരുന്നു. ഏപ്രില്‍ 3 ന് യുവതിയെ കൊവിഡ് 19 ഇല്ലെന്ന് കണ്ടെത്തി ഡിസ്ചാര്‍ജും ചെയ്തു. ബന്ധുക്കളോടെല്ലാം യുവതി ഇക്കാര്യം പറഞ്ഞെങ്കിലും അപമാനം ഭയന്ന് ആരും പരാതിപ്പെട്ടില്ല. എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഗര്‍ഭം അലസുകയും അനിയന്ത്രിത രക്തശ്രാവത്തെ തുടര്‍ന്ന് യുവതി മരണപ്പെടുകയും ചെയ്തു. ക്രൂരമായ ബലാത്സംഗത്തിന് ഇരയായതിനെ തുടര്‍ന്നായിരുന്നു ഇത്. യുവതിയ്ക്ക് നീതി ലഭിക്കാന്‍ ഏവരും ശബ്ദമുയര്‍ത്തേണ്ടതുണ്ട്.

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു യുവതിയുടെ ചിത്രം സഹിതമാണ് പോസ്റ്റ് പ്രചരിപ്പിക്കപ്പെട്ടത്. നിരവധിയാളുകളാണ് സമൂഹ മാധ്യമങ്ങളില്‍ ഈ കുറിപ്പ് പങ്കുവെച്ചത്

പ്രചരണത്തിന്റെ വാസ്തവം

പ്രചരിച്ച ഫോട്ടോയിലുള്ളത് 16 കാരിയായ കാണ്‍പൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ്. 2017 ജൂണിലേതാണ് ചിത്രം. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഈ കുട്ടിയെ വാര്‍ഡ് ബോയ് പീഡനത്തിരിയാക്കിയിരുന്നു. ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട കുട്ടിയെ സമീപത്തെ ക്ലിനിക്കിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇവിടെ വെച്ച് വാര്‍ഡ് ബോയ് 16 കാരിയെ മരുന്ന് നല്‍കി മയക്കി ബലാത്സംഗം ചെയ്യുകയായിരുന്നു. പ്രസ്തുത യുവാവ് പൊലീസ് പിടിയിലാവുകയും ചെയ്തു.

അതേസമയം മറ്റൊരു സംഭവത്തില്‍ ഗയയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട 25 കാരി ചികിത്സിച്ച ഡോക്ടറില്‍ നിന്ന് ലൈംഗിക പീഡനത്തിന് ഇരയായിരുന്നു. രക്തശ്രാവത്തെ തുടര്‍ന്ന് മാര്‍ച്ച് 27 നാണ് ഗര്‍ഭിണിയെ അനുഗ്രഹ് നാരായണ്‍ മഗധ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. എന്നാല്‍ യുവതിയില്‍ കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡിലാക്കി. പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷം ആശുപത്രി വിട്ടു. എന്നാല്‍ ഏപ്രില്‍ 6 ന് അനിയന്ത്രിത രക്തശ്രാവത്തെ തുടര്‍ന്ന് യുവതി വീട്ടില്‍വെച്ച് മരണപ്പെടുകയും ചെയ്തു. ഡോക്ടര്‍ അറസ്റ്റിലായിട്ടുമുണ്ട്.

അതായത് ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തെ, 2017 ലെ കേസിലെ ചിത്രമുപയോഗിച്ചാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in