മറ്റ് രോഗങ്ങളുള്ളവര്‍ കൊവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടുമ്പോള്‍ സാന്ത്വനമായി സര്‍ക്കാര്‍ 39,000 രൂപ നല്‍കുന്നു എന്നുപറഞ്ഞുകൊണ്ടുള്ള സന്ദേശം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പണം ലഭിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നും വിശദീകരിക്കുന്ന സന്ദേശത്തില്‍ ബീന ടോമി എന്ന സാമൂഹിക പ്രവര്‍ത്തകയുടെ നമ്പറും നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രചരണം വ്യാജമാണെന്നും, ഇത് താന്‍ അയച്ച സന്ദേശമല്ലെന്നും ബീന പറഞ്ഞു.
പ്രചരണം
മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ കൊവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ കിടന്ന് ചികിത്സ തേടുന്നവര്‍ക്കാണ് സര്‍ക്കാര്‍ 39,000 രൂപ നല്‍കുന്നതെന്നാണ് പ്രചരണം. പണം ലഭിക്കാന്‍, സ്വകാര്യ ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന ഫോറം പൂരിപ്പിച്ച്, പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ഒപ്പും സീലും പതിപ്പിച്ച് തിരിച്ച് നല്‍കണമെന്നും, രോഗിയുടെ ഒരു ഫോട്ടോയും ആധാര്‍ കാര്‍ഡിന്റെ കോപ്പിയും ഒപ്പം നല്‍കണമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. ചികിത്സിക്കുന്ന ആശുപത്രിയിലേക്കാണ് സര്‍ക്കാര്‍ പണം നല്‍കുക എന്നും സന്ദേശത്തില്‍ അവകാശപ്പെടുന്നുണ്ട്.
വസ്തുത
മറ്റ് രോഗങ്ങളുള്ള കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ 39,000 രൂപ നല്‍കുന്നുവെന്നത് വ്യജ പ്രചരണമാണ്. താന്‍ അറിയാതെയാണ് ഈ സന്ദേശം പ്രചരിക്കുന്നതെന്നാണ് കട്ടപ്പന സ്വദേശിനിയായ ആശ വര്‍ക്കര്‍ ബീന ടോമി മാതൃഭൂമിയോട് പറഞ്ഞത്.
ഇത് കൊവിഡ് രോഗികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായമല്ലെന്നും സര്‍ക്കാരിന്റെ തന്നെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള ധനസഹായമാണെന്ന് അന്വേഷിച്ചറിഞ്ഞെന്നും ബീന ടോമി പറഞ്ഞു. തന്നോട് സഹായമഭ്യര്‍ത്ഥിച്ച് വന്ന ഒരു പാവപ്പെട്ട കുടുംബത്തില്‍ പെട്ട കൊവിഡ് രോഗിക്ക്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിര്‍ദേശിച്ചത് പ്രകാരം ചികിത്സയ്ക്ക് സാമ്പത്തിക സഹായം ലഭിക്കുന്ന ഒരു പദ്ധതിയെ കുറിച്ച് പറഞ്ഞു കൊടുത്തിരുന്നു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭിച്ച ഇവരില്‍ നിന്നാവാം കൊവിഡ് രോഗികള്‍ക്കുള്ള സാമ്പത്തിക സഹായം എന്ന രീതിയില്‍ സന്ദേശം പ്രചരിച്ചത് എന്ന് ബീന പറഞ്ഞു. തന്റെ അടുത്ത് നിന്ന് വിവരം ലഭിച്ചതിനാലാകാം സന്ദേശത്തില്‍ തന്റെ പേര് വന്നതെന്നും ബീന.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
കേരളത്തിലെ ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങള്‍ക്ക് ആശുപത്രി ചികിത്സയ്ക്കായി ഒരു വര്‍ഷം അഞ്ച് ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുന്ന ആരോഗ്യ സുരക്ഷാ പദ്ധതിയാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി. ഇത് കൊവിഡ് രോഗികള്‍ക്ക് മാത്രമായുള്ള പദ്ധതിയല്ല. കേരള സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന എല്ലാ ആരോഗ്യ സുരക്ഷാ പദ്ധതികളെയും സംയോജിപ്പിച്ചുകൊണ്ടാണ് ഈ പദ്ധതിയ്ക്ക് കീഴില്‍ സാമ്പത്തിക സഹായം നല്‍കുന്നത്.
Fact Check, Fake Message About Govt Financial Aid To Covid Patients