Fact Check : ‘കൊറോണ വൈറസ് പകരുന്നത് ബ്രോയിലര്‍ കോഴികളില്‍ നിന്ന്’ ; പ്രചരണം വ്യാജം 

Fact Check : ‘കൊറോണ വൈറസ് പകരുന്നത് ബ്രോയിലര്‍ കോഴികളില്‍ നിന്ന്’ ; പ്രചരണം വ്യാജം 

Published on

സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്

ബ്രോയിലര്‍ കോഴികളില്‍ നിന്നാണ് കൊറോണ വൈറസ് പകരുന്നതെന്ന് കണ്ടെത്തിയിരിക്കുന്നു. അതിനാല്‍ ഈ ഇറച്ചി കഴിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. എല്ലാവരിലേക്കും ഇത് പങ്കുവെയ്ക്കൂ. (മുസ്ലിം കമ്മ്യൂണിറ്റി, ഖര്‍, മുംബൈ).

ചൈനയിലെ വുഹാനില്‍ കൊറോണ വൈറസ് ബാധ നൂറുകണക്കിനാളുകളുടെ മരണത്തിന് കാരണമായിരിക്കെ ഇന്ത്യയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതാണിത്. രോഗബാധയുള്ളതെന്ന് തോന്നിപ്പിക്കുന്ന കോഴികളുടെ ചിത്രങ്ങള്‍ സഹിതമാണ് പോസ്റ്റുകള്‍.

കനത്ത ജാഗ്രത : ബംഗളൂരുവില്‍ കോഴികളില്‍ കൊറോണ വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നു. അതിനാല്‍ എല്ലാവരും കോഴിയിറച്ചി കഴിക്കുന്നത് ഒഴിവാക്കുക. എല്ലാവരിലേക്കും ഈ സന്ദേശം പ്രചരിപ്പിക്കൂ

ഇത്തരത്തിലും കുറിപ്പുകള്‍ പ്രചരിക്കുന്നു. ചൈനയില്‍ രോഗബാധയുള്ള 18,000 കോഴികളെ കൊന്നുവെന്ന വാര്‍ത്തയുടെ ചുവടുപിടിച്ചാണ് ഇത്തരത്തില്‍ പ്രചരണം. നിരവധിയാളുകളാണ് ഇത്തരത്തില്‍ തങ്ങളുടെ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്യുന്നതും മറ്റുള്ളവരിലേക്ക് പങ്കുവെയ്ക്കുന്നതും.

പ്രചരണത്തിന്റെ വാസ്തവം

കോഴികളില്‍ നിന്നാണ് കൊറോണ വൈറസ് മനുഷ്യരിലേക്ക് പടര്‍ന്നത് എന്നതിന് ഇതുവരെ സ്ഥിരീകരണമില്ല. ഇതുസംബന്ധിച്ച് ഊഹാപോഹങ്ങള്‍ മാത്രമാണുള്ളത്. ഏതുതരം കോഴികളുടെ ഇറച്ചിയും ശരിയായ രീതിയില്‍ പാചകം ചെയ്ത് കഴിക്കുന്നതില്‍ ഒരു പ്രശ്‌നവുമില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വ്യാജ പ്രചരണങ്ങളില്‍ വഞ്ചിതരാകരുതെന്ന്‌ ലോകാരോഗ്യ സംഘടനയടക്കം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ചൈനയില്‍ രോഗബാധയുള്ള 18,000 കോഴികളെ നശിപ്പിച്ചെന്ന വാര്‍ത്ത ശരിയാണ്. പക്ഷേ അവയെ ബാധിച്ചത് കൊറോണയല്ല. ഹുനാന്‍ പ്രവിശ്യയില്‍ കോഴികളില്‍ എച്ച്5എന്‍1 പക്ഷിപ്പനി പടര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് 18,000 കോഴികളെ കൊന്നുകളഞ്ഞത്. ഇക്കാര്യം ചൈനീസ് കൃഷിമന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി എച്ച്5എന്‍1 ബാധയുള്ള കോഴിയാണെങ്കില്‍ പോലും ശരിയായ രീതിയില്‍ പാചകം ചെയ്ത് ഭക്ഷിച്ചാല്‍ രോഗം മനുഷ്യരിലേക്ക് പടരില്ല. പക്ഷിപ്പനിയുള്ള കോഴിയുടെ ജഡം കൈകളില്‍ എടുക്കുകയോ അശ്രദ്ധമായി കൈകാര്യം ചെയ്യുകയോ ഉണ്ടായാലേ മനുഷ്യര്‍ക്ക് പകരുകയുള്ളൂ.

logo
The Cue
www.thecue.in