FactCheck: അത് അമിതാഭ് ബച്ചന്റെ വീട്ടു ജോലിക്കാരന്റെ ശവമഞ്ചമല്ല, പ്രചരിച്ച ചിത്രത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം ഇതാണ്
ബോളിവുഡ് താരം അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും തങ്ങളുടെ വീട്ടു ജോലിക്കാരന്റെ ശവമഞ്ചം ചുമക്കുന്നു എന്ന തരത്തില്‍ ദേശീയ മാധ്യമങ്ങളടക്കം ചിത്രം പ്രസിദ്ധീകരിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് വാര്‍ത്തയായി മാറിയത്. അമിതാബ് ബച്ചനും അഭിഷേക് ബച്ചനും തങ്ങളുടെ ജീവനക്കാരന്റെ ശവമഞ്ചം തന്നെയാണ് ചുമക്കുന്നത് എന്നാല്‍ വീട്ട് ജോലിക്കാരനാണെന്ന പ്രചരണം വ്യാജമാണ്. 40 വര്‍ഷത്തോളം തന്റെ സെക്രട്ടറിയും മാനേജറുമായിരുന്ന ശീതള്‍ ജെയ്‌ന്റെ ശവമഞ്ചത്തിന്റെ തലയ്ക്കലാണ് ബിഗ് ബി പിടിച്ചത്..
അമിതാഭിന്റെ 'ബടേ മിയാന്‍ ഛോട്ടേ മിയാന്‍' എന്ന പഴയ ചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ് അന്തരിച്ച 77 വയസുകാരനായ മാനേജര്‍ ശീതള്‍ ജെയ്ന്‍ എന്ന് 'മലയാളം ഫാക്ട്ക്രിസന്‍ഡോ' ഫാക്ട് ചെക്ക് സൈറ്റ് വ്യക്തമാക്കുന്നു.
ജൂണ്‍ 25ന് വന്ന സമൂഹ മാധ്യമങ്ങളിലെ പോസ്റ്റില്‍ ജൂണ്‍ 24ന് ആണ് വേലക്കാരന്‍ മരിച്ചതെന്നാണ് പ്രചരിച്ചത്. എന്നാല്‍ ജൂണ്‍ 7ന് ആണ് ബച്ചന്റെ മാനേജറായ ശീതള്‍ ജെയ്ന്‍ മരിച്ചത്. ശേഷം തന്റെ 40 വര്‍ഷത്തെ സന്തത സഹചാരിയുടെ മരണത്തിലെ വേദന പങ്കുവെച്ച് അമിതാഭ് ബച്ചന്‍ ബ്ലോഗുമെഴുതിയിരുന്നു.
വീട്ടുജോലിക്കാരന്റെ ശവമഞ്ചം ചുമന്ന് അമിതാഭ് ബച്ചനും അഭിഷേകും എന്ന തലക്കെട്ടിലാണ് ദ ക്യൂവും ഈ വാര്‍ത്ത നല്‍കിയിരുന്നത്. ട്വിറ്ററുകളിലും സോഷ്യല്‍ മീഡിയയിലുമായി പ്രചരിച്ച ചിത്രത്തെക്കുറിച്ച് ദേശീയ മാധ്യമങ്ങളില്‍ നല്‍കിയ വാര്‍ത്തയായിരുന്നു ഇതിന് ആധാരമാക്കിയത്. മാനേജരുടെ ശവമഞ്ചം ചുമക്കുന്ന ചിത്രത്തെ വീട്ടുജോലിക്കാരന്റെ മരണം എന്ന നിലയില്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ ദ ക്യൂ ക്ഷമാപണം നടത്തുന്നു.
നാല്പത് വര്‍ഷം എന്റെ ജോലിഭാരം ഏറ്റെടുത്തത് അദ്ദേഹമായിരുന്നു. വിനയം, മര്യാത, മനുഷ്യത്വം, സത്യസന്ധത, ആത്മാര്‍ത്ഥ എന്നിവയുടെയെല്ലാം ചിത്രമായിരുന്നു അദ്ദേഹം. ഇന്ന് അദ്ദേഹത്തിന്റെ അന്ത്യയാത്രയില്‍ ഞാന്‍ അദ്ദേഹത്തെ കൈകളില്‍ ചുമന്നു.
ശീതള്‍ ജെയ്‌നെ അനുസ്മരിച്ച് അമിതാഭ് ബച്ചന്‍ ജൂണ്‍ 9ന് എഴുതിയ ബ്ലോഗില്‍ ഇപ്പോള്‍ പ്രചരിച്ച ചിത്രവും പങ്കുവെച്ചിരുന്നു. മുംബൈ വിലെപാര്‍ലെയിലെ പവന്‍ഹാന്‍സ് ശ്മശാനത്തില്‍ നടന്ന ശവസംസ്‌കാരത്തില്‍ അമിതാഭിനൊപ്പം മകന്‍ അഭിഷേകും മരുമകള്‍ ഐശ്വര്യ റായിയും പങ്കെടുത്തിരുന്നു.