പാലക്കാട് മണ്ണാര്‍ക്കാട് പൈനാപ്പിള്‍ പടക്കം പൊട്ടിത്തെറിച്ച് ആന ചെരിഞ്ഞ സംഭവത്തില്‍ നുണപ്രചരണം തുടരുന്നു. ആനയെ കൊലപ്പെടുത്തിയ സംഭവത്തില്‍ അംസത് അലി, തമിം ഷെയ്ഖ് എന്നിവര്‍ അറസ്റ്റിലായെന്നാണ് പുതിയ വ്യാജപ്രചരണം. കേന്ദ്ര ആരോഗ്യകുടുംബക്ഷേമന്ത്രിയുടെ മാധ്യമ ഉപദേശകന്‍ എന്ന് അവകാശപ്പെടുന്ന സംഘപരിവാര്‍ അനുയായി അമര്‍ പ്രസാദ് റെഡ്ഡിയാണ് മുസ്ലിം പേരുകാരായ രണ്ട് പേര്‍ പിടിയിലായെന്ന് വ്യാഴാഴ്ച രാത്രി ട്വീറ്റ് ചെയ്തത്.
അമര്‍ പ്രസാദ് റെഡ്ഡിയുടെ ട്വീറ്റിലെ വിവരങ്ങള്‍ വ്യാജമാണെന്ന് കമന്റുകളും കേരളാ പോലീസിനെ ടാഗ് ചെയ്തുള്ള മറുപടിയും വന്നതോടെ വിദ്വേഷ ട്വീറ്റ് ഡിലീറ്റ് ചെയ്തു. ആന കൊല്ലപ്പെട്ട സംഭവത്തില്‍ ടാപ്പിംഗ് തൊഴിലാഴി വില്‍സണിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന് സഹായമൊരുക്കിയ രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ട്. വനംമന്ത്രി രാജുവാണ് ഒരാള്‍ പിടിയിലായ കാര്യം അറിയിച്ചത്. അമ്പലപ്പാറ ഭാഗത്ത് കൃഷിയിടങ്ങളില്‍ പൈനാപ്പിളില്‍ സ്‌ഫോടകവസ്തു നിറച്ച് വെക്കാന്‍ സഹായിച്ചത് വില്‍സണ്‍ ആണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. മലപ്പുറം ഓടക്കാലി സ്വദേശിയാണ് വില്‍സണ്‍.
പാലക്കാട് സൈലന്റ് വാലി ദേശീയോദ്യാനത്തിലാണ് ആന ചരിഞ്ഞത്. വനം വകുപ്പിന് കീഴിലുള്ള ഉദ്യോഗസ്ഥര്‍ വനമേഖലയോട് ചേര്‍ന്നുള്ള സ്വകാര്യ എസ്‌റ്റേറ്റുകളില്‍ ഉള്‍പ്പെടെ ആന ചെരിഞ്ഞ സംഭവത്തില്‍ പരിശോധന തുടരുകയാണ്.
ആന കൊല്ലപ്പെട്ട സംഭവത്തെ വര്‍ഗീയ ധ്രുവീകരണത്തിനായി ഉപയോഗിച്ച ബിജെപി നേതാവ് മനേകാ ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ നീക്കത്തില്‍ പ്രതിഷേധം ശക്തമാണ്. മുസ്ലിം ലീഗ് മനേകാ ഗാന്ധിക്കെതിരെ കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മനേകാ ഗാന്ധിക്ക് കത്തയച്ചിരുന്നു.