FactCheck: ‘സിപിഐഎമ്മിലെ കുടുംബാധിപത്യവൃക്ഷം’, ഇനീഷ്യലില്‍ സഹോദരബന്ധം സൃഷ്ടിക്കുന്ന വ്യാജത

FactCheck: ‘സിപിഐഎമ്മിലെ കുടുംബാധിപത്യവൃക്ഷം’, ഇനീഷ്യലില്‍ സഹോദരബന്ധം സൃഷ്ടിക്കുന്ന വ്യാജത

Published on

സിപിഐഎമ്മില്‍ കുടുംബാധിപത്യം ആരോപിക്കുന്ന ബന്ധുത്വവിശദീകരണ വൃക്ഷം കുറച്ചുനാളുകളായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആന്തൂരിലെ വ്യവസായിയുടെ ആത്മഹത്യ, ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതി എന്നിവയ്ക്ക് പിന്നാലെ കണ്ണൂരില്‍ നിന്നുള്ള പ്രധാന നേതാക്കളെല്ലാം അടുത്ത ബന്ധുക്കളാണെന്നും കുടുംബാധിപത്യമാണ് പാര്‍ട്ടിയിലെന്നും സ്ഥാപിക്കാന്‍ ശ്രമിക്കുന്നതാണ് അല്‍പമാത്രമായ വസ്തുതകളോടൊപ്പം അസത്യം ആവോളം ചേര്‍ത്തിരിക്കുന്ന ഗ്രാഫിക്കല്‍ ഇമേജ്. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, വ്യവസായമന്ത്രി ഇ പി ജയരാജന്‍, കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദന്‍, പി കെ ശ്രീമതി, പി ജയരാജന്‍ എന്നിവരെല്ലാം ബന്ധുക്കളാണെന്നാണ് വ്യാജപ്രചരണം. വാട്സ് ആപ്പിലും ഫേസ്ബുക്കിലുമായി നിരവധി പേരിലൂടെ കുടുംബാധിപത്യം സിപിഎമ്മില്‍, ഇതാണ് എല്‍ഡിഎഫ് എന്ന തലക്കെട്ടില്‍ ഈ പോസ്റ്റ് പ്രചരിക്കുന്നുണ്ട്.

പ്രചരിക്കുന്നത്

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, സഹോദരി പി സതീദേവി. ഇവരുടെ ചെറിയമ്മയുടെ മകള്‍ കണ്ണൂര്‍ എം പി പി കെ ശ്രീമതി. ശ്രീമതി ടീച്ചറുടെ അനുജത്തിയുടെ ഭര്‍ത്താവ് മട്ടന്നൂര്‍ എംഎല്‍എ ഇ പി ജയരാജന്‍. ശ്രീമതി ടീച്ചറുടെ മറ്റൊരു അനുജത്തിയുടെ ഭര്‍ത്താവ് ഗോവിന്ദന്‍ മാഷ്, ഭാര്യ ആന്തൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ പി കെ ശ്യാമള. കെ കെ ഷൈലജ ടീച്ചറുടെ സഹോദരനാണ് എം പി കെ കെ രാഗേഷ്. മുന്‍ കക്ഷികളുടെ അമ്മാവന്റെ മകളാണ് വിനോദിനി ടീച്ചര്‍. വിനോദിനി ടീച്ചറുടെ ഭര്‍ത്താവ് കോടിയേരി ബാലകൃഷ്ണന്‍.

ചിലരുടെ പേരിനൊപ്പമുള്ള ഇനീഷ്യലിലെ സാമ്യമാണ് ബന്ധുത്വമുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ നടത്തിയ വ്യാജപ്രചരണമാണ് ഇതെന്ന് ഉള്ളടക്കത്തില്‍ നിന്ന് മനസിലാകും. വ്യവസായ മന്ത്രി ഇ പി ജയരാജനെയും ആരോഗ്യമന്ത്രി കെ കെ ഷൈലജയെയും സ്ഥാനാര്‍ത്ഥികളായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. പി കെ ശ്രീമതിയെ കണ്ണൂര്‍ എംപിയായും പി ജയരാജനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രചരണത്തിലെ വസ്തുതകള്‍

സിപിഐഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതിയംഗവുമായ പി ജയരാജന്റെ സഹോദരിയാണ് പി സതീദേവി.

പി സതീദേവി: വടകര മുന്‍ എംപി. അന്തരിച്ച മുന്‍ എംഎല്‍എ എം ദാസനാണ് സതീദേവിയുടെ ഭര്‍ത്താവ്.

പി.കെ ശ്രീമതി ടീച്ചറും ഇ പി ജയരാജനും ബന്ധുക്കളാണ്. പി കെ ശ്രീമതിയുടെ സഹോദരി പി കെ ഇന്ദിരയുടെ ഭര്‍ത്താവാണ് ഇ പി ജയരാജന്‍

ഇ പി ജയരാജന്‍: വ്യവസായ വകുപ്പ് മന്ത്രി, സിപിഐഎം കേന്ദ്രകമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും അംഗം.

ഫാക്ട് ചെക്ക്

പി ജയരാജന്റെയും പി സതീദേവിയുടെയും ബന്ധുവല്ല പി കെ ശ്രീമതി. ചെറിയമ്മയുടെ മകള്‍ എന്ന പ്രചരണം അവാസ്തവമാണ്.

എം വി ഗോവിന്ദന്‍, പികെ ശ്യാമള എന്നിവരുമായി പി കെ ശ്രീമതിക്ക് കുടുംബ ബന്ധമില്ല. പി കെ ശ്യാമള പി കെ ശ്രീമതിയുടെ സഹോദരിയല്ല. പി കെ എന്ന ഇനീഷ്യലിലെ സാമ്യം മാത്രം.

ആരോഗ്യമന്ത്രി കെ കെ ഷൈലജയും രാജ്യസഭാ എം പി കെ കെ രാഗേഷും തമ്മില്‍ കുടുംബ ബന്ധമില്ല. ഇരുവര്‍ക്കുമുള്ള കെ കെ എന്ന ഇനീഷ്യലാണ് സഹോദരബന്ധം സ്ഥാപിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുമായി പി ജയരാജന്‍, പി കെ ശ്രീമതി, ഇ പി ജയരാജന്‍, എം വി ഗോവിന്ദന്‍, കെ കെ ഷൈലജ, കെ കെ രാഗേഷ് എന്നിവര്‍ക്കാര്‍ക്കും ബന്ധുത്വമില്ല. വിനോദിനി ബാലകൃഷ്ണന്‍ ടീച്ചറുമല്ല.

logo
The Cue
www.thecue.in