ആരാണ് പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്?; അരവിന്ദ് ബോബ്‌ഡെയെ അറിയാം
സുപ്രീം കോടതി സ്ഥാനത്തേക്ക് തന്റെ പിന്‍ഗാമിയായി ജസ്റ്റിസ് അരവിന്ദ് ബോബ്‌ഡെയെ നിര്‍ദ്ദേശിച്ചിരിക്കുകയാണ് സിജെഐ രഞ്ജന്‍ ഗൊഗോയ്. ബോബ്‌ഡെയെ ചീഫ് ജസ്റ്റിസാക്കണമെന്ന് ആവശ്യപ്പെട്ട് രഞ്ജന്‍ ഗൊഗോയ് രാഷ്ട്രപതിക്ക് കത്തയച്ചു. ഗൊഗോയ് കഴിഞ്ഞാല്‍ സര്‍വ്വീസിലുള്ള ഏറ്റവും സീനിയറായ ജഡ്ജിയാണ് എസ് എ ബോബ്‌ഡെ. 2021 ഏപ്രില്‍ 23 ആണ് മുന്‍ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ബോബ്‌ഡെയുടെ വിരമിക്കല്‍ തീയതി. ഏഴ് വര്‍ഷമായി സുപ്രീം കോടതിയില്‍ സേവനമനുഷ്ഠിക്കുന്ന ബോബ്‌ഡെ നവംബര്‍ 19 മുതല്‍ സിജെഐ സ്ഥാനം ഏറ്റെടുത്തേക്കും.
1956ല്‍ മഹാരാഷ്ട്ര നാഗ്പൂരിലെ ഒരു അഭിഭാഷ കുടുംബത്തിലാണ് ശരദ് അരവിന്ദ് ബോബ്‌ഡെയുടെ ജനനം. അഭിഭാഷകരായിരുന്ന മുത്തശ്ശന്റേയും പിതാവിന്റേയും മൂത്ത സഹോദരന്റേയും പാതയാണ് ബോബ്‌ഡേ പിന്തുടര്‍ന്നത്. ബോബ്‌ഡെയുടെ പിതാവ് മഹാരാഷ്ട്ര അഡ്വക്കേറ്റ് ജനറലായിരുന്നു. സുപ്രീം കോടതി അഭിഭാഷകനായിരുന്ന മൂത്ത സഹോദരന്‍ വിനോദ് ബോബ്‌ഡെ ഭരണഘടനാ വിഷയങ്ങളില്‍ വിദഗ്ധനുമായിരുന്നു.
പ്രാചീന ഇന്ത്യയിലെ ‘ധര്‍മ്മ’ത്തില്‍ നിന്നാണ് ഇന്നത്തെ പല നിയമവ്യവസ്ഥയുടേയും ജനനം. ധര്‍മ്മത്തെ മതവുമായി ബന്ധിപ്പിക്കുന്നത് തെറ്റാണ്. ധര്‍മ്മത്തേക്കാള്‍ ശ്രേഷ്ഠമായി ഒന്നുമില്ലെന്ന് ഉപനിഷത്തുകളും പറയുന്നു.
എസ്എ ബോബ്‌ഡെ, 2018ല്‍ ഒരു പ്രഭാഷണത്തിനിടെ
നാഗ്പൂര്‍ സര്‍വ്വകലാശാലയുടെ കീഴിലുള്ള എസ്എഫ്എസ് കോളേജില്‍ നിന്ന് നിയമബിരുദം. 1978ല്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചില്‍ പ്രാക്ടീസ് ആരംഭിച്ച ബോബ്‌ഡെ 1998ല്‍ സീനിയര്‍ അഭിഭാഷകനായി. 2000 മാര്‍ച്ചില്‍ ബോംബെ ഹൈക്കോടതി അഡീഷണല്‍ ജഡ്ജായി ചുമതലയേറ്റു. 2012ല്‍ മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്. 2013 ഏപ്രില്‍ മുതലാണ് സുപ്രീം കോടതി ജഡ്ജിയായി സേവനമാരംഭിച്ചത്.
പ്രധാന വിധികള്‍
ആധാര്‍
ബോബ്‌ഡെ, ജസ്തി ചെലമേശ്വര്‍, ചൊക്കലിംഗം നാഗപ്പന്‍ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് 'ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ ഒരു പൗരനും അടിസ്ഥാന സേവനങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കപ്പെടരുത്' എന്ന് വ്യക്തമാക്കുന്ന വിധി പുറപ്പെടുവിച്ചത്.
ഗര്‍ഭഛിദ്രം
2017ല്‍ ബോബ്‌ഡെ, എല്‍ നാഗേശ്വര റാവു എന്നിവരടങ്ങുന്ന ബെഞ്ച് 26 ആഴ്ച്ച പ്രായമുള്ള ഭ്രൂണത്തെ അബോര്‍ട് ചെയ്യണമെന്ന ഹര്‍ജി തള്ളി. ഭ്രൂണം അതിജീവിക്കാന്‍ സാധ്യതയുണ്ടെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനേത്തുടര്‍ന്നായിരുന്നു ഇത്.
മതവികാരം
2017ല്‍, ലിംഗായത്ത് ആചാര്യ മാതെ മഹാദേവിയുടെ പുസ്തകം നിരോധിച്ച കര്‍ണാടക സര്‍ക്കാര്‍ നടപടി ശരിവെച്ചു. പുസ്തകം ബസവണ്ണ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് നിരീക്ഷിച്ചായിരുന്നു കോടതി വിധി. ബോബ്‌ഡെയും നാഗേശ്വര റാവുവും അടങ്ങുന്നതായിരുന്നു ബെഞ്ച്.
പരിസ്ഥിതി
2016ല്‍ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയ ഡല്‍ഹി പടക്കം പൊട്ടിക്കല്‍-കരിമരുന്ന് വില്‍പന നിരോധനവിധി. രാജ്യതലസ്ഥാനത്തെ ഗുരുതരമായ വായുമിലിനീകരണവുമായി ബന്ധപ്പെട്ട വിധി ബോബ്‌ഡെ, ടി എസ് താക്കൂര്‍, അര്‍ജാന്‍ കുമാര്‍ സിക്രി എന്നിവരടങ്ങുന്ന ബെഞ്ചാണ് പുറപ്പെടുവിച്ചത്.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം