വിനായകനും ശ്രീജിത്തും കെവിനും കുമാറും വരെ; ആരോപണ വിധേയരായ പൊലീസുകാര്‍ക്ക് എന്തുസംഭവിച്ചു?
മന്ത്രിസഭയുടെ മൂന്നാം വാര്‍ഷികത്തില്‍ മുഖ്യമന്ത്രിക്ക് ലഭിച്ച 'പൊലീസ് ആത്മവീര്യ പ്രോഗ്രസ് കാര്‍ഡില്‍' പുതുതായി കുമാര്‍ എന്ന പേരുകൂടിയുണ്ട്. ഉരുട്ടലിന് വിധേയമാക്കിയതിന്റേയും അടിച്ചതിന്റേയും ചവിട്ടിയതിന്റേയും ചതച്ചതിന്റേയും ഉള്‍പ്പെടെ കുമാറിന്റെ ശരീരത്തില്‍ കണ്ടെത്തിയ 32 മുറിവുകള്‍ പൊലീസിന്റെ വര്‍ധിത വീര്യം വ്യക്തമാക്കുന്നു. ഇടിമുറിയില്‍ നാല് ദിവസത്തെ ക്രൂരപീഡനത്തിന് ശേഷം എഴുന്നേറ്റ് നില്‍ക്കാന്‍ പോലും പറ്റാത്ത പ്രതിയെ ജയിലിലേക്ക് കൊണ്ടുപോകുകയായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മര്‍ദ്ദനത്തിന്റെ പാടുകള്‍ മായ്ക്കാന്‍ ആറ് മണിക്കൂറോളം കുമാറിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ വെയ്ക്കാതെ ജീര്‍ണിപ്പിക്കാന്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്. തെളിവുകള്‍ ഇല്ലാതാക്കി സഹപ്രവര്‍ത്തകരെ രക്ഷിക്കുന്ന സ്ഥിരം പൊലീസ് നടപടി ഇവിടേയും ആവര്‍ത്തിച്ചേക്കുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
അടിയന്തിരാവസ്ഥക്കാലത്ത് പൊലീസില്‍ നിന്ന് മര്‍ദ്ദനമേറ്റ അന്നത്തെ കൂത്തുപറമ്പ് എംഎല്‍എ നാളുകള്‍ക്ക് ശേഷം ചോരക്കറയുള്ള ഷര്‍ട്ടുമായി നിയമസഭയില്‍ നടത്തിയ പ്രസംഗം ചരിത്രപ്രസിദ്ധമാണ്. 44 വര്‍ഷങ്ങള്‍ക്കിപ്പുറം അതേ വ്യക്തി മുഖ്യമന്ത്രിയായി നിയമസഭയില്‍ നിന്ന് തന്റെ ഭരണത്തിന്‍ കീഴില്‍ നടന്ന കസ്റ്റഡിമരണത്തിന് മറുപടി പറഞ്ഞത് 'വിധിവൈപരീത്യം' എന്ന് വാക്ക് പ്രയോഗിച്ചുകൊണ്ടാണ്. കസ്റ്റഡിമരണങ്ങള്‍ സ്വഭാവികമായി മാറുമ്പോള്‍ അതിനെ ഒറ്റപ്പെട്ടതായി ചിത്രീകരിക്കാന്‍ ഇത്തരം പ്രയോഗങ്ങള്‍ മതിയാകില്ല. മൂന്നാം മുറയും കസ്റ്റഡി പീഡനവും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും കസ്റ്റഡിക്കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നത് എന്തുകൊണ്ടാണ്? പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം പൊലീസ് കസ്റ്റഡിയിലെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങളും അതിനേത്തുടര്‍ന്നുണ്ടായ നടപടികളും അതിന്റെ കാരണം കൂടി പറയുന്നുണ്ട്. വിധിവൈപരീത്യമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ ഭരണകാലത്ത് സ്വാഭാവികവത്കല്‍ക്കരിക്കപ്പെട്ടത് ഇങ്ങനെയൊക്കെയാണ്.
അബ്ദുള്‍ ലത്തീഫ് വണ്ടൂര്‍
2016 സെപ്റ്റംബര്‍ 11
ടയര്‍ മോഷ്ടിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ടാണ് മലപ്പൂര്‍ വണ്ടൂര്‍ സ്വദേശിയായ ലോറി ഡ്രൈവര്‍ അബ്ദുള്‍ ലത്തീഫിനെ (50) പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പൊലീസ് ആവശ്യപ്പെട്ടതനുസരിച്ച് സെപ്റ്റംബര്‍ പത്തിന് വണ്ടൂര്‍ സ്റ്റേഷനിലെത്തിയ ലത്തീഫിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. രാവിലെ ശുചിമുറിയില്‍ പോകണമെന്ന് ആവശ്യപ്പെട്ട ലത്തീഫ് ഉടമുണ്ടഴിച്ച് ടോയ്‌ലറ്റിന്റെ എയര്‍ ഹോളില്‍ കെട്ടി ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസിന്റെ വാദം. തലേ ദിവസം രാത്രി ലത്തീഫിന്റെ മകന്‍ ഫയാസ് സ്റ്റേഷനിലെത്തി പിതാവിന് ലുങ്കി വാങ്ങി നല്‍കിയിരുന്നു. തൂങ്ങിമരിക്കാന്‍ ഉപയോഗിച്ചതായി പൊലീസ് കാണിക്കുന്ന ലുങ്കി താന്‍ നല്‍കിയത് അല്ലെന്നും അത് മറ്റൊന്നായിരുന്നു എന്നും ഫായിസ് പറയുന്നു. അബ്ദുള്‍ ലത്തീഫിന്റെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടി. ദുരൂഹതയുണ്ടെന്നാരോപിച്ച് ലത്തീഫിന്റെ നാല് മക്കള്‍ അടങ്ങുന്ന കുടുംബം പരാതി നല്‍കി.
സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തില്ല. നാല് പേരെ സസ്‌പെന്‍ഡ് ചെയ്ത ശേഷം പിന്നീട് തിരിച്ചെടുത്തു.
കാളിമുത്തു, തലശ്ശേരി
2016 ഒക്ടോബര്‍ ഒമ്പത്
മോഷണശ്രമം ആരോപിച്ച് ഇതരസംസ്ഥാന തൊഴിലാളികളായ കാളിമുത്തു, രാജു എന്നിവരെ ആള്‍ക്കൂട്ടം പിടികൂടി തലശേരി പൊലീസിനെ ഏല്‍പിച്ചു. ഇരുവരേയും കോടതിയില്‍ ഹാജരാക്കാതെ ലോക്കപ്പിലിട്ടു. ഒക്ടോബര്‍ ഒമ്പതിന് രാവിലെ തമിഴ്‌നാട് സേലം സ്വദേശിയായ കാളിമുത്തു മരിച്ചു. ലോക്കപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് പൊലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണമായി ചൂണ്ടിക്കാട്ടിയത് ഹൃദയാഘാതം. ആര്‍ക്കെതിരെയും കേസില്ല.
വിനായകന്‍
ജൂലൈ 17 2017
ജൂലൈ 17ന് വാടാനപ്പിള്ളി ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായകന്‍ എന്ന ദളിത് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തായ പെണ്‍കുട്ടിക്കൊപ്പം സംസാരിച്ച് നില്‍ക്കുമ്പോള്‍ വിനായകനേയും സുഹൃത്തുക്കളേയും പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനില്‍ വെച്ച് പൊലീസ് വിനായകന്റെ മുടി വലിച്ചുപറച്ചെന്നും കുനിച്ച് നിര്‍ത്തി മുട്ടുകൈ കൊണ്ട് മര്‍ദ്ദിച്ചെന്നും സുഹൃത്തുക്കള്‍ പറയുന്നു. നെഞ്ചില്‍ ശക്തിയായി ഇടിച്ച ശേഷം മുലഞെട്ടുകള്‍ രണ്ടും ഞെരടിപ്പൊട്ടിച്ചു. വേദനകൊണ്ട് കരഞ്ഞപ്പോള്‍ വിനായകന്റെ ലിംഗത്തില്‍ മര്‍ദ്ദിച്ചെന്നും സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു. മുടി മുറിപ്പിക്കാം എന്ന ഉറപ്പ് വാങ്ങിയാണ് പൊലീസ് വിനായകനെ അച്ഛന്റെയൊപ്പം വിട്ടത്. താന്‍ ഇനി ജീവിച്ചിട്ട് കാര്യമില്ലെന്ന് വിനായകന്‍ സൃഹൃത്തുക്കളോട് പറഞ്ഞു. ജൂലൈ 18ന് 19കാരനായ വിനായകന്‍ വീട്ടിലെ മുറിയില്‍ ജീവനൊടുക്കി. ദേഹത്താകമാനം മര്‍ദ്ദനമേറ്റതിന്റെ പാടുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. വിനായകന്റെ മരണത്തില്‍ അച്ചടക്ക നടപടി നേരിട്ട സാജന്‍, ശ്രീജിത്ത് എന്നീ പൊലീസുകാര്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തലില്‍ ആണ് അന്വേഷണസംഘം എത്തിച്ചേര്‍ന്നത്. ഇരുവരുടേയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു.
ശ്രീജിത്ത് വരാപ്പുഴ
2018 ഏപ്രില്‍ 9
ഏപ്രില്‍ ആറിന് രാത്രി ശ്രീജിത്തിനേയും സഹോദരനേയും മഫ്തിയിലെത്തിയ പൊലീസ് വീട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി. കസ്റ്റഡിയിലെടുക്കുന്ന സമയത്തും സ്റ്റേഷനില്‍ വെച്ചും തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ശ്രീജിത്ത് അമ്മയോടും ഭാര്യയോടും പറഞ്ഞിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കേ ഏപ്രില്‍ ഒമ്പതിന് രാവിലെ ശ്രീജിത്ത് കൊല്ലപ്പെട്ടു. ശ്രീജിത്തിന്റെ അടിവയറ്റില്‍ കനത്ത ക്ഷതമേറ്റെന്നും ജനനേന്ദ്രിയത്തില്‍ രക്തം കട്ടപിടിക്കാവുന്ന തരത്തിലുള്ള പരുക്കേറ്റുവെന്നും ചെറുടുകുടല്‍ മുറിഞ്ഞുവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 18 മുറിവുകളാണ് ശ്രീജിത്തിന്റെ ശരീരത്തിലുണ്ടായിരുന്നത്.
കേസില്‍ പ്രതികളായിരുന്ന സി ഐ ക്രിസ്പിന്‍ സാം, എസ് ഐ ദീപക് എന്നിവരടക്കം ഏഴ് പേരെ ഡിസംബറില്‍ തിരികെയെടുത്തു. ഐ ജി എസ് ശ്രീജിത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു ഇത്. കേസുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഷനിലായിരുന്ന ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിന് അതിന് മുന്‍പേ തിരികെ പ്രവേശിച്ചിരുന്നു.
കെവിന്‍ പി ജോസഫ്
2018 മെയ് 27
മെയ് 24ന് തെന്മല സ്വദേശി നീനുവിനെ ദളിത് ക്രൈസ്തവ വിഭാഗത്തില്‍ പെട്ട കെവിന്‍ രജിസ്റ്റര്‍ വിവാഹം ചെയ്തതിനേത്തുടര്‍ന്നുണ്ടായ ദുരഭിമാനക്കൊലപാതകം. രജിസ്റ്റര്‍ വിവാഹം നടന്നതിന്റെ പിറ്റേന്ന് നീനുവിന്റെ വീട്ടുകാര്‍ പരാതിയുമായി ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെത്തി. വിവാഹത്തിന്റെ രേഖകള്‍ പൊലീസിനെ കാണിച്ചിട്ടും നീനുവിനേയും കെവിനേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. വീട്ടുകാരോടൊപ്പം പോകാന്‍ പൊലീസ് നീനുവിനോട് ആവശ്യപ്പെട്ടു. വിസമ്മതിച്ച നീനുവിനെ ബലംപ്രയോഗിച്ച് കൊണ്ടുപോകാന്‍ ബന്ധുക്കള്‍ ശ്രമിച്ചു. പൊലീസ് അത് നോക്കി നിന്നു. ബഹളം കേട്ട് നാട്ടുകാര്‍ ഇടപെട്ടതിനേത്തുടര്‍ന്ന് ബന്ധുക്കള്‍ പിന്‍വാങ്ങി. മെയ് 27ന് ഭാര്യാസഹോദരനും സംഘവും കെവിനെയും ബന്ധു അനീഷിനേയും വീട്ടില്‍ അതിക്രമിച്ചുകയറി തട്ടിക്കൊണ്ടുപോയി. മെയ് 28ന് ചാലിയേക്കര ആറ്റില്‍ നിന്ന് കെവിന്റെ മൃതദേഹം കണ്ടെത്തി. കെവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം മുക്കിക്കൊല്ലുകയായിരുന്നെന്ന് ഫോറന്‍സിക് തെളിവുകള്‍ വ്യക്തമാക്കുന്നു. കെവിനോടൊപ്പം തട്ടിക്കൊണ്ടുപോയ അനീഷിനെ സംഘം മര്‍ദ്ദിച്ച ശേഷം അന്ന് തന്നെ വിട്ടയച്ചിരുന്നു. അനീഷ് ഏറ്റുമാനൂര്‍ സ്‌റ്റേഷനിലെത്തി പരാതിപ്പെട്ടെങ്കിലും പൊലീസ് നടപടി വൈകിയാണുണ്ടായത്. കേസ് അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയെന്ന് കണ്ട് ഗാന്ധിനഗര്‍ മുന്‍ എസ് ഐ എം എസ് ഷിബുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോയ വിവരം എസ്പി ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ രാവിലെ തന്നെ അറിയിച്ചിരുന്നതായി ഷിബു വിചാരണയ്ക്കിടെ മൊഴി നല്‍കി. സ്റ്റേഷനില്‍ പരാതിയുമായെത്തിയ നീനുവിന്റെ മൊഴി രേഖപ്പെടുത്തിയില്ലെന്നും ഷിബു സമ്മതിച്ചു.