ഇതാണ് ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ കഥ  

ഇതാണ് ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ കഥ  

പുതിയ പാര്‍ലമെന്റ് കെട്ടിട നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ബഡ്ജറ്റ് കമ്മിറ്റി ഇതുസംബന്ധിച്ച് ശുപാര്‍ശ നല്‍കുകയും ചെയ്തു. 
Published on

രൂപകല്‍പ്പനയില്‍ രാജ്യത്തിന്റെ അഭിമാന സ്തംഭങ്ങളിലൊന്നാണ് ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരം. രാജ്യത്തിന്റെ പരമോന്നത നിയമനിര്‍മ്മാണ സഭ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് 92 വയസ്സായി. 1921 മുതല്‍ 1927 വരെയായിരുന്നു നിര്‍മ്മാണം.

ബ്രിട്ടീഷ് ഡിസൈനര്‍മാരായ എഡ്വിന്‍ ലൂട്യന്‍സ്, ഹെര്‍ബര്‍ട്ട് ബേക്കര്‍ എന്നിവരാണ് ശില്‍പ്പികള്‍. ആശോക ചക്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രൂപകല്‍പ്പന. അന്നത്തെ 83 ലക്ഷം രൂപയായിരുന്നു നിര്‍മ്മാണച്ചിലവ്.

1921 ഫെബ്രുവരി 12 ന് കോണോട്ട് പ്രഭു പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടു. 6 വര്‍ഷമെടുത്താണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 1927 ജനുവരി 18 ന് അന്നത്തെ ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലായിരുന്ന ഇര്‍വിന്‍ പ്രഭുവാണ് മന്ദിരം തുറന്നുകൊടുത്തത്.

91.50 അടി വ്യാസമുള്ള താഴികക്കുടം ആരുടെയും ശ്രദ്ധയാകര്‍ഷിക്കും. സെന്‍ട്രല്‍ ഹാളാണ് പാര്‍ലമെന്റിന്റെ ഹൃദയഭാഗം. നിര്‍ണ്ണായക ഘട്ടങ്ങളില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനം ഇവിടെയാണ് നടക്കാറ്.

ലോക്‌സഭയോടും രാജ്യസഭയോടും അനുബന്ധിച്ച് മ്യൂസിയവും ഉദ്യാനവും ഒരുക്കിയിട്ടുണ്ട്. സാഞ്ചി സ്തൂപത്തെ ആധാരമാക്കി മണല്‍ക്കല്ലില്‍ തീര്‍ത്ത അഴികളാണ് ഉപയോഗിച്ചിരിക്കുന്നത്. അതേസമയം കാലപ്പഴക്കത്താല്‍ കെട്ടിടത്തിന് ബലക്ഷയം വന്നിട്ടുണ്ട്.

2001 ല്‍ പാര്‍ലമെന്റിന് നേരെ ഭീകരാക്രമണമുണ്ടായി. ഇതേതുടര്‍ന്ന് കേടുപാടുകള്‍ പറ്റിയിരുന്നു. ശേഷം 2009 ല്‍ കാലപ്പഴക്കത്തെ തുടര്‍ന്ന് പെട്രോളിയം മന്ത്രാലയത്തിന്റെ റൂഫിങ് തകര്‍ന്നുവീഴുകയും ചെയ്തിരുന്നു.

ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പുതിയ പാര്‍ലമെന്റ് കെട്ടിട നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ബഡ്ജറ്റ് കമ്മിറ്റി ഇതുസംബന്ധിച്ച് ശുപാര്‍ശ നല്‍കുകയും ചെയ്തു. പുതിയത് യാഥാര്‍ത്ഥ്യമാകുമ്പോള്‍ നിലവിലുള്ളത് മ്യൂസിയമാക്കാനാണ് ധാരണ.

നിര്‍മ്മാണ ഘട്ടത്തില്‍ പാര്‍ലമെന്റിനൊപ്പം സെക്രട്ടറിയേറ്റ് എന്ന നിലയില്‍ അനുബന്ധ കേന്ദ്രം നിര്‍മ്മിക്കാനും എഡ്വിന്‍ ലൂട്യന്‍സും ഹെര്‍ബര്‍ട്ട് ബേക്കറും പദ്ധതിയിട്ടിരുന്നെങ്കിലും അന്ന് നടപ്പായിരുന്നില്ല. ഡല്‍ഹി നഗരത്തിന്റെ ശില്‍പ്പികളാണ് ഇരുവരും.

logo
The Cue
www.thecue.in