India: The Modi Question കേന്ദ്രസർക്കാർ തടഞ്ഞത് എങ്ങനെ?

India: The Modi Question കേന്ദ്രസർക്കാർ തടഞ്ഞത് എങ്ങനെ?
Published on

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 2002 ഗുജറാത്ത് കലാപത്തിലുള്ള പങ്കിനെക്കുറിച്ചുള്ള ഇന്ത്യ: ദി മോദി ക്വസ്റ്റിയൻ എന്ന ബി.ബി.സി. ഡോക്യൂമെന്ററിയുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ ചൂടുപിടിച്ച് നടക്കുന്നത്. ഈ ഡോക്യൂമെന്ററി ഇന്ത്യയിൽ നിരോധിച്ചതാണോ എന്ന സംശയം ഒരുപാടുപേർക്കുണ്ട്. ഡോക്യുമെന്ററി നിരോധിച്ചിട്ടില്ല. എല്ലാ സ്ട്രീമിംഗ് പ്ലാറ്റുഫോമുകളിൽ നിന്നും നീക്കം ചെയ്യുക മാത്രമാണ് ചെയ്തത്. ഒരു കോൺടെന്റ് നിരോധിക്കാതെ തന്നെ ആളുകളിലേക്കെത്തുന്നത് തടയാൻ ഇതിലൂടെ സർക്കാരിന് കഴിയും. 2021 ൽ ഭേദഗതി നടത്തിയ ഐ.ടി ആക്ടിന്റെ സഹായത്തോടെയാണ് കേന്ദ്ര സർക്കാർ ഇത് ചെയ്യുന്നത്. ഐ.ടി. ആക്ടിലെ റൂൾ 16, 69 എ, ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇതിനായി സർക്കാർ ഉപയോഗിച്ചത്.

റൂൾ 16 പ്രകാരം ഇന്ത്യയുടെ അഖണ്ഡതയെയും, പരമാധികാരത്തെയും ചോദ്യം ചെയ്യുന്ന, മറ്റു രാജ്യങ്ങളുമായുള്ള സഹോദര്യത്തെ ബാധിക്കുന്ന തരത്തിലുള്ള എന്തുതരം കണ്ടന്റുകളും, മറുവശത്ത് നിൽക്കുന്നയാളുടെ ഭാഗം കേൾക്കാതെ തന്നെ സർക്കാരിന് പിൻവലിക്കാം. അതുപോലെ റൂൾ 16 (3) പ്രകാശം 48 മണിക്കൂർ മുമ്പ് നോട്ടീസ് നൽകി അതിൽ പരിശോധന നടത്തി, ഒരു കോൺടെന്റ്ഇൻറർനെറ്റിൽ ബാൻ ചെയ്യാനും സാധിക്കും. ഇത്തരം നിയമങ്ങൾ രാജ്യസുരക്ഷയെ മുൻനിർത്തിയും ഒരു മേമ്പൊടിക്ക് ദേശസ്നേഹവും ചേർത്ത് അവതരിപ്പിക്കപ്പെടുകയും, എന്നാൽ ഭരണാധികാരികൾക്കും ഭരിക്കുന്ന പാർട്ടിക്കുമെതിരെയുള്ള വിമർശനങ്ങളെ നേരിടാൻ ഉപയോഗിക്കുകയും ചെയ്യുന്നു. സോഷ്യൽമീഡിയയിൽ ഫേക്ക് ന്യൂസുകൾ ഒരു പഞ്ഞവുമില്ലാതെ ഓടുന്ന കാലത്ത്, മികച്ച ഒരു ഇൻവെസ്റ്റിഗേറ്റീവ് സ്റ്റോറിയെ കൊന്നുകളയാൻ ഇത്തരം നിയമങ്ങളുപയോഗിച്ച് കഴിയും. എല്ലാം ഫേക്ക് ആണ് എന്ന് വരുത്തി തീർക്കുകയും, അതിനിടയിൽ ശരിയായ വാർത്തകൾ മനസിലാകാതെ പോവുകയും ചെയ്യുന്ന അവസ്ഥയിലേക്ക് ഒരു സമൂഹത്തെ എത്തിക്കുക എന്നതും കൂടിയാണ് മറ്റൊരു വശത്ത് ഫേക്ക് ന്യൂസ് പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം.

മേൽ പറഞ്ഞ റൂൾ 16 നിൽ പുതിയൊരു ഭേദഗതിക്ക് കൂടി സർക്കാർ ഒരുങ്ങുന്നുണ്ട്, അതിന്റെ പ്രൊപോസൽ കഴിഞ്ഞ ദിവസമാണ് അവതരിപ്പിക്കപ്പെട്ടത്. രാജ്യത്ത് ഓൺലൈൻ പ്ലാറ്റുഫോമുകളിലൂടെ വലിയതോതിൽ ഫേക്ക് ന്യൂസ് പ്രചരിക്കപ്പെടുന്ന സാഹചര്യത്തിൽ ഇനിമുതൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോ, അഥവാ പി.ഐ.ബി നടത്തുന്ന ഫാക്ട് ചെക്കിലൂടെ ഫേക്ക് ആണെന്ന് കണ്ടെത്തുന്ന കണ്ടെന്റുകൾ മുഴുവൻ ഇൻറർനെറ്റിൽ നിന്ന് നീക്കം ചെയ്യുമെന്നാണ് ഇപ്പോൾ സർക്കാർ പറയുന്നത്. എന്നാൽ നിരവധി ആളുകൾ പി.ഐ.ബി നടത്തുന്ന ഫാക്ട് ചെക്കിൽ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ദി വയർ പ്രസിദ്ധീകരിച്ച നിരവധി ആർട്ടിക്കിളുകൾ ഫാക്ട് ചെക്കിൽ ഫേക്ക് ആണ് എന്ന് പി.ഐ.ബി കണ്ടെത്തുകയും പിന്നീട് അത് വസ്തുതാപരമാണെന്നു കണ്ടെത്തുകയും ചെയ്തതിനെ കുറിച്ച് വയർ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. ചൈനയുടെ നുഴഞ്ഞു കയറ്റത്തെ കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ ആരോപണങ്ങളും ഫേക്ക് ആണെന്ന് പി.ഐ.ബി കണ്ടെത്തിയതായിരുന്നു, എന്നാൽ പിന്നീട് അത് ശരിയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം തന്നെ സ്ഥിരീകരിക്കുന്ന അവസ്ഥയുണ്ടായി.

ഈ ജനുവരി പതിനേഴിനാണ്‌, ഗുജറാത്ത് വംശഹത്യയിലെ നരേന്ദ്രമോദിയുടെ പങ്കുമായി ബന്ധപ്പെട്ട് ബ്രിട്ടൺ നടത്തിയ അന്വേഷണങ്ങളുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഡോക്യൂമെന്ററിയുടെ ആദ്യഭാഗം, ഇന്ത്യ: ദി മോദി ക്വസ്ട്യൻ പുറത്തു വന്നത്. ബി.ബി.സിയുടെ വെബ് സൈറ്റിലും യുട്യൂബിലുമാണ് ഡോക്യുമെന്ററി വന്നത്. ആദ്യം ഇന്ത്യയിൽ നിന്ന് യുട്യൂബിൽ കാണാൻ സാധിക്കുമായിരുന്നെങ്കിലും, പിന്നീട് ഇന്ത്യയിൽ നിന്ന് യുട്യൂബ് ലിങ്ക് ഓപ്പൺ ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല. ഈ ഡോക്യുമെന്ററി സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് ബി.ജെ.പി സർക്കാരിന് ഉറപ്പാണ്, അതുകൊണ്ടുതന്നെ ഇറങ്ങിയ ഉടനെ എല്ലാ പ്ലാറ്റുഫോമുകളിൽ നിന്നും പിൻവലിക്കാൻ കേന്ദ്ര സർക്കാർ യുട്യൂബ് ഉൾപ്പെടെയുള്ള പ്ലാറ്റുഫോമുകൾക്ക് നിർദേശം നൽകി. എന്നാൽ പല ലിങ്കുകളിലായി വീഡിയോ വളരെയധികം ഷെയർ ചെയ്യപ്പെട്ടു. ഇത് ഷെയർ ചെയ്ത പ്രൊഫൈലുകൾ കേന്ദ്ര സർക്കാർ തിരഞ്ഞുപിടിച്ച് പോസ്റ്റുകൾ ഡിലീറ്റ് ചെയ്തു. റെക്കോർഡ് വേഗതയത്തിലാണ് അൻപതോളം ട്വീറ്റുകൾ സർക്കാർ ഒഴിവാക്കിയത്. അതിൽ തൃണമൂൽ കോൺഗ്രസ് എം.പി ഡെറിക് ഒബ്രിയനും, സുപ്രീം കോർട്ട് അഭിഭാഷകനായ പ്രശാന്ത് ഭൂഷണുമടക്കമുള്ളയാളുകളുടെ ട്വീറ്റുകളുണ്ട്.

ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ സീനിയർ അഡ്വൈസർ ആയ കാഞ്ചൻ ഗുപ്ത പറഞ്ഞത് ഇത് ഇന്ത്യയുടെ അഖണ്ഡതയെയും സഹോദര്യത്തെയും തകർക്കുമെന്നും, സുപ്രീംകോടതി വെറുതെ വിട്ട ഒരാളെ വീണ്ടും കുറ്റവാളിയാക്കുന്നത് പരമോന്നത കോടതിയെ അപമാനിക്കുന്നതിനു തുല്യമാണ് എന്നുമാണ്. ഈ വാദം കാഞ്ചൻ ഗുപ്തയെപോലുള്ള ഗവണ്മെന്റ് ഒഫീഷ്യൽസ് മുതൽ സാധാരണ ബി.ജെ.പി പ്രവർത്തകർ വരെ ഇപ്പോൾ പറയുന്നതാണ്. സുപ്രീം കോടതിയുമായി കോളിജിയത്തിന്റെ കാര്യം പറഞ്ഞ് തുറന്നപോരിൽ നിൽക്കുമ്പോഴാണ് ഈ വിഷയത്തിൽ സർക്കാർ കോടതിയെ കൂട്ടുപിടിക്കുന്നതെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഈ ഡോക്യുമെന്ററി പിൻവലിക്കാൻ സർക്കാർ ഉപയോഗിച്ച ഐ.ടി ആക്ടിലെ റൂൾ 16 നുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ ഇന്ത്യയിലെ പല കോടതികളിലായി നിലനിൽക്കുന്നുണ്ട്. മുംബൈ ഹൈക്കോടതി ഈ നിയമം ദുരുപയോഗം ചെയ്യപ്പടാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് അതിന്റെ വ്യത്യസ്ത ഭാഗങ്ങൾ സ്റ്റേ ചെയ്തിട്ടുണ്ട്. ആ സമയത്താണ് സർക്കാർ കോടതിയെ മുറുകെ പിടിക്കുന്നത്.

സർക്കാരിനെതിരെ സംസാരിക്കുന്ന മുഴുവൻ പേർക്കുമെതിരെ ഒരു വ്യവസ്ഥയുമില്ലാതെ രാജ്യദ്രോഹകുറ്റം ചുമത്തിക്കൊണ്ടിരിക്കുന്ന സർക്കാരിനോട് ഇത് ശരിയല്ലെന്ന് പറഞ്ഞ് ആ നിയമം സുപ്രീം കോടതി മരവിപ്പിച്ച കാലത്ത് കൂടിയാണ് സർക്കാർ കോടതിയിയെ ചേർത്തുപിടിക്കുന്നതെന്നത് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യമാണ്.

ബി.ജെ.പി നേതാക്കളും അണികളും മുന്നോട്ടു വെക്കുന്ന മറ്റൊരു പ്രധാനപ്പെട്ട ആശങ്ക, ഈ ഡോക്യുമെന്ററി ഇന്ത്യയിലെ മത സൗഹാർദം തകർക്കും, വർഗ്ഗീയ കലാപങ്ങളുണ്ടാക്കും എന്നതാണ്. ധർമ്മ സൻസദ് നടന്ന നാടാണിതെന്ന് നിങ്ങൾ മറക്കരുത്. നമ്മളിൽ നൂറുപേർ യോദ്ധാക്കളാകാൻ തയ്യാറാണെങ്കിൽ ഇരുപത് ലക്ഷം മുസ്ലിങ്ങളെ നമുക്ക് കൊല്ലാമെന്ന് പറയുന്നത് എന്തുകൊണ്ടാണ് നിങ്ങൾക്ക് മതസൗഹാർദത്തിനു നേരെയുള്ള വെല്ലുവിളിയായി തോന്നാത്തത്? ധർമ്മ സൻസദിന് നേതൃത്വം നൽകിയ യതി നരസിംഹാനന്ദ എങ്ങനെയാണു ഇപ്പോഴും പുറത്തിറങ്ങി നടക്കുന്നത്? ഡൽഹി കലാപം നടന്നപ്പോൾ നിങ്ങൾക്കെന്താണ് മതസൗഹാർദം ഇല്ലാതാകുമെന്ന് തോന്നാഞ്ഞത്. കലാപത്തിനാഹ്വാനം ചെയ്തവർ എങ്ങനെയാണ് ഇപ്പോഴും എം.എൽ.എ മാരും, എം.പി മാരുമായിരിക്കുന്നത്? കോവിഡിൽ ആളുകൾ മരിച്ചു വീഴുന്ന സമയത്ത്, തബ്‌ലീഗ് കോവിഡ് എന്ന പ്രചാരണമഴിച്ച് വിട്ടപ്പോൾ നിങ്ങളുടെ മതസൗഹാർദം എവിടെയായിരുന്നു?

2014 മുതൽ 2020 വരെ ഇന്ത്യയിൽ വെബ്സൈറ്റുകളും, യുട്യൂബ് ചാനലുകളും നിരോധിക്കുന്നതിൽ 1941 % ശതമാനം വർദ്ധനവ്, 1941 ഒരു വർഷമായി തെറ്റിദ്ധരിക്കരുത്, ഐ.ടി ആക്ട് ലെ 69 എ പ്രകാരം വിലക്കിയ യു ആർ എല്ലുകളെക്കുറിച്ച് ചോദിച്ച ചോദ്യത്തിന് മറുപടിയായി, കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നൽകിയ മറുപടി പ്രകാരം, ഇന്റർനെറ്റ് ഫ്രീഡം ഫൌണ്ടേഷൻ പറയുന്നു, നിരോധനങ്ങൾ 1941 ശതമാനമാണ് വർധിച്ചിട്ടുള്ളതിന്ന്. പെഗാസസ് ഉൾപ്പെടെയുള്ള യാഥാർഥ്യത്തിലൂടെ ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു ശരാശരി ഇന്ത്യക്കാരനെ സംബന്ധിച്ച് "മോദി ക്വസ്റ്റിയൻ" ഇപ്പോൾ സ്വയം ചോദിയ്ക്കാൻ കഴിയുന്ന ഒരു ചോദ്യം കൂടിയാണ്. ഇപ്പോൾ തീരുമാനിക്കാം, സത്യസന്ധമായ വർത്തകൾക്കൊപ്പവും, അഭിപ്രായ സ്വാതന്ത്ര്യത്തിനൊപ്പവും നിൽക്കണമോ അതോ ഇതൊന്നും എന്നെ ബാധിക്കാത്ത കാര്യമാണ് എന്ന് തിരിച്ചറിഞ്ഞ്, വാട്സാപ്പിൽ ഷെയർ ചെയ്തു കിട്ടുന്ന മെസ്സേജ് അഞ്ചു പേർക്ക് റീഷെയർ ചെയ്ത പുണ്യവുമായി ജീവിക്കണമോ എന്ന്.

-------------------

ലോകം അവസാനിക്കാൻ പോകുന്നു. മനുഷ്യത്വത്തിന്റെ ഉന്മൂലനത്തിനു കേവലം തൊണ്ണൂറു സെക്കന്റുകൾ മാത്രമാണുള്ളത്. ഇതെന്താ സംഭവം എന്നല്ലേ? ഡൂംസ്‌ഡേ ക്ലോക്ക് എന്ന സാങ്കൽപിക ക്ലോക്കിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ലോകാവസാനത്തോട് നാം എത്രത്തോളം അടുത്തിരിക്കുന്നു എന്ന് കാണിക്കുന്ന ഈ പ്രതീകാത്മക ക്ലോക്കിൽ, സർവ്വനാശത്തിന്റെ സാങ്കൽപ്പിക അറ്റമായാണ് അർധരാത്രിയെ കണക്കാക്കുന്നത്. കഴിഞ്ഞ ദിവസം ഇതിലെ സൂചി അർധാരാത്രിക്ക് 90 സെക്കന്റ് അകലെയായി റീസെറ്റ് ചെയ്തിരുന്നു. ഇത് ചരിത്രത്തിലെ ഏറ്റവും അപകടകരമായ നിലയാണ്. റഷ്യ ഉക്രൈൻ യുദ്ധം, വർധിച്ചുവരുന്ന ആണവായുധ പരീക്ഷണങ്ങളുടെ അപകടസാധ്യത, കാലാവസ്ഥാ പ്രതിസന്ധി ഉയർത്തുന്ന തുടർച്ചയായ ഭീഷണികൾ തുടങ്ങിയവയുടെ പശ്ചാത്തലത്തിലാണ് ഇപ്പോൾ സൂചി പുനഃക്രമീകരിച്ചത്.

ലോകത്തിന്റെ സർവ്വനാശത്തിനു കാരണമായേക്കാവുന്ന സാഹചര്യങ്ങൾ അവലോകനം ചെയ്ത് ബുള്ളറ്റിൻ ഓഫ് അറ്റോമിക്ക് സയന്റിസ്റ്റിലെ നോബൽ ജേതാക്കൾ ഉൾപ്പെടുന്ന ശാസ്ത്രജ്ഞരാണ് ഈ ക്ലോക്കിന്റെ സൂചി ക്രമീകരിക്കുന്നത്. ഇതിനു മുൻപ് 2020 ൽ അർധരാത്രിക്ക് 100 സെക്കന്റ് അകലെ സൂചി ക്രമീകരിച്ചതായിരുന്നു റെക്കോർഡ്.

Related Stories

No stories found.
logo
The Cue
www.thecue.in