രാഹുൽ നടന്ന് കയറിയ ഇന്ത്യ

2024 ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ വാർത്ത സമ്മേളനത്തിൽ ഭരണഘടന എടുത്തു ഉയർത്തി രാഹുൽ ഗാന്ധി പറഞ്ഞ വാക്കുകൾ വർത്തമാന കാല ഇന്ത്യയിൽ ഏറ്റവും പ്രസക്തമായ ഒന്നാണ്.

ഇത്ര ആത്മ വിശ്വാസത്തോടെ മൂർച്ചയോടെ സംസാരിക്കാൻ രാഹുൽ ഗാന്ധിയ്ക്ക് സാധിക്കുന്നത് അദ്ദേഹം നടന്നു കയറിയ വഴികളുടെ രാഷ്ട്രീയ ബോധ്യമാണ്

2022 ൽ അങ്ങ് കന്യാകുമാരിയിൽ നിന്ന് 3570 കിലോമീറ്റർ കാൽ നടയായി ഭാരത് ജോടോ യാത്രയുമായി രാഹുൽ ഗാന്ധി തന്റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന ദൗത്യവുമായി ഇറങ്ങുന്നു. ഒരു നേതാവിനപ്പുറം ഒരു സാധാ മനുഷ്യനായി അവിടെ നിന്ന് രാഹുൽ നടന്നു കയറുന്നത് കോൺഗ്രസ്സിൽ പ്രതീക്ഷ നഷ്ടപ്പെട്ട ജനമനസിലേക്കാണ്. ആ യാത്രയിൽ രാഹുൽ ആളുകളെ കേട്ടു ,കർഷകരെ കണ്ടു. സ്തീകളെയും കുട്ടികളെയും കണ്ടു തന്നിലേക്ക് ഓടി വന്ന ഓരോ മനുഷ്യനെയും ചേർത്ത് പിടിക്കുകയും അവരുടെ ആകുലതകൾ കേൾക്കുകയും ചെയ്തു. ഇന്ത്യയുടെ മനസ്സ് ഗ്രാമങ്ങളിൽ ആണെന്ന് പറഞ്ഞ ഗാന്ധിയിലേക്കു രാഹുൽ ഇറങ്ങി ചെന്നു. ചരിത്രം തന്നിലേൽപിക്കുന്ന ഉത്തരവാദിത്തം രാഹുൽ എന്ന നേതാവിന്റെ വളർച്ചയ്ക്ക് വിത്ത് പാകി.

10 വർഷം ജനങ്ങളെ കേൾക്കാത്ത, മാധ്യമങ്ങൾക്ക് മുന്നിൽ വരാത്ത, ചെവി മൂടി കെട്ടി ഇന്ത്യ ഭരിക്കുന്നവർക്കിടയിൽ നിന്ന് തന്റെ പ്രസ്ഥാനത്തിൽ ഇനിയും പ്രതീക്ഷ നശിക്കാത്ത ജനങ്ങളെ രാഹുൽ തിരിച്ചറിഞ്ഞു.

ഗ്രാമങ്ങളിൽ നിന്ന് രാഹുൽ സർവകലാശാലകളിലേക്കു പോയി. ജനാധിപത്യത്തെ കുറിച്ച് സംസാരിച്ചു ഗാന്ധിയെ കുറിച്ച് സംസാരിച്ചു മോദിയും അദാനിയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെ ചോദ്യം ചെയ്തു .....

രാഹുൽ തൊടുത്തു വിട്ട ഓരോ ചോദ്യവും ബിജെപിയെ വിറളി പിടിപ്പിച്ചു.

പപ്പു എന്ന് വിളിച്ചു കളിയാക്കിയ ആ പഴയ ചെറുപ്പക്കാരൻ അല്ല ഇപ്പോഴത്തെ രാഹുൽ എന്ന് ബിജെപി പതിയെ മനസിലാക്കാൻ തുടങ്ങി . രാഹുലിനെതിരെ ഉള്ള അപകീർത്തി കേസ് പൊടി തട്ടി എടുത്തു പാർലമെന്റിൽ നിന്നും രാഹുൽ താമസിച്ച ഇടത്തു നിന്നും രാഹുലിനെ ഇറക്കി വിട്ടു.

ട്രെയിനിൽ നിന്ന് പുറത്താക്കപ്പെട്ട് ഇന്ത്യയിലേക്ക് തിരിച്ചു വന്ന ഗാന്ധിയെ ഓർമിപ്പിക്കുമാറ് രാഹുൽ വീണ്ടും പാർലമെന്റിന്റെ പടി കയറി ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രാധാന്യത്തെ കുറിച്ച് രാഹുൽ ഓർമിപ്പിച്ചു. പ്രതിപക്ഷ ഐക്യത്തിനായി മുന്നിട്ടിറങ്ങി.

കഴിഞ്ഞ 10 വർഷങ്ങൾക്കിടയിൽ ഇന്ത്യൻ പ്രതിപക്ഷത്തുണ്ടായ അസാധാരണമായ ഐക്യത്തിന് ഇന്ത്യ സാക്ഷ്യം വഹിച്ചു.

പിണങ്ങി നിന്നവരെ കൂടെ കൂട്ടി,

രാഹുൽ ഗാന്ധി നേടിയെടുത്ത ഈ സ്വീകാര്യത അത്ര ചെറുതല്ല. തന്നെ കളിയാക്കിയവരെയും അപമാനിച്ചവർക്കും ഉള്ള മറുപടി കൂടിയായിരുന്നു അത്.

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോൾ രാഹുലിന് പ്രായം 20 . അടിമുടി കോൺഗ്രെസ്സായി ജീവിച്ച ഒരാൾ. ഒന്നാം യു പി എ സർക്കാരിന്റെ കാലത്തും രണ്ടാം യു പി എ സർക്കാരിന്റെ കാലത്തും രാഷ്ട്രീയ പ്രവർത്തനവുമായി അദ്ദേഹം നിലനിന്നെങ്കിലും.

തുടർച്ചയായുള്ള അഴിമതി ആരോപണങ്ങളും ഭരണ തുടർച്ചയും കോൺഗ്രസ്സിന് തിരഞ്ഞെടുപ്പിൽ തോൽവി സമ്മാനിക്കുന്നു. 2014 ൽ ബിജെപി അധികാരം കൈപിടിയിലൊതുക്കുന്നു .

ആരോഗ്യ പ്രശ്നങ്ങൾ കാരണം സോണിയ ഗാന്ധി നേതൃ സ്ഥാനത്തു നിന്ന് വിട്ടു നില്കുന്നു . രാഹുൽ ഗാന്ധിയെ നേതാവായി മുന്നോട്ടു വെച്ച്

ബിജെപിക്കെതിരെ മുഖ്യ പ്രതിപക്ഷമാവാനുള്ള കോൺഗ്രസ്സിന്റെ ശ്രമങ്ങൾ പലപ്പോഴും വേണ്ടത്ര വിജയിക്കാതെ വന്നു.

രാഹുലിനെ ലക്ഷ്യംവച്ച് കോമാളി എന്നും പപ്പു എന്നും വിളിച്ചു പരിഹാസവുമായി നരേന്ദ്ര മോദിയും ബിജെപിയും നിരന്തരം അദ്ദേഹത്തെ ആക്രമിച്ചു. 2019 ൽ ബിജെപി വീണ്ടും അധികാരം പിടിച്ചതോടെ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ ദുർബലാവസ്ഥയിൽ എത്തി. മുങ്ങുന്ന കപ്പലാണ് കോൺഗ്രസ്സ് എന്ന് പറഞ്ഞ് പല നേതാക്കളും കോൺഗ്രസ്സിൽ നിന്ന് ചാടി ബിജെപി പാളയത്തിൽ ചേക്കേറി. കൂടെ നിൽക്കുന്നവരെ തിരിച്ചറിയാൻ സാധിക്കാതെ പിച്ച വച്ച് നടക്കുന്ന കുട്ടിയെ പോലെ രാഷ്ട്രീയത്തിൽ ഗോദയിൽ രാഹുൽ പകച്ചു.

എതിരാളികളില്ലാതെ ഹിന്ദുത്വ സർവ മേഖലയിലും വളർന്നു . ഇതിനിടയിൽ കോൺഗ്രസിന്റെ കൈയിലുണ്ടായിരുന്ന സംസ്ഥാനങ്ങൾ എല്ലാം നഷ്ടപ്പെട്ടു . ഏറ്റവും ദുർബലനായ രാഷ്ട്രീയ നേതാവിന്റെ പദവിയിലേക്ക് രാഹുൽ മാറുന്നു എന്ന് വിമർശകർ വരെ അന്ന് പറഞ്ഞു

ഇന്നിതാ യുപിയിൽ മോദിക്ക് ലഭിച്ചതിനേക്കാൾ കൂടുതൽ ലീഡാണ് രാഹുൽ ഗാന്ധിക്ക് ലഭിച്ചിരിക്കുന്നത്. കോൺഗ്രസ് മുക്ത ഭാരതം എന്ന അടവുനയവുമായി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിയെ സംബന്ധിച്ചു. കാൽ ചുവട്ടിലെ മണ്ണൊലിച്ചു പോകുന്നത് അവരറിയുന്നു. ജനാധിപത്യത്തിലും ബഹുസ്വരതയിലും പ്രതീക്ഷ നഷ്ടപെട്ട ഒരു ജനതയ്ക്ക് ജോഡോ യാത്രയിലൂടെയും ന്യായ യാത്രയിലൂടെയും രാഹുൽ കാണിച്ചു കൊടുത്തത് കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന് ജനമനസിൽ ആഴത്തിൽ വേരുണ്ടു എന്നാണ്.

തുടക്കത്തിൽ പറഞ്ഞ പോലെ രാഹുൽ എന്ന നേതാവിന്റെ ഓരോ ചോദ്യങ്ങളും ഇനിയും അധികാര കേന്ദ്രങ്ങളെ വിറളി പിടിപ്പിക്കുക തന്നെ ചെയ്യും .

കാരണം രാഹുൽ ഗാന്ധി നടന്നു കയറിയത് ജനമനസിലേക്കും രാഹുൽ എന്ന ശക്തനായ നേതാവിലേക്കും കൂടിയാണ് .

Related Stories

No stories found.
logo
The Cue
www.thecue.in