നീറ്റ് അത്ര നീറ്റല്ല
നീറ്റ് പരീക്ഷ ഫലത്തിൽ അട്ടിമറിയെന്ന വ്യാപകമായ ആരോപണങ്ങളാണ് പുറത്തു വരുന്നത് ..
സാധാരണ രണ്ടോ മൂന്നോ ആളുകൾക്ക് ഒന്നാം റാങ്ക് ലഭിക്കുന്നതിൽ നിന്ന് വ്യത്യസ്‍തമായി ഈ വർഷം 67 പേർക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. കൂടാതെ ചില സെന്ററുകളിലെ വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകി എന്നുമാണ് ആരോപണം .
എന്താണ് നീറ്റുമായി ബന്ധപ്പെട്ടു ഉന്നയിക്കപ്പെടുന്ന പ്രധാന ആരോപണങ്ങൾ ?
റാങ്കുകാരിൽ ഒരേ റിസൾട്ട് കിട്ടിയ വിദ്യാർഥികൾ എങ്ങനെ ഒരേ സെന്ററിൽ വന്നു ?
ജൂൺ 4 ന് ഇലക്ഷൻ റിസൾട്ട് വന്ന അതെ ദിവസമാണ് നീറ്റ് പരീക്ഷ ഫലം എൻടിഎ (നാഷണൽ ടെസ്റ്റിംഗ് ഏജൻസി) പുറത്തു വിടുന്നത് .
രാജ്യവ്യാപകമായി 23 ലക്ഷം വിദ്യാർത്ഥികളാണ് നീറ്റ് എക്സാം എഴുതിയത്. 67 വിദ്യാർഥികൾക്കു ഒന്നാം റാങ്ക് ലഭിച്ചു. എന്നാൽ അതിൽ ആറു പേർ ഹരിയാനയിലെ ഒരേ സെന്ററിൽ നിന്ന് പരീക്ഷ എഴുതിയ വിദ്യാർഥികൾ . 62 മുതൽ 69 വരെ റാങ്ക് ലഭിച്ചവർ ഒരേ റോയിൽ ഒരേ എക്സാം സെന്ററിൽ പരീക്ഷ എഴുതിയവർ. രാജ്യവ്യാപകമായി നടക്കുന്ന ഒരു പരീക്ഷയിൽ ആദ്യ റാങ്കുകാർ എങ്ങനെ ഒരേ സെന്ററിലെ വിദ്യാർഥികൾ ആകുന്നു ?
രണ്ടാമത്തെ ആരോപണം ചില വിദ്യാർത്ഥികൾക്ക് 719 ,718 എന്നിങ്ങനെ മാർക്കുകൾ ലഭിച്ചതായി കാണിക്കുന്നു . ഇത് ഒരിക്കലും സാധ്യമല്ല. ഒരു വിദ്യാർത്ഥി മുഴുവൻ ചോദ്യങ്ങൾക്കും ശരി ഉത്തരം എഴുതിയാൽ 720 മാർക്ക് ലഭിക്കും. എന്നാൽ ഒരു കുട്ടി ഒരു ചോദ്യം എഴുതാതെ വിട്ടാൽ ആ കുട്ടിയ്ക്ക് കിട്ടുക 716 മാർക്കായിരിക്കണം. ഇനി അതല്ല ആ കുട്ടി ഒരു ചോദ്യത്തിന് തെറ്റുത്തരം ആണ് എഴുതുന്നതെങ്കിൽ നെഗറ്റീവ് മാർക്ക് അടക്കം കിട്ടട്ടേണ്ട മാർക്ക് 715 . പക്ഷെ എവിടെ 718 , 719 മാർക്കുകൾ കാണിക്കുന്നു
എന്നാൽ ഈ ആരോപണത്തിന് എൻ.ടി.എ. നൽകുന്ന വിശദീകരണം ചില സെന്ററുകളിൽ ടെക്നിക്കൽ പ്രശ്നങ്ങൾ കാരണം വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ വേണ്ടത്ര സമയം കിട്ടാത്തതുകൊണ്ട് അത് പരിഹരിക്കാൻ വേണ്ടി ഗ്രേസ് മാർക്ക് നൽകി എന്നാണ്. രാജ്യവ്യപകമായി അതീവ നിഷ്കര്ഷയോടെ നടക്കുന്ന ഒരു എക്സാമിൽ എങ്ങനെ ചില സെന്റർ മാത്രം കേന്ദ്രീകരിച്ചു ഇത്തരം പരിഗണന നൽകി എന്നുള്ളത് സംശയം ജനിപ്പിക്കുന്നു.
മെയ് 5 നു നടന്ന നീറ്റ് എക്സാമിന് മുൻപേ തന്നെ വിവാദങ്ങൾ ഉയർന്നിരുന്നു. ബിഹാറിൽ ചോദ്യപേപ്പർ ചോർന്നു എന്നുള്ളതായിരുന്നു അതിലൊന്ന്.
ജൂൺ 14 നു പ്രഖ്യാപിക്കും എന്ന് നേരത്തെ പറഞ്ഞിരുന്ന നീറ്റ് റിസൾട്ട് തിരഞ്ഞെടുപ്പ് ഫലം വന്ന അതെ ദിവസമായ ജൂൺ 4 നാണ് പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഉണ്ടാവാൻ സാധ്യതയുള്ള വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ആണോ എന്നുള്ള സംശയം പല വിദഗ്ധരും ഉന്നയിക്കുന്നു.
എന്തായാലും എൻ.ടി.എ യുടെ നടപടികളെ ചോദ്യം ചെയ്തു അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാർത്ഥികൾ പരാതി നൽകിയിരിക്കുകയാണ്. 23 ലക്ഷം വിദ്യാർഥികൾ എഴുതുന്ന ഒരു കോംപിറ്റേറ്റിവ് എക്സാംമിന്റെ സുതാര്യത നില നിർത്തേണ്ടതും വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കേണ്ടതും അതാവശ്യമാണ്.