ഒരു കാലത്ത് മുംബൈയിലെ വർളി കടൽത്തീരത്ത് അംബാനിയുടെ ബംഗ്ലാവിനോട് ചേർന്ന് അതിന്റെ ഇരട്ടി വലിപ്പത്തിൽ ഒരു പടുകൂറ്റൻ കൊട്ടാരമുണ്ടായിരുന്നു. ആ കൊട്ടാരമുറ്റത്ത് മുപ്പതോളം ലക്ഷ്വറി വാഹനങ്ങളുണ്ടായിരുന്നു. ആ പോർച്ചിനകത്തായിരുന്നു അന്ന് ഇന്ത്യയിലെ ഏക ലെക്സസ് കാറും കിടന്നിരുന്നത്. തൊണ്ണൂറുകളുടെ തുടക്കകാലത്ത് ഇന്ത്യൻ ഓഹരിവിപണിയുടെ രാജാവായിരുന്ന, സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ അമിതാഭ് ബച്ചനെന്നും ബിഗ് ബുള്ളെന്നും വിളിക്കപ്പെട്ട, അക്കാലത്ത് മാഗസിനുകളുടെ കവർ പേജുകളിൽ നിരന്തരം പ്രത്യക്ഷപ്പെട്ടിരുന്ന ഒരു ഗുജറാത്തുകാരന്റെതായിരുന്നു ആ കൊട്ടാരം. പേര്. ഹർഷദ് ശാന്തിലാൽ മെഹ്ത.
ഒരു മാസശമ്പളക്കാരനിൽ നിന്ന് കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ അതിസമ്പന്നനായി മാറിയ ഹർഷദ് മെഹ്ത ഇന്ത്യൻ ഓഹരിവിപണിയിൽ നടത്തിയ വെട്ടിപ്പിന്റെ കഥകൾ ഞെട്ടിക്കുന്നതാണ്. പറഞ്ഞു വരുമ്പോൾ മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ഹർഷത് മെഹ്ത എന്ന ഗുജറാത്തുകാരൻ ഇന്ത്യൻ സാമ്പത്തിക മേഖലക്ക് ഏൽപ്പിച്ച മുറിവിന്റെ ആഘാതം അന്നോളമുള്ള ചരിത്രത്തിൽ സമാനതകളില്ലാത്തതായിരുന്നു.
1992 ഏപ്രിൽ 23. ഹർഷദ് മെഹ്ത എന്ന ഓഹരിവിപണിയിലെ സൂത്രശാലിയുടെ പതനം തുടങ്ങുന്നത് ആ വ്യാഴാഴ്ചയായിരുന്നു. അന്നാണ് ടൈംസ് ഓഫ് ഇന്ത്യയിൽ ഒരു റിപ്പോർട്ട് വരുന്നത്. ബിസിനസ് ജേണലിസ്റ്റായ സുചേതാ ദലാൽ ഒരുക്കിയ ആ റിപ്പോർട്ട് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ അടിമുടി പിടിച്ച് കുലുക്കാൻ പോന്ന ഒരു ആറ്റം ബോംബ് ആയിരുന്നു. ഹർഷദ് മെഹ്ത എന്ന ഓഹരിവിപണിയുടെ രാജാവ് നടത്തിയ വൻ തട്ടിപ്പിന്റെ അന്വേഷണ റിപ്പോർട്ട് ആയിരുന്നു അത്. തുടർന്ന് വന്ന നാളുകളിൽ ഇന്ത്യൻ സാമ്പത്തിക രംഗം ആടിയുലഞ്ഞു.
ഹർഷദ് മെഹ്ത എങ്ങനെയാണ് ഓഹരിവിപണിയിൽ തട്ടിപ്പ് നടത്തിയത് എന്ന് ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. മൂല്യം കുറഞ്ഞ് നിൽക്കുന്ന സ്റ്റോക്കുകളിൽ ധാരാളമായി നിക്ഷേപിച്ച് അതിന്റെ ഡിമാൻഡ് വർധിപ്പിക്കുകയാണ് ഹർഷദ് ചെയ്തത് എന്ന് ലളിതമായി പറയാം. ഇങ്ങനെ ഡിമാൻഡ് വർധിക്കുന്നത് അനുസരിച്ച് ഓഹരികളുടെ മൂല്യം വർധിക്കുകയും അങ്ങനെ കുറഞ്ഞ വിലക്ക് വാങ്ങിക്കൂട്ടിയ ഓഹരികൾ അതിന്റെ പതിന്മടങ്ങ് വർധനവിൽ വിറ്റ് ലാഭം കൊയ്യുകയും ചെയ്യും. ഇങ്ങനെയായിരുന്നു ഹർഷദ് മെഹ്തയുടെ ട്രാക്ക്.
ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലെ പനേലി മോട്ടിയിൽ 1954 ജൂലായ് 29 ന് ആയിരുന്നു ഹർഷദ് മെഹ്തയുടെ ജനനം. ഇടത്തരം കുടുംബത്തിൽ ജനിച്ച ഹർഷദിന്റെ അച്ഛനൊരു തുണിക്കട വ്യാപാരിയായിരുന്നു. മുംബൈയിലാണ് ഹർഷത് കോളേജ് വിദ്യാഭ്യാസം നേടുന്നത്. മുംബൈയിലെ ലാലാ ലജ്പത് റായ് കോളേജിൽ നിന്ന് 1976 ൽ ബി കോം പൂർത്തിയാക്കിയ ശേഷം ചെറിയ ചില ജോലികൾ ചെയ്തു. അതിനിടയിൽ മുബൈയിലെ ന്യൂ ഇന്ത്യ അഷ്യൂറൻസ് കമ്പനിയിൽ സെയിൽസ് മാൻ ആയി ജോലി ലഭിച്ചു. അവിടെ നിന്നാണ് സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് അറിയുന്നതും അതിന്റെ ആകർഷണ വലയത്തിൽ വീഴുന്നതും.
പണം കുമിഞ്ഞുകൂടുന്നത് സ്വപ്നം കണ്ട ആ മാസശമ്പളക്കാരൻ സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ച് പഠിക്കാൻ ശ്രമിച്ചു. പക്ഷെ സ്റ്റോക്ക് മാർക്കറ്റിന്റെ സങ്കീർണതകൾ ഹർഷദിനെ കുഴക്കി. അതോടെ അഷ്യൂറൻസ് കമ്പനിയിലെ ജോലി മതിയാക്കി ഹർഷദ് ഒരു ഓഹരി ഇടനില സ്ഥാപനത്തിൽ ജോയിൻ ചെയ്തു. ഓഹരി വിപണനത്തെ കുറിച്ച് ആഴത്തിൽ മനസിലാക്കുകയായിരുന്നു ഈ ജോലി മാറ്റത്തിന്റെ ലക്ഷ്യം.
1980 ന്റെ തുടക്കത്തിൽ ഹർജീവൻദാസ് നെമിദാസ് സെക്യൂരിറ്റീസ് എന്ന ബ്രോക്കറേജ് സ്ഥാപനത്തിൽ ഒരു ക്ലെർക്ക് ആയി ഹർഷദ് ജോലി നോക്കുന്നുണ്ട്. തുടർന്ന് ഒരു പത്തുവർഷത്തോളം വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങളിൽ വിവിധ പൊസിഷനുകളിൽ ഹർഷദ് ജോലി ചെയ്തു. ഇക്കാലത്തെ തന്ത്രപരമായ ഇടപെടലുകൾ ബിസിനസുകാർക്കിടയിലും സ്റ്റോക്ക് മാർക്കറ്റിലെ നിക്ഷേപകർക്കിടയിലും ഹർഷദിനെ പ്രമുഖനാക്കി മാറ്റി.
അന്ന് മുംബൈയിലെ ഹൈ പ്രൊഫൈൽ ആളുകളുമായി അടുത്ത ബന്ധം വളർത്താനും ഹർഷതിന് സാധിച്ചു. ഇതിനിടയിൽ ചെറിയ തോതിൽ മാർക്കറ്റിൽ നിക്ഷേപിക്കുന്നുണ്ടെങ്കിലും അതിലൊന്നും മെഹ്ത തൃപ്തനായിരുന്നില്ല. വലിയ ലാഭങ്ങൾ, കോടികളുടെ ലാഭങ്ങൾ, ആ ത്വരയായിരുന്നു ഹർഷദ് മെഹ്ത്തയെ മുന്നോട്ട് നയിച്ചത്. 1987 ൽ ഗ്രോ മോർ റിസർച്ച് ആൻഡ് അസറ്റ് മാനേജ്‌മെന്റ് എന്ന ഹർഷദിന്റെ സ്വന്തം സ്ഥാപനം നിലവിൽ വന്നു. അങ്ങനെ നിരന്തര പരിശ്രമത്തിന്റെ ഫലമായി 1990 ആകുമ്പോഴേക്കും ഹർഷദ് മെഹ്ത ഇന്ത്യൻ സെക്യൂരിറ്റീസ് മേഖലയിലെ വർണ്ണപ്പൊലിമയുള്ളൊരു പേരായി മാറി.
മാധ്യമങ്ങൾ അയാളെ വാഴ്ത്തിപ്പാടാൻ തുടങ്ങി. പല വിശേഷണങ്ങളും അവർ മെഹ്ത്തക്ക് ചാർത്തിക്കൊടുത്തു. അക്കാലത്ത് ഹർഷദ് മെഹ്തയെ സ്റ്റോക്ക് മാർക്കറ്റിന്റെ അമിതാഭ് ബച്ചനെന്ന് വിശേഷിപ്പിച്ചത് ബിസിനസ്സ് ടുഡേ മാഗസിനായിരുന്നു.
തൊണ്ണൂറുകളുടെ തുടക്കത്തിൽ നിരവധി ആളുകൾ ഹർഷദ് മെഹ്തയുടെ ഫേമിൽ ഇൻവെസ്റ്റ് ചെയ്യുന്നുണ്ട്. ഈ സമയത്താണ് ഹർഷദ് എസിസി സിമന്റ്സിന്റെ ഇടിഞ്ഞുകിടന്ന ഓഹരികൾ ബൾക്ക് ആയി വാങ്ങിക്കൂട്ടിയത്. ആ കണക്ക് ഇങ്ങനെയാണ്. ഹർഷദ് ഓഹരികൾ വാങ്ങിക്കൂട്ടുമ്പോൾ
ഷെയർ വില 200 രൂപയായിരുന്നു. ഹർഷദ് വൻതോതിൽ ഓഹരികൾ വാങ്ങിയതോടെ എസിസിയുടെ ഡിമാൻഡ് വർധിക്കുകയും മൂല്യം ഉയരുകയും ചെയ്തു. അതോടെ 200 ൽ കിടന്ന ഓഹരിമൂല്യം 9,000 കടന്നു. ഒരു ഓഹരിയിൽ നിന്ന് മാത്രം ഹർഷദ് ഉണ്ടാക്കിയ ലാഭം 8,800 രൂപ. സ്റ്റോക്ക് മാർക്കറ്റിന്റെ വിധിയെ തന്നെ മാറ്റി മറിച്ച് വിദഗ്ധരെ പോലും മൂക്കത്ത് വിരൽ വെപ്പിച്ച ഹർഷദ് മെഹ്ത്തക്ക് അന്ന് മാധ്യമങ്ങൾ ഒരു പേരും ചാർത്തിക്കൊടുത്തു. ദി ബിഗ് ബുൾ.
ഇക്കാലത്ത് മിക്ക ബിസിനസ്സ് മാഗസിനുകളിലും കവർ പിക്കായും ഫീച്ചറുകളായും ഹർഷദ് മെഹ്ത നിറഞ്ഞു നിന്നു. വർളിയിലെ കടൽ തീരത്ത് ഹർഷത് കെട്ടിപ്പൊക്കിയത് 15,000 സ്‌ക്വയർ ഫീറ്റിന്റെ ഗംഭീര ബംഗ്ലാവായിരുന്നു. അത്യാർഭാടം നിറഞ്ഞ, വളരെ കളർഫുൾ ആയ അയാളുടെ ജീവിതം ആരെയും ആകർഷിക്കുന്നതായിരുന്നു.
ഒരു തുണിക്കച്ചവടക്കാരന്റെ മകൻ എത്തിപ്പിടിച്ച ഉയരങ്ങൾ ഏതൊരു സാധാരണക്കാരനിലും മതിപ്പുണ്ടാക്കി. ഹർഷദ് വരുന്നിടത്തൊക്കെ വലിയ ആൾക്കൂട്ടങ്ങളുണ്ടായി. ഒരു സിനിമാ താരത്തിന്റെ പ്രഭയോടെയാണ് അയാൾ ആൾക്കൂട്ടങ്ങൾക്കിടയിലൂടെ നടന്നത്. കൂടെ നിന്ന് ഫോട്ടോ എടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും ആളുകൾ മത്സരിച്ചു.
മാധ്യമങ്ങളും ആരാധകവൃന്ദവും കൊട്ടിഘോഷിക്കുമ്പോഴും ഹർഷദിന്റെ പൊടുന്നനെയുള്ള ഈ വളർച്ച ചിലരിലെങ്കിലും സംശയത്തിന്റെ വിത്തുപാകിയിരുന്നു. ഈ ചിലർ എന്ന് പറയുന്നത് ഹർഷദ് പണമുണ്ടാക്കുന്നതിൽ കുശുമ്പ് കുത്തുന്നവരായിരുന്നില്ല. മറിച്ച് സ്റ്റോക്ക് മാർക്കറ്റ് എക്‌സ്‌പേർട്ട്സും നിരീക്ഷകരും ബിസിനസ് ജേണലിസ്റ്റുകളുമായിരുന്നു.
ഹർഷത് ലക്ഷങ്ങൾ കൊയ്യുന്ന ഷെയറുകൾക്ക് ക്രമാനുഗതമായ ഒരു വളർച്ചയല്ലാത്തത് കൊണ്ടുതന്നെ ആ സംശയങ്ങൾക്ക് നല്ല ബലമുണ്ടായിരുന്നു. തനിക്ക് തോന്നിയ സംശയങ്ങളുടെ ചൂട്ട് പിടിച്ച് സുചേതാ ദലാൽ എന്ന ബിസിനസ് ജേണലിസ്റ്റ് നടത്തിയ അന്വേഷണമാണ് സ്റ്റോക്ക് മാർക്കറ്റിനെ പിടിച്ചുകുലുക്കിയ കണ്ടെത്തലുകളിലേക്ക് വഴിവെച്ചത്.
ഹർഷദ് മെഹ്ത എങ്ങനെയാണ് സ്റ്റോക്ക് മാർക്കറ്റിനെ മാനിപുലേറ്റ് ചെയ്തത് എന്നും, ബാങ്കുകളിൽ നിന്ന് ഫ്രോഡ് കാണിച്ച് കോടികൾ ഉണ്ടാക്കിയതെന്നും പുറത്ത് വരുന്നത്, മുമ്പ് പറഞ്ഞപോലെ 1992 ഏപ്രിൽ 23 ന് പുറത്തിറങ്ങിയ സുചേതാ ദലാലിന്റെ റിപ്പോർട്ടിലൂടെയായിരുന്നു. ഇത്രമാത്രം വിശ്വാസ്യത നേടിയെടുത്ത സ്റ്റോക്ക് മാർക്കറ്റ് കിംഗ് എങ്ങനെയാണ് പിടിക്കപ്പെടുന്നത്? എന്തായിരുന്നു അതിന്റെ കാരണം?
സാധാരണ നിക്ഷേപകരെ പോലെ ആയിരുന്നില്ല ഹർഷദ് മെഹ്ത നിക്ഷേപം നടത്തിയിരുന്നത്. ഒരു സ്റ്റോക്കിന്റെ മൂല്യത്തിൽ ഇമ്പാക്റ്റ് ഉണ്ടാക്കുന്ന തരത്തിൽ വലിയ തോതിൽ നിക്ഷേപിക്കുന്ന തന്ത്രമായിരുന്നത് കൊണ്ട് തന്നെ കോടികളാണ് വേണ്ടിവന്നിരുന്നത്. ഇതിനുള്ള പണം കണ്ടെത്താൻ ഹർഷതിന് സുഹൃത്തുക്കളിൽ നിന്നും ഇടനിലക്കാരിൽ നിന്നുമൊക്കെയായി കടം വാങ്ങുകയോ റോൾ ചെയ്യുകയോ ചെയ്യേണ്ടി വന്നിരുന്നു. അങ്ങനെയിരിക്കെയാണ് ഹർഷദിന്റെ ശ്രദ്ധ സർക്കാർ കടപ്പത്രങ്ങളിൽ പതിയുന്നത്.
കടപ്പത്രമിറക്കുന്ന ബാങ്കിൽ നിന്ന് അത് വാങ്ങി മറ്റൊരു ബാങ്കിന് നൽകുന്ന ഇടനിലക്കാരനാകാൻ ഹർഷതിന് എളുപ്പത്തിൽ സാധിച്ചിരുന്നു. നിക്ഷേപകരെ ഒപ്പിച്ചുതരാമെന്ന് പറഞ്ഞ് പണം കൊടുക്കാതെ തന്നെ ഹർഷദ് ബാങ്കുകളിൽ നിന്ന് കടപ്പത്രം വാങ്ങി. തുടർന്ന് നിക്ഷേപിക്കാൻ സന്നദ്ധരായ ബാങ്കിനെ കണ്ടുപിടിച്ച് പണം കൈപ്പറ്റുകയും കടപ്പത്രം തന്ന ബാങ്കിന് ആഴ്ചകൾക്ക് ശേഷം മാത്രം പണം കൈമാറുകയും ചെയ്തു. ഈ ഇടപാടിലൂടെ വലിയ തോതിൽ പണം റോൾ ചെയ്ത് ഓഹരിവിപണിയിൽ നിക്ഷേപിക്കാൻ അയാൾക്ക് കഴിഞ്ഞു. ഇതായിരുന്നു ആദ്യ ഘട്ടം.
രണ്ടാം ഘട്ടത്തിൽ കടപ്പത്രം വാങ്ങിക്കാൻ സന്നദ്ധരായ ബാങ്കുകളിൽ നിന്ന് മുൻകൂറായി പണം വാങ്ങിക്കുകയായിരുന്നു ചെയ്തത്. എന്നാൽ പണത്തോടുള്ള അത്യാർത്തിയിൽ, നിലവിൽ സമ്പാദിക്കുന്നതിനേക്കാൾ വേഗത്തിൽ ഇരട്ടിയായി സമ്പാദിക്കണമെന്ന ത്വര മൂത്ത് എടുത്തുചാടിയ മൂന്നാം ഘട്ടമാണ് ഹർഷദ് മെഹ്തയെന്ന സ്റ്റോക്ക് മാർക്കറ്റ് കിംഗിന്റെ പതനത്തിനു കാരണമാകുന്നത്.
കടപ്പത്രം വാങ്ങിയും വിറ്റും ഒക്കെ പണം റോൾ ചെയ്യുന്നതിലും എളുപ്പം വ്യാജമായി കടപ്പത്രം നിർമ്മിക്കലാണെന്ന് മെഹ്ത്തക്ക് തോന്നി. അങ്ങനെ നിർമ്മിച്ച വ്യാജ കടപ്പത്രങ്ങൾ നൽകി ബാങ്കുകളിൽ നിന്ന് മെഹ്ത കോടികൾ സമ്പാദിച്ചു. പണത്തിന്റെ പളപളപ്പിൽ അയാൾ കൂടുതൽ കൂടുതൽ തിളങ്ങി. മെഹ്തയുടെ സാമ്രാജ്യം വികസിച്ചു. അന്ന് ഹർഷദ് മേഹ്തക്കൊപ്പം വിശ്വസ്തനായി ഉണ്ടായിരുന്നത് സഹോദരൻ അശ്വിൻ മെഹ്തയായിരുന്നു. അങ്ങനെയിരിക്കെയാണ് സുചേതാ ദലാലിന്റെ റിപ്പോർട്ട് വരുന്നതും ഇരുവരും നടത്തിയ തട്ടിപ്പ് പുറത്താകുന്നതും. തട്ടിപ്പിനാൽ കെട്ടിപ്പൊക്കിയതൊക്കെ വിറ്റുപെറുക്കിയെന്നാണ് ചരിത്രം.
സുചേത ആദ്യം ചെയ്തത് എസ്ബിഐയുടെ ചെയർമാനുമായി ഒരു കൂടിക്കാഴ്ച നടത്തി. ആ കൂടിക്കാഴ്ചയിൽ എസ്ബിഐയുടെ ലെഡ്ജർ റെസീപ്റ്റുകൾ മിസ്സിംഗ് ആണെന്നും 770 കോടിയുടെ ഗവണ്മെന്റ് സെക്ക്യൂരിറ്റി ഹർഷദ് മെഹ്തയുടെ അകൗണ്ടിലേക്ക് ട്രാൻസ്ഫർ ആയിട്ടുണ്ട് എന്നും അതിൽ 550 കോടി മാത്രമാണ് മെഹ്ത്തക്ക് ബാങ്കിന് നൽകാൻ കഴിഞ്ഞിട്ടുള്ളൂ എന്നൊക്കെയുള്ള വെളിപ്പെടുത്തലുണ്ടാകുന്നു. ആ വെളിപ്പെടുത്തൽ അതീവ നിർണായകമായിരുന്നു.
ബൾക്ക് ആയി ഓഹരികൾ വാങ്ങിക്കൂട്ടാനുള്ള മൂലധനം ഹർഷദ് മെഹ്ത കണ്ടെത്തിയത് ബാങ്കിൽ വ്യാജമായി നൽകുന്ന എസ്ജിഎൽ റെസീപ്റ്റുകളിലൂടെയും ബാങ്ക് റെസീപ്റ്റുകളിലൂടെയുമാണെന്ന് സുചേത മനസ്സിലാക്കി. പക്ഷെ വെറുതെ ഒരു ആരോപണം കൊണ്ട് കാര്യമില്ലല്ലെന്നും ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിന്റെ തലപ്പത്ത് പ്രതിഷ്ടിക്കപ്പെട്ട മെഹ്തക്കെതിരെ ഒരു ആരോപണം ഉന്നയിക്കുമ്പോൾ കൃത്യമായ വസ്തുതകളും തെളിവുകളും കയ്യിൽ വേണമെന്നും ഇല്ലെങ്കിൽ പണി കിട്ടുമെന്നും സുചേതക്ക് നല്ല ബോധ്യമുണ്ടായിരുന്നു. എസ്ബിഐയുടെ പിആർ വിങ്ങും ആർബിഐയും സഹായിക്കാൻ തയ്യാറായതോടെ തെളിവുകളും ലഭ്യമായി. അങ്ങനെ 1992 ഏപ്രിൽ 23 ന് ഹർഷദ് മെഹ്ത എന്ന വൻമരത്തെ പിടിച്ചുലച്ച് സുചേതയുടെ വിശദമായ റിപ്പോർട്ട് പുറത്ത് വന്നു.
4,000 കോടിയുടെ തട്ടിപ്പാണ് മെഹ്തക്കെതിരെ ആകെ കണ്ടെത്തിയത്. രൂപയുടെ ഇന്നത്തെ മൂല്യം വെച്ച് തുലനം ചെയ്‌താൽ ആ തുക ഏതാണ്ട് 25,000 കോടി കവിയും. ഈ തട്ടിപ്പ് ഒരു റെഫറൻസ് ആയി എടുത്ത് സ്റ്റോക്ക് മാർക്കറ്റിന്റെ നിയമങ്ങളിൽ പോലും സാരമായ മാറ്റമുണ്ടാക്കാനും നിയന്ത്രങ്ങൾ കൊണ്ടുവരാനും ഇടയാക്കിയിരുന്നു. 27 ക്രിമിനൽ കേസുകളാണ് ഹർഷദ് മെഹ്തക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടത്. ഹർഷദും സഹോദരൻ അശ്വിനും അറസ്റ്റ് ചെയ്യപ്പെട്ടു.
9 വർഷത്തോളം വിചാരണത്തടവുകാരനായി കഴിഞ്ഞ മെഹ്ത 2001 ഡിസംബർ മുപ്പത്തൊന്നിന് തടവുകാരനായി തന്നെ മരണപ്പെട്ടു. രാജ്യത്തിന്റെ ബാങ്കിങ് മേഖലയെ പിടിച്ചുകുലുക്കിയ ഈ തട്ടിപ്പ് പുറത്തുകൊണ്ടുവന്ന സുചേതാ ദലാലിനെ പിന്നീട് രാജ്യം പദ്മശ്രീ നൽകി ആദരിച്ചിരുന്നു. ഒരു പക്ഷെ സുചേത ദലാൽ എന്ന ധാർമികതയുള്ള മാദ്ധ്യമപ്രവർത്തകയുടെ ഇച്ഛാശക്തിയോടെയുള്ള ഇടപെടൽ ഉണ്ടായിരുന്നില്ലെങ്കിൽ ഹർഷത് മെഹ്തയുടെ തട്ടിപ്പിന്റെ ആഴവും പരപ്പും പിന്നെയും എത്രയോ മടങ്ങ് വർധിക്കുമായിരുന്നു. ചിലപ്പോൾ തിരിച്ചുകയറാൻ കഴിയാത്ത വിധം ഇന്ത്യൻ സാമ്പത്തിക മേഖല തകർന്നടിയുമായിരുന്നു.
തട്ടിപ്പ് പുറത്ത് വന്നതോടെ തോളത്ത് കയ്യിട്ട് നടന്ന ചങ്ങാതിമാരെല്ലാം ശത്രുക്കളായി മാറുകയും ഹീറോ ആയി നടന്ന ഹർഷദ് മെഹ്ത രാജ്യത്തിന് മുന്നിൽ വില്ലനാവുകയും ചെയ്തു. അന്ന് 600 സിവിൽ ലോ സ്യൂട്ട്സും 76 ക്രിമിനൽ ചാർജസും ഹർഷദ് മെഹ്തക്കെതിരെ ചാർത്തപ്പെടുന്നുണ്ട്. സ്വത്തിന്റെ ഭൂരിഭാഗവും സർക്കാർ കണ്ടുകെട്ടി. 2001 ഡിസംബർ മുപ്പത്തൊന്നിന് തീഹാർ ജയിൽ വാസത്തിനിടയിലെ മരണത്തോടെ ഒട്ടുമിക്ക കേസുകളും അവസാനിച്ചു.
സഹോദരൻ അശ്വിൻ മെഹ്ത 5 വർഷമാണ് ജയിൽവാസം അനുഭവിച്ചത്. ഹർഷദിന്റെ മരണത്തോടെ എൽഎൽബി ബിരുദമുണ്ടായിരുന്ന അശ്വിൻ തന്റെ അമ്പതാം വയസ്സിൽ വക്കീൽ പ്രാക്ടീസ് ആരംഭിച്ചു. തനിക്കും കുടുംബത്തിനുമെതിരെ നിലനിന്നിരുന്ന പല കേസുകളിലും അശ്വിൻ വാദിച്ചു. സ്വത്തും സ്വന്തം സഹോദരനും നഷ്ടമായിട്ടും കുടുംബം തകർന്നിട്ടും അശ്വിൻ ഉലയാതെ പിടിച്ച് നിന്നതിന്റെ കഥ കൂടിയുണ്ട് 1992 ലെ തട്ടിപ്പിന് പിന്നിൽ.
തട്ടിപ്പിനെ കുറിച്ച് 2003 ൽ സുചേത എഴുതി പുറത്തിറങ്ങിയ 'ദി സ്‌കാം: ഹു വൺ, ഹു ലോസ്റ്റ്, ഹു ഗോട്ട് എവേ' അന്നത്തെ ബെസ്റ്റ് സെല്ലർ ആയി മാറിയിരുന്നു. 2020 ൽ ഈ തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ സോണി ലിവിൽ 'സ്‌കാം 1992: ദ ഹർഷദ് മെഹ്ത സ്റ്റോറി' എന്ന വെബ് സീരീസും പുറത്തിറങ്ങിയിരുന്നു. 2021 ൽ അഭിഷേക് ബച്ചൻ നായകനായി 'ദ ബിഗ് ബുൾ' എന്ന ബോളിവുഡ് ചിത്രവും പുറത്തിറങ്ങിയിട്ടുണ്ട്. ഒരു സിനിമാറ്റിക്ക് ജീവിതം നയിച്ച ഹർഷദ് മെഹ്തയുടെ ഉയർച്ചയും താഴ്ചയും പൊടുന്നനെയായിരുന്നു. ഒരാൾ ആകാശം മുട്ടെ വളരുകയും ഒറ്റനിമിഷം കൊണ്ട് പാതാളത്തിലേക്ക് വീഴുകയും ചെയ്ത കഥയാണ് അയാളുടേത്.
കേതൻ പരേഖിനെപ്പോലുള്ളവർ പിന്നീടും സ്റ്റോക്ക് മാർക്കറ്റിൽ മാനിപ്പുലേഷൻ ചെയ്ത് പിടിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ ഹർഷദിനെ പോലെ ആഘോഷിക്കപ്പെട്ട, സ്‌റ്റാർഡമുള്ള ഒരു വില്ലനും ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ ഉണ്ടായിട്ടില്ല. 2021 ലും ബോളിവുഡിന് ഹർഷദ് ഒരു സിനിമാ മെറ്റീരിയലാണെന്ന് തോന്നുന്നത് അതുകൊണ്ടൊക്കെ തന്നെയാണ്.
ജയിൽവാസത്തിനിടക്ക് പുറത്തിറങ്ങുമ്പോഴെല്ലാം തിരിച്ചുവരവിനെ കുറിച്ച് ചിന്തിച്ചിരുന്ന ഹർഷദ് മെഹ്ത എക്കാലത്തേക്കുമുള്ള ഒരു പാഠം കൂടിയാണ് നൽകുന്നത്. പണമുണ്ടാക്കാൻ സ്റ്റോക്ക് മാർക്കറ്റിൽ എന്നല്ല ഒരിടത്തും ഒരു കുറുക്കുവഴിയുമില്ലെന്നും അഥവാ കുറുക്കുവഴികളെടുത്താൽ അതിന്റെ ഒടുക്കം അതിദയനീയമായിരിക്കുമെന്ന പാഠം.