ഫുള്‍ജാര്‍ സോഡ എന്ന വൈറല്‍ ഡ്രിങ്ക്, എന്താണ് ഈ സോഡ? എവിടെക്കിട്ടും? 

ഫുള്‍ജാര്‍ സോഡ എന്ന വൈറല്‍ ഡ്രിങ്ക്, എന്താണ് ഈ സോഡ? എവിടെക്കിട്ടും? 

Published on
Summary

കുലുക്കി സര്‍ബത്ത് എന്ന വന്മരം വീണു ഇനിയാര്, ഫുള്‍ജാര്‍ സോഡ എന്ന തലക്കെട്ടില്‍ മാസ് ഡയലോഗിലാണ് ചിലരൊക്കെ ഫുള്‍ജാര്‍ സോഡയെ അവതരിപ്പിക്കുന്നത്

കുലുക്കി സര്‍ബത്ത് കേരളത്തിലെ വഴിയോരവിപണിയെ ഉണര്‍വിലെത്തിച്ച പാനീയമായിരുന്നു. കുലുക്കി സര്‍ബത്ത് ലഭിക്കുന്നതിന്റെ പേരില്‍ പ്രചാരം നേടിയ സ്ഥലങ്ങളും കടകളും വഴികളും തന്നെ നിരവധി. ഷേക്കിനെയും കുലുക്കി സര്‍ബത്തിനെയും പിന്തള്ളി ഫുള്‍ജാര്‍ സോഡ കേരളത്തില്‍ പുതിയ ട്രെന്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ്. ഈ നോമ്പുകാലത്താണ് നോമ്പുതുറ വിഭവങ്ങളിലൊന്നായി ഫുള്‍ജാര്‍ സോഡയ്ക്ക് സ്വീകാര്യതയുണ്ടായത്.

മലപ്പുറത്ത് നോമ്പ് തുറയ്ക്കായി സജ്ജീകരിച്ച ചെറുകടകളിലാണ് ഫുള്‍ജാര്‍ സോഡ തരംഗം തുടങ്ങിയത്. കുലുക്കി സര്‍ബത്ത് പോലെ ഫുള്‍ ജാര്‍ സോഡയും തയ്യാറാക്കുന്നിലെ സ്‌റ്റൈലും ത്രില്ലും കൊണ്ട് വൈറലായി. ഈ പാനീയം കുടിച്ചവരുടെ പ്രതികരണം കൂടെ സോഷ്യല്‍ മീഡിയയിലും പോസ്റ്റായും കമന്റായും വീഡിയോകളായും സെല്‍ഫിയായും വന്നതോടെ ഒറ്റ രാത്രി കൊണ്ട് പല ജില്ലകളിലേക്കായി ഫുള്‍ജാര്‍ സോഡ വണ്ടി കയറി. ടിക് ടോക്ക് വീഡിയോകളിലും ഫുള്‍ജാര്‍ സോഡയാണ് താരമായിരിക്കുന്നത്.

ഷേക്കിനെയും കുലുക്കി സര്‍ബത്തിനെയും ആദ്യം തരംഗമാക്കിയ കോഴിക്കോടാണ് ഫുള്‍ജാര്‍ സോഡയുടെ പിറവിയെന്നും പറയുന്നുണ്ട്. എന്തായാലും മലപ്പുറത്ത് നിന്നുള്ള നോമ്പ് തുറ വീഡിയോകളില്‍ നിന്നാണ് സംഗതി വൈറലായത്. കുലുക്കി സര്‍ബത്ത് എന്ന വന്മരം വീണു ഇനിയാര്, ഫുള്‍ജാര്‍ സോഡ എന്ന തലക്കെട്ടില്‍ മാസ് ഡയലോഗിലാണ് ചിലരൊക്കെ ഫുള്‍ജാര്‍ സോഡയെ അവതരിപ്പിക്കുന്നത്. ഫുള്‍ ജാര്‍ സോഡ നുരഞ്ഞു പൊന്തുന്ന വീഡിയോയും തയ്യാറാക്കുന്ന വീഡിയോയും കുടിക്കുന്ന വീഡിയോയും വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും ടിക് ടോക്കിലുമായി വൈറല്‍ ആയതോടെ ഇത് എവിടെ കിട്ടുമെന്ന അന്വേഷണമായിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങളില്‍. യൂട്യൂബില്‍ മേയ് അവസാന വാരം വൈറല്‍ ആയതും ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതുമായ വീഡിയോകളില്‍ പത്തിലേറെ ഫുള്‍ജാര്‍ സോഡ തയ്യാറാക്കുന്നതും കുടിക്കുന്നതുമാണ്.

ഫുള്‍ജാര്‍ സോഡ മികച്ചതെന്ന് അഭിപ്രായമുയര്‍ന്ന കടകള്‍ക്ക് മുന്നില്‍ ദീര്‍ഘനേരം കാത്തുനില്‍ക്കുന്ന ആള്‍ക്കൂട്ടത്തിന്റെ വീഡിയോകളും പ്രചരിക്കുന്നുണ്ട്. സംഗതി വൈറലായതോടെ ശീതളപാനീയ കടകളും രാത്രി തട്ടുകളും ഫുള്‍ജാര്‍ പ്രധാന ഐറ്റമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വഴിയോരക്കടകളില്‍ നിന്ന് പ്രധാന ഹോട്ടലുകളിലേക്കും ഫുള്‍ജാര്‍ സോഡ പ്രവേശിച്ചിട്ടുണ്ട്.

ഫുള്‍ജാര്‍ സോഡ തയ്യാറാക്കുന്നത്

നാരങ്ങാനീര്, തേന്‍, പഞ്ചസാര ലായനി, ഉപ്പ്, നറുനീണ്ടി, പുതിയിനയില, ഇഞ്ചി കാന്താരിമുളക്, കസ്‌കസ്് കറുവപ്പട്ട തുടങ്ങിയവ ചേര്‍ത്താണ് തയ്യാറാക്കുന്നത്. ചെറുനാരങ്ങ പിഴിഞ്ഞ ശേഷം ഇഞ്ചിയും പച്ചമുളകും പുതിയിനയിലയും നറുനീണ്ടിയും കറുവപ്പട്ടയും ചതച്ചുചേര്‍ക്കും. ശേഷം കസ്‌കസും ഉപ്പും ഇടും. അതിലേക്ക് പഞ്ചസാര ലായനിയും തേനും ചേര്‍ക്കും. ഈ കൂട്ട് ചെറിയ ഗ്ലാസില്‍ തയ്യാറാക്കിവെയ്ക്കും. തുടര്‍ന്ന് സോഡ നിറച്ച വലിയ ഗ്ലാസിലേക്ക് പ്രത്യേക കൂട്ടിന്റെ ചെറിയ ഗ്ലാസ് ഇറക്കിവെയ്ക്കും. അപ്പോള്‍ സോഡ നുരഞ്ഞുപൊങ്ങും. ഒറ്റയടിക്ക് വലിച്ചുകുടിക്കുമ്പോഴാണ് രുചിയേറുകയെന്നാണ് കുടിക്കുന്നവരുടെ അവകാശവാദം. ഇതാണ് ഫുള്‍ജാര്‍ സോഡയുടെ പ്രത്യേകത.

നോമ്പുകാലമായ്ത് ഫുള്‍ജാര്‍ സോഡയ്ക്ക് പ്രിയമേറാന്‍ ഇടയായി. നോമ്പുതുറയ്ക്ക് ശേഷം ഇതൊരെണ്ണം കുടിയ്ക്കാന്‍ നിരവധി പേരാണ് ശീതളപാനീയ കടകളിലേക്കെത്തുന്നത്. ഫെയ്സ്ബുക്കിലും, യൂട്യൂബിലും ടിക്ടോകിലുമെല്ലാം ഫുല്‍ജാര്‍ സോഡ വൈറലാവുകയാണ്. 15 രൂപ മുതല്‍ 30 രൂപവരെയാണ് ഒന്നിന്റെ വില. എറണാകുളത്ത് ഹൈക്കോടതി ജംഗ്ഷന് സമീപത്ത് സിയാദിന്റെ കടയിലാണ് കൊച്ചിയില്‍ ആദ്യം ഫുള്‍ജാര്‍ സോഡ വന്നതെന്ന് പറയുന്നുണ്ട്. എന്നാല്‍ ഈ ഭാഗത്തുള്ള പല കടകളിലേക്കും ഫുള്‍ജാര്‍ എത്തിയിട്ടുണ്ട്. കൊച്ചിയില്‍ കാക്കനാട് ഐഎംജി ജംഗ്ഷന്‍, ഇടച്ചിറ ചക്കരപ്പന്തല്‍, കലൂര്‍, വൈറ്റില എന്നിവിടങ്ങളില്‍ ഫുള്‍ജാര്‍ സോഡ കിട്ടാനുണ്ട്. കേരളത്തിലെ കൂള്‍ ബാറുകളും ബേക്കറികളും ഫുള്‍ ജാര്‍ സോഡ ഇവിടെ ലഭ്യമാണ് എന്ന പരസ്യവുമായി ഫേസ്ബുക്ക് പേജുകളിലും സജീവമായിട്ടുണ്ട്. ഫുള്‍ജാര്‍ സോഡയ്‌ക്കെതിരെ വിമര്‍ശനവും ഉണ്ട്. ജലദൗര്‍ലഭ്യം ഭയക്കേണ്ട കാലത്ത് പാതിയോളം വെള്ളം പാഴാക്കുന്നുവെന്നാണ് വിമര്‍ശനം.

logo
The Cue
www.thecue.in