ഇലക്ടറൽ ബോണ്ട് : കേന്ദ്ര ഏജൻസികളെ വെച്ച് നടത്തിയ പിരിവോ ?
ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിൻ 1368 കോടിയുടെ ഇലക്ടറൽ ബോണ്ടുകൾ എന്തുകൊണ്ടായിരിക്കും വാങ്ങിയിട്ടുണ്ടാവുക?
ഏറ്റവും കൂടുതൽ ബോണ്ട് വാങ്ങിയ ആദ്യ അഞ്ച് കമ്പനികളിൽ മൂന്ന് എണ്ണവും കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിടുന്ന കമ്പനികൾ ആയത് എന്തുകൊണ്ട്?
കൂടുതൽ പണം നൽകിയ ആദ്യ 30 കമ്പനികളിൽ അന്വേഷണം നേരിടുന്ന 14 കമ്പനികൾ എന്തിനായിരിക്കും ബോണ്ട് വാങ്ങിയത്.?
ഏതൊക്കയാണ് ഏറ്റവും കൂടുതൽ പണം നൽകിയ 10 കമ്പനികൾ?
നമുക്ക് കോവിഡ് വാക്‌സിൻ തന്നെ പൂനെയിലെ സെറം ഇൻസ്റ്റിറ്റിറ്റിയൂട്ട് എന്തിനായിരിക്കും വലിയ തുക ബോണ്ട് ആയി നൽകിയത്?
നമുക്ക് ആ വിവരങ്ങളൊന്നു നോക്കാം ....
തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഇലക്ടറൽ ബോണ്ട് വിവരങ്ങളിൽ പണം നൽകിയ ആദ്യ 30 കമ്പനികളിൽ 14 കമ്പനികളും പല കേസുകളിലും അന്വേഷണം നേരിടുന്ന കമ്പനികളാണ്.പട്ടികയിൽ ഒന്നാമത് ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസ് ലിമിറ്റഡാണ് .1368 കോടി രൂപയുടെ ബോണ്ടുകളാണ് സ്ഥാപനം വാങ്ങിയത്.
പട്ടികയിൽ രണ്ടാം സ്ഥാനത്ത് മേഘ എഞ്ചിനീറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്. 966 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ് ഹൈദരാബാദ് ആസ്ഥനമായി പ്രവർത്തിക്കുന്ന കമ്പനി വാങ്ങികൂട്ടിയത്.അനിൽ അഗർവാളിന്റെ വേദാന്ത പ്രൈവറ്റ് ലിമിറ്റഡാണ് പട്ടികയിൽ പിന്നിലായുള്ളത്.400 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ് വാങ്ങിയത്.
ഇനി ഈ കമ്പനികൾ ബോണ്ട് വാങ്ങിയപ്പോഴുള്ള സാഹചര്യം പരിശോധിച്ചാൽ
സാന്റിയാഗോ മാർട്ടിന്റെ സ്ഥാപനത്തിനെതിരെ 2019 ൽ കള്ളപ്പണം വെളുപ്പിക്കലിന് ഇ.ഡി. അന്വേഷണം ആരംഭിച്ചിരുന്നു. ആ വർഷം ജൂലായിയിൽ കമ്പനിയുടെ 250 കോടിരൂപയുടെ ആസ്തിയും , 2022 ഏപ്രിൽ രണ്ടിന് 409.92 കോടിയുടെ ആസ്തികളും ഇ.ഡി.കണ്ടുകെട്ടി. എന്നാൽ അഞ്ചു ദിവസത്തിന് ശേഷം ഏപ്രിൽ ഏഴിനാണു 100 കോടി രൂപയുടെ തിരഞ്ഞെടുപ്പ് ബോണ്ടുകൾ കമ്പനി വാങ്ങുന്നത് .
രണ്ടാമത്തെ കമ്പനി മേഘ എഞ്ചിനീറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, തെലങ്കാന സർക്കാരിന്റെ ഡാം, തുരങ്ക പദ്ധതികളിൽ പങ്കാളികളാണ്. ഗോദാവരി നദിയിലെ കാലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി, റോഡ്-കെട്ടിട നിർമാണം, ടെലികോം എന്നിങ്ങനെ നിരവധി പദ്ധതികളുടെ ഭാഗമായിട്ടുണ്ട് . കാലേശ്വരം പദ്ധതി വിവാദത്തിൽപ്പെടുകയും അഴിമതി ആരോപണം നേരിടുകയും ചെയ്തതോടെ 2019 ഒക്ടോബറിൽ ആദായ നികുതി വകുപ്പ് കമ്പനിയുടെ ഓഫീസുകളിൽ റെയ്ഡ് നടത്തിയിരുന്നു പിന്നാലെ ഇ.ഡിയുടെ അന്വേഷണവും. ആ വർഷം ഏപ്രിലിൽ കമ്പനി 50 കോടിയുടെ ബോണ്ടുകൾ വാങ്ങിക്കൂട്ടി.പട്ടികയിൽ നാലാം സ്ഥാനത്തുള്ള വേദാന്ത ഗ്രൂപ്പ് ഖനനം, ടെക്‌നോളജി, ഊർജം എന്നീ മേഖല കേന്ദ്രീകരിച്ച പ്രവർത്തിക്കുന്ന കമ്പനി 2018 ൽ ചില ചൈനീസ് പൗരന്മാർക്ക് നിയമവിരുദ്ധമായി വിസ നൽകിയതുമായി ബന്ധപ്പെട്ട് ഇ.ഡി. അന്വേഷണം നേരിട്ടു. പിന്നാലെ വേദാന്ത ഗ്രൂപ്പും ബോണ്ടുകൾ വാങ്ങി.
കേന്ദ്ര സർക്കാറിന്റെ വലിയ വലിയ കരാറുകൾ കിട്ടുന്നതിന്റെ തൊട്ടു മുന്നെയോ ശേഷമോ ആണ് പല കമ്പനികളും ബോണ്ട് വാങ്ങി കൂട്ടിയത് .
പ്രമുഖ ഫാർമ കമ്പനികൾ അടുത്തടുത്ത ദിവസം ബോണ്ടുകൾ വാങ്ങിയാതായും കണക്കുകളിൽ കാണുന്നു .കോവിഡ് വാക്‌സിൻ കമ്പനിയായ പൂനെയിലെ സെറം ഇൻസ്റ്റിറ്റിറ്റിയൂട്ട് 50 കോടി ബോണ്ടായി വാങ്ങിയിട്ടുണ്ട്
ഉത്തരാഖണ്ഡിലെ സിൽക്ക്യാര തുരങ്ക ദുരന്തത്തിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന നിർമ്മാണ കമ്പനിയായ നവയുഗ എൻജിനീയറിങ് കമ്പനി ഇലക്ടറൽ ബോണ്ടിലൂടെ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകിയത് 55 കോടി രൂപയാണ് അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് നവയുഗ എൻജിനീയറിങ് കമ്പനി ചെയർമാൻ സി വി റാവുവിനെ സിബിഐ അന്ന് ചോദ്യം ചെയ്‌തെങ്കിലും പിന്നീട് തെളിവില്ലെന്ന് പറഞ്ഞു വിട്ടയച്ചു.
ഐടി, ഇ ഡി റെയ്ഡുകൾ നേരിട്ട ഡോ റെഡ്ഡീസ്, മൈക്രോ ലാബ്‌സ്, ഹീറോ മോട്ടോകോർപ് എന്നീ കമ്പനികളും ഇലക്ടറൽ ബോണ്ടുകൾ സ്വന്തമാക്കിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്ത് വിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു.
ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയ ആദ്യ പത്തിൽ ഉൾപ്പെട്ട മറ്റു കമ്പനികൾ ഇവയാണ്
ക്വിക് സപ്ലൈ ചെയിൻ: 410 കോടി രൂപ
ഹാൽദിയ എനർജി: 377 കോടി രൂപ
ഭാരതി ഗ്രൂപ്പ്: 247 കോടി രൂപ
എസെൽ മൈനിങ് ആൻഡ് ഇൻഡസ്ട്രീസ്: 224.5 കോടി രൂപ
വെസ്‌റ്റേൺ യുപി പവർ ട്രാൻസ്‌മിഷൻ കമ്പനി: 220 കോടി രൂപ
കെവെന്റർ ഫുഡ്‌പാർക്ക് ഇൻഫ്ര: 195 കോടി രൂപ
മദൻലാൽ ലിമിറ്റഡ്: 185 കോടി രൂപ
2019 ഏപ്രിൽ മുതൽ 2024 ജനുവരി വരെയുള്ള കാലയളവിൽ പുറത്തു വിട്ട വിവരങ്ങളിൽ 47.5% ഇലക്ടൽ ബോണ്ടുകളും സ്വന്തമാക്കിയത് ബിജെപിയാണ് 6060 .51 കോടി രൂപയാണ് ഇലക്ടറൽ ബോണ്ടുകൾ വഴി സ്വീകരിച്ചത്
12 .6% ഇലക്ടൽ ബോണ്ടുകൾ വഴി തൃണമൂൽ കോൺഗ്രസ് 1609.5 കോടി രൂപയും , 11 .14 % ഇലക്ടൽ ബോണ്ടുകൽ സ്വന്തമാക്കി കോൺഗ്രസ് 1421.9 കോടിയും സ്വീകരിച്ചു.
എന്നാൽ മറ്റു പാർട്ടികൾ കോടികൾ ഇലക്ടറൽ ബോണ്ടുകൾ വഴി സ്വീകരിച്ചപ്പോൾ ഒരു രൂപ പോലും സ്വീകരിക്കാൻ തയ്യാറാവാത്ത രാഷ്‌ടീയ പാർട്ടികളും ഈ കൂട്ടത്തിലുണ്ട് സി പി ഐ , സി പി എം , ബി എസ് പി, മേഘാലയിലെ ഭരണകക്ഷിയായ നാഷണൽ പീപ്പിൾസ് പാർട്ടി , മുസ്ലിം ലീഗ് എന്നിവർ.