‘പശുഭീകരത’യെ ഗോസംരക്ഷണമാക്കുന്ന ബിജെപി, പശുരാഷ്ട്രീയം വിധിയെഴുത്തില്‍ പ്രതിഫലിക്കുമോ ?
അസമില്‍ ബീഫ് വിറ്റെന്ന് ആരോപിച്ച് മുസ്ലിം വൃദ്ധനെ ആള്‍ക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് ഏപ്രില്‍ ആദ്യവാരമാണ്. അക്രമികള്‍ തന്നെ വീഡിയോ പ്രചരിപ്പിച്ചതായാണ് പുറത്ത് വന്ന വാര്‍ത്ത. അറുപത്തെയെട്ടുകാരനായ ഷൗക്കത്ത് അലി ആള്‍ക്കൂട്ടാക്രമണത്തിന് ഇരയായത്. ഷൗക്കത്ത് അലിയെ പന്നിയിറച്ചി ബലമായി കഴിപ്പിക്കുകയും ചെയ്തുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതേ സമയം തന്നെയാണ് പശു സംരക്ഷണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് നരേന്ദ്രമോദി യു.പിയില്‍ വോട്ട് തേടിയതും. പശുവിന്റെ പേരില്‍ കൂടുതല്‍ ആക്രമണം നടന്ന യുപിയിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് പശു ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സുപ്രധാന ഘടകമാണെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞത്. ഗോ സംരക്ഷണത്തിനായി തന്റെ സര്‍ക്കാര്‍ കൊണ്ടു വന്ന പദ്ധതികള്‍ എണ്ണിപ്പറയുകയും ചെയ്തു നരേന്ദ്രമോദി.
പശുവും പശുരാഷ്ട്രീയവും രാജ്യം ഭരിക്കുന്നവരുടെ രാഷ്ട്രീയ അജണ്ടയായപ്പോള്‍ ആള്‍ക്കൂട്ടാക്രമണത്തിലൂടെ കൊല്ലപ്പെട്ടത് 46 പേരാണ്. നരേന്ദ്രമോദി അധികാരത്തിലെത്തിയ 2014 ന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊല്ലപ്പെട്ടവരുടെ എണ്ണമാണിത്. ആ കാലയളവില്‍ ഷൗക്കത്ത് അലി ഉള്‍പ്പെടെ 298 പേര്‍ ആക്രമിക്കപ്പെട്ടു. ഗുരുതരമായി പരിക്കേറ്റത് 168 പേര്‍ക്കാണ്.
2014ല്‍ നരേന്ദ്രമോദി അധികാരത്തിലെത്തിയതിന് പിന്നാലെയാണ് ഗോസംരക്ഷണ സമിതികള്‍ ഉത്തരേന്ത്യയില്‍ ശക്തിയാര്‍ജ്ജിച്ചത്. രാഷ്ട്രീയ പിന്തുണയോടെയുള്ള ആള്‍ക്കൂട്ടാക്രമണങ്ങളും വര്‍ധിച്ചു. വ്യക്തമായ അജണ്ടകളോടെ വ്യാജസന്ദേശങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചു. പശുക്കടത്തും പശുക്കൊലയും നടക്കുന്നുവെന്ന ഉള്ളടക്കത്തോടെ നിര്‍മ്മിച്ച വ്യാജസന്ദേശങ്ങള്‍ മിക്കവയും മുസ്ലീങ്ങളെ ആക്രമിക്കാനുള്ള അജണ്ടയായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞിട്ടുണ്ട്.
ആ രാഷ്ട്രീയ അജണ്ടയുടെ തെളിവാണ് ആക്രമിക്കപ്പെട്ടവരിലും കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും മുസ്ലിംങ്ങളാണെന്നത്. മുസ്ലിങ്ങളെ പോലെ ദളിതരെയും ഉന്നമിട്ടായിരുന്നു പശുവിന്റെ പേരിലുള്ള ആക്രമണങ്ങള്‍. എന്നാല്‍ പശുക്കളുടെ ഉടമസ്ഥരുടെ എണ്ണം പരിശോധിച്ചാല്‍ സിക്കുകാര്‍ക്കും ഹിന്ദുക്കള്‍ക്കും പിന്നിലാണ് മുസ്ലിങ്ങളും ക്രിസ്ത്യനികളും.
പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടാക്രമണങ്ങള്‍ കൂടുതലും നടന്നത് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. പിന്നാലെയുള്ളത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍. അസാം, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, കര്‍ണ്ണാടക, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഝാര്‍ഘണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് അക്രമണം നടന്നത്. രാജ്യത്ത് കന്നുകാലി കടത്തും അറവും നിരോധിച്ചതോടെ ഗോസംരക്ഷരുടെ ആക്രമണങ്ങളുടെ എണ്ണവും കൂടി. 2017 ലാണ് ഏറ്റവും കൂടുതല്‍ പേര്‍ ആക്രമിക്കപ്പെട്ടത്. 11 പേരാണ് ആ വര്‍ഷം കൊല്ലപ്പെട്ടത്. എന്നാല്‍ ഈ കൊലപാതകങ്ങളില്‍ അന്വേഷണം കൃത്യമായി നടക്കുന്നില്ലെന്ന് തുടക്കം മുതല്‍ ആരോപണം ഉയരുന്നുണ്ട്.
പശുക്കളെ അറക്കാനായി കടത്തുന്നുവെന്നാരോപിച്ച് ഗോ സംരക്ഷകര്‍ ആക്രമിക്കുമ്പോള്‍ എരിതീയില്‍ എണ്ണയൊഴിക്കുകയായിരുന്നു പല ബി.ജെ.പി നേതാക്കളും.
പശുക്കളെ കടത്തുന്നതും അറക്കാനായി കൊണ്ടു പോവുകയും ചെയ്യുന്നവര്‍ കൊല്ലപ്പെടും എന്ന് രാജസ്ഥാന്‍ അല്‍വാറില്‍ നിന്നുള്ള ബി.ജെ.പി എംഎല്‍എ ഗ്യാന്‍ ദേവ് അഹൂജ ഏറെ വിവാദമായെങ്കിലും കൈയ്യടിച്ച് മറ്റ് നേതാക്കളും ഗോ സംരക്ഷകര്‍ക്ക് പിന്തുണയേകി.
ഇതിനിടെ ഗോ സംരക്ഷണ നിയമങ്ങള്‍ രാജ്യത്ത് കര്‍ശനമാക്കി.2019 ല്‍ കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഗോസംരക്ഷണ കമ്മീഷന്‍ രൂപീകരിച്ചു. ഇതുമാത്രമല്ല, ബജറ്റുകളില്‍ പശുക്കള്‍ക്കായി കൂടുതല്‍ തുക നീക്കിവെക്കാനും തുടങ്ങി.
യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ ബജറ്റുകളില്‍ നീക്കിവെച്ച തുക ഇത്രയാണ്. 2019-2020 ബജറ്റില്‍ 447 കോടി,2018-2019ല്‍ 98.5 കോടി, 2017-2018 ല്‍ 60 കോടി. യോഗി അദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാംസം ഉത്പാദിപ്പിച്ചിരുന്നത്. പശു സംരക്ഷകരുടെ അക്രമണം വര്‍ദ്ധിച്ചതോടെ പരമ്പരാഗത തൊഴില്‍ മേഖലയില്‍ നിന്നും ആളുകള്‍ പിന്‍വലിയുന്നതായും പശുക്കളെ വിറ്റൊഴിക്കുന്നതായും വാര്‍ത്തകളുണ്ടായിരുന്നു.
രാജസ്ഥാനിലെ അല്‍വാറില്‍ പെഹ്ലു ഖാനെ പശുഭീകരര്‍ ആക്രമിച്ച് കൊലപ്പെടുത്തിയതിനെതിരെ ഹിന്ദു കര്‍ഷകര്‍ രംഗത്ത് വന്നത് ബിജെപിയുടെ ഗോസംരക്ഷണ വാദത്തെയും പശുസംരക്ഷകരുടെ ആസൂത്രിത ആക്രമണത്തിനുമേറ്റ തിരിച്ചടിയായിരുന്നു. ഗോ ഗുണ്ടകളാണ് ഗോ രക്ഷരല്ല പെഹലു ഖാനെ കൊലപ്പെടുത്തിയതെന്നായിരുന്നു കര്‍ഷകരുടെ വാദം. രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി പശുഭീകരരെ ന്യായീകരിച്ചതിനെതിരെയും പശുപരിപാലകരായ കര്‍ഷകര്‍ പരസ്യമായി രംഗത്ത് വന്നിരുന്നു.
മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പശു കാര്‍ഡ് കോണ്‍ഗ്രസും പ്രയോഗിച്ചു. പശുക്കള്‍ക്ക് വേണ്ടി ബിജെപി ഒന്നും ചെയ്തില്ലെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രചരണം. ഗ്രാമങ്ങളില്‍ ഗോശാലകള്‍ തുടങ്ങുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ വാഗ്ദാനം. അധികാരത്തിലേറിയ ശേഷം പശു കടത്തിന്റെ പേരില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കേസെടുക്കാന്‍ തുടങ്ങിയതും വിമര്‍ശനത്തിന് ഇടയാക്കി. പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹിമാചല്‍പ്രദേശ് നിയമസഭയില്‍ കോണ്‍ഗ്രസ് പ്രമേയം കൊണ്ടു വന്നപ്പോള്‍ ബിജെപി അനുകൂലിച്ചു.
ഫെബ്രുവരി 18 ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ കേന്ദ്ര സര്‍ക്കാര്‍ പശുവിന്റെ പേരില്‍ ആക്രമണം നടത്തുന്നവരെ സംരക്ഷിക്കുകയാണെന്ന് കുറ്റപ്പെടുത്തുന്നു. 2015 മെയ് മാസത്തിനും 2018 ഡിസംബറിനും ഇടയില്‍ 36 മുസ്ലിങ്ങള്‍ ഉള്‍പ്പെടെ നാല്പത്തിനാല് പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. മുസ്ലിങ്ങളും ദളിതരും ആദിവാസികളുമാണ് പശുവിന്റെ പേരില്‍ അക്രമിക്കപ്പെടുന്നത്. പോലീസ് കുറ്റക്കാരെ സംരക്ഷിക്കുന്നുവെന്നും ബിജെപി നേതൃത്വം അക്രമികളെ ന്യായീകരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ഈ അക്രമങ്ങള്‍ കാര്‍ഷിക മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.