വൈത്തിരിയില്‍ ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് റിസോര്‍ട്ട് നിര്‍മ്മാണം
വയനാട് വൈത്തിരിയില്‍ ഭൂപരിഷ്‌കരണ നിയമപ്രകാരം ഇളവ് നല്‍കിയ പ്ലാന്റേഷന്‍ ഭൂമിയില്‍ റിസോര്‍ട്ട് നിര്‍മ്മിക്കുന്നു. ടൂറിസം പദ്ധതിയും ഇതിന്റെ ഭാഗമായി നടപ്പാക്കുന്നുണ്ട്. കുന്നത്തിടവക ഈഗിള്‍ എസ്റ്റേറ്റിലെ അമ്പത് ഏക്കര്‍ ഭൂമിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തി. പഴയ ബംഗ്ലാവിനെ മോടി പിടിപ്പിച്ച് 12000 ചതുരശ്ര അടിയുള്ള പ്രധാന കെട്ടിടം നിര്‍മ്മിച്ചിട്ടുണ്ട്. കോട്ടേജുകള്‍, തടയണ, കൃത്രിമ തടാകം എന്നിവയും ടൂറിസം പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം തുടങ്ങിയിട്ടുണ്ട്.
കോട്ടേജുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. നിര്‍മ്മാണ സാമഗ്രികള്‍ എത്തിക്കുന്നതിനായി പുതിയ റോഡും നിര്‍മ്മിച്ചിട്ടുണ്ട്. സമീപത്തുള്ള രണ്ട് കുന്നുകള്‍ക്കിടയിലാണ് തടയണ നിര്‍മ്മിച്ചിരിക്കുന്നത്. പ്രകൃതിദത്ത നീരുറവയിലെ വെള്ളം ഇവിടെ തടഞ്ഞു നിര്‍ത്തി കൃത്രിമ തടാകം നിര്‍മ്മിക്കാനാണ് പദ്ധതി. ഇത് ബോട്ടിംഗിങ്ങിന് വേണ്ടിയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. വൈത്തിരി പുഴയിലേക്കുള്ള നീരുറവയിലാണ് തടയണ നിര്‍മ്മിക്കുന്നത്. ഇതിന് സമീപത്തുള്ള ആയിഷ പ്ലാന്റേഷനിലെ രണ്ട് തടയണകള്‍ കഴിഞ്ഞ പ്രളയകാലത്ത് പൊട്ടിയത് താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലാകാന്‍ ഇടയാക്കിയിരുന്നു.
ഭൂപരിഷ്‌കരണ നിയമം നടപ്പാക്കിയപ്പോള്‍ പ്ലാന്റേഷന്‍ ഭൂമികള്‍ക്ക് ഇളവ് അനുവദിച്ചിട്ടുണ്ടായിരുന്നു. അത്തരം ഇളവ് ലഭിച്ച ഭൂമി തരംമാറ്റുന്നത് നിയമലംഘനമാണ്. ഈ ഭൂമിക്കെതിരെ വൈത്തിരി ലാന്റ് ബോര്‍ഡില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. 1976ല്‍ ലാന്റ് ബോര്‍ഡ് ഈഗിള്‍ പ്ലാന്റേഷനെതിരെ കേസെടുത്തിട്ട് ഇളവ് നല്‍കുകയായിരുന്നു. നേരത്തെ എസ്റ്റേന്റ് മുറിച്ച് വില്‍പ്പന നടത്തിയിട്ടുണ്ട്. ഇവയില്‍ ചിലത് മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്.
ഭൂമിയുടെ പഴയ ഉടമകള്‍ക്കെതിരെ കേസ് നിലനില്‍ക്കുമ്പോഴാണ് ഭൂമി കൈമാറിയിരിക്കുന്നത്. കേസ് നിലനില്‍ക്കുമ്പോള്‍ ഭൂമി കൈമാറാന്‍ കഴിയില്ല. പ്ലാന്റേഷന്‍ ഭൂമി തരംമാറ്റുന്നുവെന്ന പരാതി നേരത്തെയും ഉയര്‍ന്നിരുന്നു. ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സബ് കലക്ടര്‍ ഉത്തരവിട്ടിരുന്നു. കൈവശ രേഖ നല്‍കരുതെന്ന് വില്ലേജ് ഓഫീസര്‍മാരോടും പ്ലാന്റേഷന്‍ ഭൂമിയല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ഭൂമി വാങ്ങുന്നവരോടും നിര്‍ദ്ദേശിച്ചിരുന്നു. അത് നിലനില്‍ക്കുകയാണ് പഞ്ചായത്ത് അനുമതി നല്‍കിയിരിക്കുന്നത്.
റവന്യുവകുപ്പിലെ രേഖകളില്‍ കൃത്രിമം നടന്നതായും ആരോപണമുണ്ട്. തോട്ടഭൂമിയെന്നും പുരയിടമെന്നും ഇവയില്‍ പലയിടത്തായി രേഖപ്പെടുത്തിയിട്ടുണ്ട്. പ്ലാന്റേഷന്‍ ഭൂമി മുറിച്ച് വിറ്റ് വാങ്ങിയ കര്‍ഷകരുള്‍പ്പെടെയുള്ള 250 പേര്‍ നികുതിയടക്കാന്‍ കഴിയാതെ പ്രതിസന്ധിയിലാണ്.എന്നാല്‍ റിസോര്‍ട്ട് ഉള്‍പ്പെടെയുള്ളവയുടെ ലാന്റ് ബോര്‍ഡിലെ കേസുകള്‍ വര്‍ഷങ്ങളോളം നടത്തുന്നത് ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമാകുകയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.