ഇഐഎ 2020 എന്ന പേരില്‍ പരിസ്ഥിതി നിയമങ്ങള്‍ പൊളിച്ച് പണിയാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ അഡ്വ. ഹരീഷ് വാസുദേവന്‍. തട്ടിപ്പ് നിയമമെന്ന് മുന്‍ ജഡ്ജിമാര്‍ പോലും പരാമര്‍ശിച്ചിട്ടുള്ള നിയമമാണ് പാര്‍ലമെന്റ് പോലും അറിയാതെ പുറത്തുവരാന്‍ പോകുന്നതെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഹരീഷ് വാസുദേവന്‍ പറയുന്നു.തമിഴ്‌നാട് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ സിനിമാതാരങ്ങളുള്‍പ്പടെ ഇതിനെതിരെ രംഗത്തെത്തിയപ്പോള്‍ മലയാളത്തിലെ താരങ്ങളും എഴുത്തുകാരും പ്രതികരിക്കാത്തതിനെയും അദ്ദേഹം വിമര്‍ശിച്ചു.
'ഇഐഎ 2020 എന്ന പേരില്‍ കഴിഞ്ഞ 25 വര്‍ഷമായി ഇന്ത്യയില്‍ നിലനിന്നിരുന്ന എല്ലാ പരിസ്ഥിതി നിയമങ്ങളും പൊളിച്ച് പണിയാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇനിമുതല്‍ പ്രാദേശിക ഭരണകൂടത്തിന്റെയോ ജനങ്ങളുടെയോ അറിവോ സമ്മതമോ ഇല്ലാതെ തന്നെ പരിസ്ഥിതി ആഘാതമുണ്ടാക്കാന്‍ പോകുന്ന ഏത് പദ്ധതിയും നമ്മുടെ വീടിന്റെയടുത്തോ നാട്ടിലോ സ്ഥാപിക്കാം. പരിസ്ഥിതി പഠനമോ വിദഗ്ധസമിതി വിലയിരുത്തലോ ഇതിന് ആവശ്യമില്ല.
പരിസ്ഥിതി നിയമങ്ങള്‍ ആര് ലംഘിച്ചാലും, അവരില്‍ നിന്ന് ചെറിയ ഒരു തുക മാത്രം ഈടാക്കി നിയമാനുസൃതമാക്കുന്നതാണ് ഈ നിമയം. തട്ടിപ്പ് നിയമമെന്ന് മുന്‍ ജഡ്ജിമാര്‍ പോലും പരാമര്‍ശിച്ചിട്ടുള്ള നിയമമാണ് പാര്‍ലമെന്റ് പോലും അറിയാതെ ഇഐഎ വിജ്ഞാപനം 2020 എന്ന പേരില്‍ പുറത്തുവരാന്‍ പോകുന്നത്.
തമിഴ്‌നാട് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ മുതിര്‍ന്ന സിനിമാതാരങ്ങളും, സാംസ്‌കാരിക പ്രവര്‍ത്തകരും ഉള്‍പ്പടെ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങള്‍ ആളാക്കിയ കേരളത്തിലെ സിനിമാതാരങ്ങള്‍ എവിടെയാണ്? ഈ തലമുറയുടെ കാലത്ത് നടക്കുന്ന ഏറ്റവും വലിയ പരിസ്ഥിതി കൊള്ളയ്‌ക്കെതിരെ നമ്മുടെ നാട്ടിലെ ഏതെങ്കിലും സിനിമാക്കാരോ എഴുത്തുകാരോ പ്രതികരിച്ചിട്ടുണ്ടോ? ഇവരാരെങ്കിലും ഈ സംഭവം അറിഞ്ഞഭാവം നടിച്ചിട്ടുണ്ടോ?
അവശേഷിക്കുന്ന പരിസ്ഥിതി നിലനിര്‍ത്താന്‍ നമ്മുടെ പ്രതികരണം അറിയിക്കാന്‍, ഇഐഎ 2020 എന്ന കരട് വിജ്ഞാപനം പിന്‍വലിക്കണം എന്ന് ആവശ്യപ്പെടാന്‍, പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെടാന്‍ ഇനി ഒരാഴ്ചകൂടി മാത്രമാണ് സമയമുള്ളത്.
തമിഴ്‌നാട്ടിലെ സിനിമാതാരങ്ങളുള്‍പ്പടെ സമൂഹമാധ്യമങ്ങളില്‍ ഇതിനെ സജീവമായി എതിര്‍ക്കുകയാണ്. മലയാളത്തിലെ സിനിമാതാരങ്ങളും, എഴുത്തുകാരും, സാംസ്‌കാരിക പ്രവര്‍ത്തകരും എവിടെ പോയി? നമ്മള്‍ ഈ ചോദ്യം ഉറക്കെ ചോദിക്കണം. ഇവര്‍ക്കൊക്കെ സാമൂഹിക പ്രതിബദ്ധത എത്രത്തോളമുണ്ടെന്ന് പരിശോധിക്കാന്‍ പറ്റിയ അവസരമാണ് ഇത്', ഹരീഷ് വാസുദേവന്‍ പറയുന്നു.