അദാനി കണ്ണുവെച്ച പാറകള്‍; കൊവിഡിനോടൊപ്പം ക്വാറി മാഫിയയോടും പോരാടുകയാണ് ഈ മനുഷ്യര്‍

അദാനി കണ്ണുവെച്ച പാറകള്‍; കൊവിഡിനോടൊപ്പം ക്വാറി മാഫിയയോടും പോരാടുകയാണ് ഈ മനുഷ്യര്‍
Published on

സര്‍ക്കാര്‍ ഭൂമിയില്‍ ക്വാറികള്‍ക്ക് അനുമതി നല്‍കുന്നത് റവന്യുവകുപ്പ് നിര്‍ത്തിവെച്ചെങ്കിലും അദാനി ഗ്രൂപ്പിന് ഇളവുണ്ട്. അദാനിയുമായി കരാറുള്ളതിനാലാണ് ഒഴിവാക്കാനാവാത്തതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. വിഴിഞ്ഞം പദ്ധതിയുടെ പ്രാധാന്യമാണ് ഇതിന് കാരണമായി ഉയര്‍ത്തിക്കാണിക്കുന്നത്. എന്നാല്‍ ജീവനും നിലനില്‍പ്പും അപകടത്തിലാക്കിയുള്ള പാറഖനനം ഒരു തരത്തിലും അനുവദിക്കില്ലെന്ന നിലപാടിലാണ് പത്തനംതിട്ട കലഞ്ഞൂരിലെ നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും. അദാനിക്ക് എന്‍ഒസി ലഭിച്ച കലഞ്ഞൂരിലെ പാറഖനനം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് സമരസമിതി.

Summary

മൂന്ന് സ്ഥലങ്ങളിലായാണ് അദാനി ഖനനത്തിന് അനുമതി തേടിയിരിക്കുന്നത്. കള്ളിപ്പാറയില്‍ രണ്ട് ക്വാറിക്കും രക്ഷസന്‍ പാറയില്‍ ഒന്നിനുമാണ് അനുമതി.

കിലോമീറ്ററുകള്‍ നീളുന്ന പാറകളാണ് ഈ മലകളിലുള്ളത്. ഗ്രീന്‍ ചാനല്‍ വഴിയാണ് അദാനി അപേക്ഷ നല്‍കിയത്. അതുകൊണ്ട് സര്‍ക്കാര്‍ സംരക്ഷണം നല്‍കി പാറപൊട്ടിക്കാനുള്ള സാഹചര്യം ഒരുക്കുമെന്നാണ് സമരസമിതിയുടെ സംശയം. ജനങ്ങള്‍ക്ക് എതിര്‍പ്പുയര്‍ത്തിയിട്ടും പ്രദേശവാസികളെ ആശങ്ക മനസിലാക്കാനും സ്ഥലം സന്ദര്‍ശിക്കാനും പത്തനംതിട്ട ജില്ലാ കളക്ടര്‍ തയ്യാറായില്ലെന്ന് സമരസമിതി ആരോപിക്കുന്നു.

കലഞ്ഞൂരില്‍ ഭൂരഹിതര്‍ക്ക് കൃഷി ചെയ്യാനും വീടുവെച്ച് താമസിക്കാനും മാത്രം അനുവാദമുളള(ആരബന്‍) ഭൂമിയിലാണ് വന്‍ തോതില്‍ പാറഖനനത്തിന് അനുവാദം നല്‍കിയിരിക്കുന്നത്. ഇതിനെതിരെ വര്‍ഷങ്ങളായി നാട്ടുകാര്‍ സമരത്തിലാണ്. 11 ക്വാറികളും രണ്ട് വലിയ ക്രഷറുകളുമാണ് കൂടല്‍ വില്ലേജില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനൊപ്പം അദാനിക്ക് വേണ്ടിയുള്ള ഖനനം കൂടിയാകുമ്പോള്‍ ഗുരുതര പ്രത്യാഘാതം നാട്ടുകാര്‍ നേരിടേണ്ടി വരുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പങ്കുവയ്ക്കുന്നത്. ഈ സാഹചര്യത്തില്‍ അദാനിക്ക് കൂടി ഖനനം നടത്താന്‍ അനുമതി നല്‍കിയ നടപടി റദ്ദാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

എലിക്കോട് മലയുടെ മറുഭാഗം തുരന്ന് കഴിയാറായി. മലയുടെ അടിഭാഗത്ത് താമസിക്കുന്നവര്‍ക്ക് എന്തു സുരക്ഷിതത്വമാണുള്ളത്. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം കോടതിയും സ്റ്റേ തരുന്നില്ല. പ്രത്യക്ഷ സമരവും നിര്‍ത്തിവെച്ചിരിക്കുകയാണെങ്കിലും ക്വാറി തുടങ്ങാനെത്തിയാല്‍ തടയും.

ബിനു മാത്യു, പ്രദേശവാസി

വിഴിഞ്ഞം പദ്ധതിയുടെ മറവില്‍ തുരക്കുന്ന മലകള്‍

വിഴിഞ്ഞം പദ്ധതിക്കായി 3100 മീറ്റര്‍ നീളത്തില്‍ പുലിമുട്ടാണ് നിര്‍മ്മിക്കുന്നത്. ഇതിനായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നിന്നും പാറ നല്‍കാമെന്നാണ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. പാറ കിട്ടുന്നതിന് പ്രയാസമുണ്ടെന്നാണ് പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് തടസ്സമെന്നാണ് അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ വാദം. പാറയുടെ ലഭ്യത ഉറപ്പുവരുത്താനായി സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. പരാതി ഉയര്‍ന്ന ഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനായി പ്രത്യേക യോഗം വിളിച്ചിരുന്നു. പത്തനംതിട്ട കോന്നി താലൂക്കില്‍ രണ്ട് അപേക്ഷകളാണ് അദാനി ഗ്രൂപ്പ് നല്‍കിയത്. കോന്നി മെഡിക്കല്‍ കോളേജ് കാമ്പസില്‍ 2 ലക്ഷം ടണ്‍ പാറക്കല്ലുണ്ടെന്നും അത് വിഴിഞ്ഞം പദ്ധതിക്കായി നല്‍കാമെന്നും ജില്ലാകളക്ടര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അറിയിച്ചിരുന്നു. സര്‍ക്കാര്‍ പദ്ധതിയായതിനാല്‍ കളക്ടര്‍മാര്‍ക്ക് എന്‍ഒസി നല്‍കുന്നതിന് തടസ്സമില്ലെന്ന് റവന്യുവകുപ്പും നിലപാടെടുത്തു.അദാനി ഗ്രൂപ്പിന് പാറ ലഭിക്കുന്നതിന് ക്വാറി ഉടമകള്‍ തടസ്സം നില്‍ക്കുന്നുവെന്നാണ് വാദം. പാറകള്‍ സമയബന്ധിതമായി എത്തുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജില്ലാകളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. വിഴിഞ്ഞം പദ്ധതി സര്‍ക്കാരിന്റെ പ്രധാനപ്പെട്ട പദ്ധതിയാണെന്ന പരിഗണന നല്‍കി അപേക്ഷയില്‍ അനുമതി നല്‍കണം. മൈനിംഗ് അന്‍ഡ് ജിയോളജി വകുപ്പും അപേക്ഷ ലഭിച്ച് ഒരാഴ്ചക്കുള്ളില്‍ പരിശോധന നടത്തി അംഗീകാരം നല്‍കണം. പാരിസ്ഥിതികാനുമതിയും പെട്ടെന്ന് നല്‍കണമെന്നും നിര്‍ദേശിച്ചു.

കൂടല്‍ വില്ലേജിലെ രാക്ഷസന്‍പാറയിലും കള്ളിപ്പാറയിലുമാണ് അദാനി ഗ്രൂപ്പിന് ഖനനത്തിന് അനുമതി ലഭിച്ചിരിക്കുന്നത്. ഇതിന്റെ 40 മീറ്റര്‍ ചൂറ്റളവില്‍ വീടുകളുണ്ടെന്നാണ് സമരസമിതിയംഗം റെജി ടി ചൂണ്ടിക്കാണിക്കുന്നത്.

ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും. അദാനിക്ക് ഖനനത്തിന് കൊടുത്ത സ്ഥലത്തിന്റെ 40 മീറ്റര്‍ ചുറ്റളവില്‍ 20 വീടുകളുണ്ട്. 200 മീറ്ററില്‍ തന്നെ ദേവാലയങ്ങളും ഉണ്ട്. ഞങ്ങള്‍ക്ക് എതിര്‍ക്കാതിരിക്കാന്‍ പറ്റില്ല. ഇത് ജീവന്റെ പ്രശ്‌നമാണ്.

റെജി ടി

ഖനനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പ്രദേശവാസികളുടെ ഭാഗം കേള്‍ക്കാതെയാണ് എന്‍ഒസി കൊടുത്തതെന്നും സമരസമിതി ചൂണ്ടിക്കാണിക്കുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് സാറ്റലൈറ്റ് സര്‍വേ നടത്തിയാണ് അനുമതി നേടിയത്.

തുരന്ന് ഇല്ലാതാകുന്ന കൂടലിലെ മലകള്‍

കിള്ളിപ്പാറയും രാക്ഷസന്‍പാറയുമാണ് കൂടലില്‍ അവശേഷിക്കുന്ന മലകള്‍. 1994ല്‍ നിത്യചൈതന്യ യതിയാണ് ഇവിടെ പാറഖനനത്തിനെതിരെ സമരം ആരംഭിച്ചത്. ജൈവവൈധ്യമുള്ള ഈ പ്രദേശത്തെ ഇല്ലാതാക്കാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചരിത്ര പ്രാധാന്യമുള്ള മലകളാണ് പൊട്ടിച്ച് തീര്‍ക്കുന്നത്. കേരള ചരിത്രവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്.

കുന്നത്തൂര്‍ താലുക്കില്‍പ്പെട്ട കൂടല്‍, കലഞ്ഞാര്‍ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട 2000 ഏക്കര്‍ വനഭൂമി കൃഷി ചെയ്യാനായി കൈമാറുകയായിരുന്നു. കൃഷിക്കും താമസത്തിനും മാത്രമാണ് ഈ ഭൂമിയില്‍ അനുവാദമുള്ളത്. ഈ ഭൂമിയാണ് പാട്ടത്തിനെടുത്ത് ഖനനം നടത്തുന്നത്.പാരിസ്ഥിതികപഠനം പോലും നടത്താതെയാണ് ഈ ക്വാറികള്‍ പ്രവര്‍ത്തിച്ചതെന്ന് വ്യക്തമായതോടെയാണ് നാട്ടുകാര്‍ സമരം ശക്തമാക്കിയത്. വന്യജീവികള്‍ക്കും ക്വാറികളും ക്രഷറുകളും ഭീഷണിയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

വേനല്‍കാലം ആകുന്നതിന് മുമ്പ് തന്നെ കിണറുകളിലെ വെള്ളം വറ്റും. പ്രകൃതി രമണീയമായ ഈ പ്രദേശത്തെ ടൂറിസ്റ്റ് കേന്ദ്രമാക്കാവുന്നതാണ്. അതിലൂടെ വരുമാനം ഉണ്ടാക്കാം. പഞ്ചായത്ത് റോഡുകളിലൂടെ ടിപ്പറുകള്‍ തുടരെ ഓടുകയാണ്. അത്യാസനനിലയിലൂള്ള രോഗികളെ പോലും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പ്രയാസമാണ്.

ബിനു, സമരസമിതി

കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ അനുമതി ലഭിച്ച ക്വാറികളില്‍ നിന്നും വിഴിഞ്ഞം പദ്ധതിക്കാവശ്യമായ പാറകള്‍ ലഭിക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദം. ഖനനം നടക്കുന്ന ക്വാറികളില്‍ നിന്നും പാറ നല്‍കാമെന്ന് പത്തനംതിട്ടയിലെ ക്വാറി ഉടമകള്‍ അദാനി ഗ്രൂപ്പിനെ അറിയിച്ചിരുന്നു. പല വലുപ്പത്തിലുള്ള പാറകളാണ് വേണ്ടതെന്ന് പറഞ്ഞ് അദാനി ഗ്രൂപ്പ് ഇത് നിരസിക്കുകയായിരുന്നു. ഇതെന്തിനാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചോദിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in