വീടുകളിൽക്കൂടി വിജയിക്കേണ്ട ജയ ജയ ജയ ജയ ഹേ

വീടുകളിൽക്കൂടി വിജയിക്കേണ്ട ജയ ജയ ജയ ജയ ഹേ
Published on
Summary

ഗാര്‍ഹികപീഡനത്തിന്റെ ദുരവസ്ഥയുമെല്ലാം ലൗഡ് ഹ്യൂമര്‍ ട്രാക്കിലൂടെയും സറ്റയറിലൂടെയുമാണ് വിപിന്‍ദാസ് അവതരിപ്പിച്ചത്. ജയഹേയുടെ തിയറ്റര്‍ ഇംപാക്ടിനുള്ള കാരണവും ഹ്യൂമര്‍ ട്രാക്കിലുള്ള ഈ തെരഞ്ഞെടുപ്പാണ്.

ജിഗീഷ് കുമാരന്‍ എഴുതിയ റിവ്യൂ

രാജേഷിന്റെയും ജയയുടെയും വിവാഹജീവിതം എന്ന കുഞ്ഞു കഥാതന്തുവാണ് വിപിന്‍ദാസ് സംവിധാനം ചെയ്ത 'ജയ ജയ ജയ ജയ ഹേ' എന്ന സിനിമയുടേത്. ഇടയ്ക്കിടെ മെയ്ല്‍ ഷോവിനിസ്റ്റുകള്‍ പൊട്ടിത്തെറിച്ച് വന്‍ദുരന്തങ്ങള്‍ ഉണ്ടാകുന്ന വാര്‍ത്തകള്‍ നമ്മള്‍ ദിവസേന ടിവിയില്‍ കാണാറുണ്ടല്ലോ. സിനിമയിലെത്തുമ്പോള്‍ ആണഹന്തയുടെ പ്രതിരൂപമാകുന്ന കഥാപാത്രങ്ങള്‍ മധ്യത്തിലോ കഥാന്ത്യത്തിലോ 'സൈക്കോ'കളാകുന്നതാണ് പതിവ്. ജയഹേയിലെ രാജ്ഭവനില്‍ രാജേഷ് ആ പതിവ് വിട്ട് റിയല്‍ ആണ്. ഒരു ഷോവിനിസ്റ്റിന്റെ റിയല്‍ വേര്‍ഷന്‍. വീട്ടിലും നാട്ടിലും സ്‌കൂളിലും സമൂഹത്തിലുമെല്ലാം പെണ്ണിന് വേലിയും വരമ്പും അതിരും വരച്ചിട്ട് 'വളര്‍ത്തി'യെടുക്കുന്ന പൊതുബോധത്തിനുള്ള തൊഴിയാണ് ജയ ഹേ.

Jaya Jaya Jaya Jaya Hey
Jaya Jaya Jaya Jaya Hey

നാടകത്തില്‍ നിന്നു ഭിന്നമായി സിനിമയില്‍ ചിരി ഉത്പാദിപ്പിക്കുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. നടന്റെയോ നടിയുടെയോ കഴിവിനപ്പുറം സംവിധായകന്റെ സമീപനവും ക്യാമറയുടെ വീക്ഷണവുമെല്ലാം ചേര്‍ന്നാണ് ചിരി പടര്‍ത്തുന്നത്. തികച്ചും സങ്കേതബദ്ധമാണ് കാര്യങ്ങള്‍ എന്നതിനാല്‍ നടന്റെ അവാ നടിയുടെ ഭാവം അല്പം പാളിപ്പോയാല്‍ ചിരി കരച്ചിലാകാനും മതി. ചിലപ്പോള്‍ കൂവല്‍ തന്നെ ഉണ്ടായേക്കാം. ചിരി തന്നെ പല തരമുണ്ടല്ലോ. കോമഡിയുടെ ചിരിയല്ല സറ്റയറിന്റെ ചിരി. സറ്റയറിന്റെ ചിരിയല്ല സര്‍റിയലിന്റെ ചിരി. ഇതൊന്നുമല്ല, തീയേറ്ററിലിരുന്ന് സ്വന്തം സത്യം കാണുമ്പോഴുള്ള ചിരി. ജയഹേയില്‍ ഇതെല്ലാമുണ്ട്. ഒപ്പം, തൊട്ടാല്‍ പൊള്ളുന്ന ജീവിതയാഥാര്‍ത്ഥ്യവും. അതിലെ ചിരിയുടെ മൊത്തക്കച്ചവടം ഏറെക്കുറെ ബേസില്‍ ജോസഫ് എന്ന മുഖ്യനടന്‍ ഏറ്റെടുത്തിട്ടുണ്ട്. അസീസും സുധീറും ആനന്ദുമൊക്കെയാണ് കൂട്ടുപ്രതികള്‍. ചിരി ചിരിച്ച് മുന്നേറുമ്പോള്‍ നമ്മളത്രയും കേരളത്തില്‍ ഓരോ ദിവസവും ആവര്‍ത്തിക്കുന്ന സാമൂഹിക ദുരന്തത്തിന് കൂടിയാണ് സാക്ഷ്യം വഹിക്കുന്നതെന്ന് ബോധ്യമാകും.

Jaya Jaya Jaya Jaya Hey
Jaya Jaya Jaya Jaya Hey

കാസ്റ്റിംഗും അഭിനേതാക്കളുടെ പെർഫോമന്‍സും പ്രേക്ഷകരെ കൃത്യമായി എന്റര്‍ടെയിന്‍ ചെയ്യാനും എന്‍ഗേജ് ചെയ്യിക്കാനും സാധിക്കുംവിധം ഇഴചേര്‍ത്തെടുത്ത നര്‍മ്മരംഗങ്ങളുമാണ് ജയഹേയുടെ പ്രധാന സവിശേഷത. രാജേഷ് എന്ന മെയില്‍ഷോവിനിസ്റ്റിന്റെ ഉള്ളിലേക്ക് ബേസില്‍ കയറുന്നത് അനായാസമായാണ്. ശീലം കൊണ്ടും പരിചയം കൊണ്ടും ഏതു പുരുഷന്റെയുള്ളിലും പൊടിമീശയാണെങ്കില്‍ ഇടയ്ക്ക് പിരിക്കാന്‍ വെമ്പുന്നൊരു ആണധികാരി പതുങ്ങിയിരിപ്പുണ്ട്. സിനിമ കണ്ടിരിക്കുന്ന കാഴ്ചക്കാര്‍ക്കുള്ളില്‍ അയാളുണ്ട്. സ്വന്തം പ്രതിബിംബം തിരശ്ശീലയില്‍ കാണുമ്പോള്‍ സ്വാഭാവികമായും സംഭവിക്കുന്ന സ്വയംമറന്നുള്ള ചിരി കൂടിയാണ് ജയഹേയുടേത്.

തുടക്കത്തില്‍ രാജേഷിന്റെ ആണധികാരം കൊമ്പു കുലുക്കി അരങ്ങു തകര്‍ക്കുമ്പോഴാണ് അതിനു കനത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടുള്ള ജയയുടെ പരിണാമം. അനിവാര്യമായ ആ ഭാവമാറ്റം ഉണ്ടാക്കുന്ന പൊട്ടിച്ചിരികളുടെ അലകളിലാണ്

പിന്നീടങ്ങോട്ട് സിനിമയുടെ കണ്ടന്റ് ഇരിക്കുന്നത്. ജയയുടെ ഈ മെയ്‌ക്കോവര്‍ പ്രേക്ഷകരും കാത്തിരിക്കുന്ന മട്ടിലേക്ക് സംവിധായകന്‍ പ്ലേസ് ചെയ്തിട്ടുണ്ട്. പാട്രിയാര്‍ക്കി വിവാഹത്തെയും ദാമ്പത്യജീവിതത്തെയും നിര്‍വചിക്കുന്ന പിന്തിരിപ്പന്‍ രീതികളും

Jaya Jaya Jaya Jaya Hey
Jaya Jaya Jaya Jaya Hey
ദര്‍ശനയുടെ കഥാപാത്രം അച്ഛനെയും അമ്മയെയും ഫോണ്‍ ചെയ്യുന്ന രംഗങ്ങള്‍ റിയാലിറ്റിയോട് അത്രയേറെ അടുത്തു നില്‍ക്കുന്നതുമാണ്. ഈ അന്തരീക്ഷത്തില്‍ ജനിച്ചു വളരുന്ന ഒരു സാധാരണ പെണ്‍കുട്ടി അപകര്‍ഷതയിലും വിഷാദത്തിലും ഭയത്തിലുമാണ് തന്റെ ദിവസങ്ങള്‍ തള്ളിനീക്കുന്നത്.

ഗാര്‍ഹികപീഡനത്തിന്റെ ദുരവസ്ഥയുമെല്ലാം ലൗഡ് ഹ്യൂമര്‍ ട്രാക്കിലൂടെയും സറ്റയറിലൂടെയുമാണ് വിപിന്‍ദാസ് അവതരിപ്പിച്ചത്. ജയഹേയുടെ തിയറ്റര്‍ ഇംപാക്ടിനുള്ള കാരണവും ഹ്യൂമര്‍ ട്രാക്കിലുള്ള ഈ തെരഞ്ഞെടുപ്പാണ്. വിദ്യാഭ്യാസം, തൊഴില്‍, വിവാഹം എന്നിവയില്‍ തുടങ്ങി ജീവിതത്തിലെ ഓരോ ദിവസവും പെണ്‍കുട്ടികളുടെ ചോയ്‌സ് എന്നത് എത്ര മാത്രം വയലന്‍സോടെ അട്ടിമറിക്കപ്പെടുന്നുവെന്ന് ലൗഡ് ഹ്യൂമറിലൂടെ സിനിമ കാണിക്കുന്നുണ്ട്.

ജയയുടെ മേക്ക് ഓവര്‍ ട്രാക്ക് ദര്‍ശന എന്ന ആക്ടറുടെ കൂടി ഗംഭീര പെര്‍ഫോര്‍മന്‍സ് മേക്ക് ഓവറാണ്. ദര്‍ശന എന്ന നടി മികവോടെ ജയയെ ആവിഷ്‌കരിച്ചിട്ടുണ്ട്. ദര്‍ശനയുടെ അഭിനയം ബേസിലിന്റെ തന്മയത്വമാര്‍ന്ന മനോധര്‍മ്മവുമായി ചേര്‍ന്നുവരുമ്പോള്‍ ഉണ്ടാകുന്ന ചിരിയുണ്ടല്ലോ. അത് സാധാരണ ചിരിയുമല്ല, വേറിട്ടൊരു ചിരിയാണ്. തീയേറ്ററില്‍ സിനിമ കാണുന്ന ആണിനെയും പെണ്ണിനെയും അത് ഒരു പോലെ ആനന്ദിപ്പിക്കുന്നു. സിനിമയെന്ന കലയെയും അതിന്റെ സങ്കേതങ്ങളെയും കൃത്യമായി പിന്തുടരുന്ന രണ്ടു പേര്‍ എന്ന നിലയില്‍ ദര്‍ശന-ബേസില്‍ കോമ്പിനേഷന്‍ ഭാവിയില്‍ ഒരു വിജയഫോര്‍മുല തന്നെ ആയിക്കൂടെന്നില്ല. രാജേഷിന്റെ അമ്മയുടെ റോളിലെത്തിയ കനകമ്മയുടെ പ്രകടനം പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. ജയയുടെ അച്ഛനായെത്തിയ ബിജു കലാവേദി, സഹോദരന്‍ ജയനായ ആനന്ദ് മന്മഥന്‍, അസീസ് നെടുമങ്ങാട് എന്നിവരും കാരക്ടര്‍ റോളുകളില്‍ ഗംഭീരമായിരുന്നു.

അവസാനമായി എന്തുകൊണ്ട് വിപിന്‍ദാസ് എന്ന ഫിലിംമേക്കര്‍ ഇപ്പോള്‍ ജയഹേ എടുത്തു എന്ന സംശയമുണ്ടെങ്കില്‍ ഏതെങ്കിലുമൊരു ചാനല്‍ വെറുതേ തുറന്നുനോക്കിയാല്‍ മതി. നിരപരാധികളായ പെണ്‍കുട്ടികള്‍ നിരന്തരം പീഡിപ്പിക്കപ്പെടുന്ന വാര്‍ത്തകള്‍ കൊണ്ട് ഓരോ ദിവസവും അത് നിറഞ്ഞിരിക്കുന്നു. പാട്രിയാര്‍ക്കിയെ ഊട്ടിവളര്‍ത്തുന്ന മാതാപിതാക്കളും ബന്ധുക്കളും സമൂഹവുമെല്ലാം ഈ കുറ്റകൃത്യങ്ങളില്‍ ഏതെല്ലാംവിധം കണ്ണിചേരുന്നുവെന്ന് കൃത്യതയോടെ വിപിന്‍ പറഞ്ഞുപോയിട്ടുണ്ട്. ദര്‍ശനയുടെ കഥാപാത്രം അച്ഛനെയും അമ്മയെയും ഫോണ്‍ ചെയ്യുന്ന രംഗങ്ങള്‍ റിയാലിറ്റിയോട് അത്രയേറെ അടുത്തു നില്‍ക്കുന്നതുമാണ്. ഈ അന്തരീക്ഷത്തില്‍ ജനിച്ചു വളരുന്ന ഒരു സാധാരണ പെണ്‍കുട്ടി അപകര്‍ഷതയിലും വിഷാദത്തിലും ഭയത്തിലുമാണ് തന്റെ ദിവസങ്ങള്‍ തള്ളിനീക്കുന്നത്.

സ്വന്തം ശരീരം കൊണ്ടു തന്നെ സ്വയം പ്രതിരോധം തീര്‍ക്കാന്‍ കഴിയുമെന്ന സിനിമാറ്റിക് സൊല്യൂഷനേക്കാള്‍ വിദ്യാഭ്യാസത്തിലൂടെയും തൊഴിലിലൂടെയും സ്വയംപര്യാപ്തത നേടാനുള്ള പ്രചോദനം തന്നെയാവും ജയഹേയുടെ ടേക്ക് എവേ. ആണിനോടും, ആണഹന്തകളോടും എന്താടോ ഇനിയും നന്നാവാത്തെ എന്ന പരിഹാസവും. സിനിമയുടെ സമീപനം ചിരിയാണെന്നേയുള്ളു. ഈ ചിരിക്ക് പിന്നിലെ യാഥാര്‍ത്ഥ്യം എത്രത്തോളം സമൂഹത്തിലേക്ക് പടരുമോ അത്രത്തോളം നന്ന്.

Related Stories

No stories found.
logo
The Cue
www.thecue.in